ചെപ്പോക്കിൽ തിലക് ഷോ; ഇംഗ്ലണ്ടിനെതിരായ ടി20 ത്രില്ലറിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റ് ജയം
നാല് ഓവർ എറിഞ്ഞ ഇംഗ്ലീഷ് പേസർ ജോഫ്രാ ആർച്ചർ 60 റൺസാണ് വിട്ടുകൊടുത്തത്.

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റ് ജയം. അവസാന ഓവർ വരെ നീണ്ടുനിന്ന ത്രില്ലർ പോരിൽ തിലക് വർമയുടെ (പുറത്താകാതെ 55 പന്തിൽ 72) പ്രകടനമാണ് ജയമൊരുക്കിയത്. ഇംഗ്ലണ്ട് വിജയലക്ഷ്യമായ 166 റൺസ് 19.2 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. ഒൻപതാമനായി ക്രീസിലെത്തിയ രവി ബിഷ്‌ണോയിയും (5 പന്തിൽ 9) മികച്ച പിന്തുണ നൽകി. ജാവി ഓവർട്ടൻ എറിഞ്ഞ അവസാന ഓവറിൽ ആറു റൺസാണ് ഇന്ത്യക്ക് ജയത്തിനായി വേണ്ടിയിരുന്നത്. എന്നാൽ ആദ്യ രണ്ട് പന്തിൽ തന്നെ തിലക് വർമ വിജയതീരത്തെത്തിച്ചു.
അതേസമയം, ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയുടെ തുടക്കം മികച്ചതായില്ല. കൊൽക്കത്തയിൽ തകർത്തടിച്ച അഭിഷേക് ശർമ (12) മാർക്ക് വുഡിന്റെ ഓവറിൽ വിക്കറ്റിന് മുന്നിൽകുരുങ്ങി. തൊട്ടുപിന്നാലെ മലയാളിതാരം സഞ്ജു സാംസണും(5) മടങ്ങിയതോടെ ഒരുവേള ആതിഥേയർ പ്രതിരോധത്തിലായി. എന്നാൽ നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വരവറിയിച്ചു. പവർപ്ലെയിലെ അവസാന ഓവറിൽ സൂര്യയും(12) മടങ്ങിയത് മറ്റൊരു പ്രഹരമായി. എന്നാൽ ഒരുവശത്ത് ചുവടുറപ്പിച്ച തിലക് വർമ സ്‌കോറിങ് ഉയർത്തി. ധ്രുവ് ജുറേലും(4),ഹർദിക് പാണ്ഡ്യയും(7)വേഗത്തിൽ മടങ്ങിയെങ്കിലും വാഷിങ്ടൺ സുന്ദറിനെ കൂട്ടുപിടിച്ച്(19 പന്തിൽ 26) തിലക് മധ്യഓവറുകളിൽ സ്‌കോറിംഗ് ഉയർത്തി. അഞ്ച് സിക്‌സറും നാല് ബൗണ്ടറിയും സഹിതമാണ് തിലവ് 72 റൺസെടുത്തത്. ഇംഗ്ലണ്ട് പേസർ ജോഫ്രാ ആർച്ചറിനെ തെരഞ്ഞുപിടിച്ച് പ്രഹരിച്ച തിലക് സ്പിന്നിനെതിരെ കരുതിയാണ് കളിച്ചത്. 4 ഓവറിൽ 60 റൺസ് വിട്ടുകൊടുത്ത ആർച്ചറിന് ഒരു വിക്കറ്റാണ് നേടാനായത്. നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ സന്ദർശകർ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 165 റൺസെടുത്തത്. ക്യാപ്റ്റൻ ജോസ് ബട്‌ലർ 45 റൺസുമായി ടോപ് സ്‌കോററായി. 30 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്‌സറും ബാറ്റിൽ നിന്ന് പറന്നു. ഇന്ത്യക്കായി വരുൺ ചക്രവർത്തിയും അക്‌സർ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. അർഷ്ദീപ് എറിഞ്ഞ ആദ്യ ഓവറിലെ നാലാംപന്തിൽ ഫിൽസാൾട്ടിനെ(4)നഷ്ടമായി. കൊൽക്കത്തക്ക് പിന്നാലെ ചെന്നെയിലും സാൾട്ടിന് കാര്യമായൊന്നും ചെയ്യാനായാലില്ല. തൊട്ടുപിന്നാലെ ബെൻ ഡക്കറ്റ്(3) കൂടി മടങ്ങിയതോടെ ഇംഗ്ലണ്ട് പവർപ്ലെയിൽ പ്രതിരോധത്തിലായി. വാഷിങ്ടൺ സുന്ദറിന്റെ ഓവറിൽ ധ്രുവ് ജുറേൽ പിടിച്ചാണ് ഇംഗ്ലീഷ് ഓപ്പണർ മടങ്ങിയത്. എന്നാൽ ഈഡൻഗാർഡനിൽ അവസാനിപ്പിച്ചിടത്തുനിന്ന് തുടങ്ങിയ ജോസ് ബട്‌ലർ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. ആദ്യ 6 ഓവറിൽ 58-2 എന്ന നിലയിലായിരുന്നു ത്രീലയൺസ്. എന്നാൽ മികച്ച ഫോമിൽ ബട്‌ലർ ബാറ്റുവീശുമ്പോഴും മറുവശത്ത് വിക്കറ്റുകൾ തുരുതരാവീണു. ഹാരി ബ്രൂക്കും(13), ലിയാം ലിവിങ്‌സ്റ്റണും(13)ജാമി സ്മത്തും(22) നിലയുറപ്പിക്കാനായില്ല. ഒടുവിൽ അക്‌സർ പട്ടേലിനെതിരെ വലിയ ഷോട്ടിന് ശ്രമിച്ച ബട്‌ലറിനെ തിലക് ബൗണ്ടറിലൈനിനരികെ പിടികൂടിയതോടെ സന്ദർശക പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചു. എന്നാൽ എന്നാൽ എട്ടാമനായി ക്രീസിലെത്തിയ ബ്രൈഡൺ കാർസെ(17 പന്തിൽ 31) തകർത്തടിച്ചതോടെ അവസാന ഓവറുകളിൽ റൺസ് ഉയർന്നു. എന്നാൽ കാർസെയെ ധ്രുവ് ജുറേൽ റണ്ണൗട്ടാക്കിയതോടെ സ്‌കോർ 165ൽ ഒതുങ്ങി
Adjust Story Font
16

