Quantcast

ഏഷ്യാകപ്പ് ഫൈനൽ: മുറിവുണക്കാൻ പാകിസ്താൻ, അവസാന ആണിയടിക്കാൻ ഇന്ത്യ

MediaOne Logo

Sports Desk

  • Updated:

    2025-09-28 13:59:15.0

Published:

28 Sept 2025 5:29 PM IST

india-pak
X

ഷ്യാകപ്പ് ആരുടെ പേരിൽ കുറിക്കപ്പെടുമെന്നറിയാൻ ഇനി മണിക്കൂറുകളുടെ ദൂരം മാത്രം. എല്ലാ പ്രവചനങ്ങളേയും ശരി വെച്ചുകൊണ്ട് ഇന്ത്യ ഫൈനലിലുണ്ട്. ആറിൽ ആറും വിജയിച്ച് ഒരും മത്സരം പോലും തോൽക്കാതെയുള്ള തേരോട്ടത്തിന് തിലകക്കുറിയാകാൻ ഒരൊറ്റ വിജയം കൂടി വേണം. കൂടെ പാകിസ്താൻ ക്രിക്കറ്റിന് മേൽ അവസാനത്തെ ആണി അടിക്കാനുള്ള അവസരം. പോയ രണ്ട് ഞായറാഴ്ചകളും പാകിസ്താന് ഇന്ത്യ നൽകിയ സിഗ്നൽ ഞങ്ങളോട് മുട്ടാനുള്ളതൊന്നും നിങ്ങളില്ല എന്നത് തന്നെയാണ്. ബംഗ്ലാദേശോ ലങ്കയോ എന്തിന് ഒമാൻ കാണിച്ച പോരാട്ട വീര്യം നൽകാൻ പോലും പാകിസ്താനായിട്ടില്ല. ഹൈപ്പിനൊത്തുള്ള ഒരു ത്രില്ലിങ്ങും ലഭിക്കാത്ത ഇന്ത്യ പാക് പോരാട്ടങ്ങളാണ് കടന്നുപോയത്.

കോൺഫിഡൻസിന്റെ പറുദീസയിലാണ് ഇന്ത്യ ഫൈനലിന് ഇറങ്ങുന്നത്. പാകിസ്താനുമായുള്ളത് ഒരു ‘വൈരം’ പോലുമല്ല എന്നാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ തുറന്നടിച്ചത്. തീർത്തും ഏകപക്ഷീയമായ മത്സര ഫലങ്ങൾ ചൂണ്ടിക്കാട്ടിയാണ് സൂര്യകുമാറിന്റെ പ്രതികരണം. സൂര്യകുമാറിന്റെ വാചകത്തെ കണക്കുകൾ ശരിവെക്കുകയും ചെയ്യുന്നു. പക്ഷേ ഇത് പാകിസ്താനെ വല്ലാതെ മുറിവേൽപ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ നിമിഷമെത്തുമ്പോൾ കാണാമെന്നാണ് ഷഹീൻ അഫ്രീദി പ്രതികരിച്ചത്. ഒരു പകരം വീട്ടലിന് പാകിസ്താൻ വല്ലാതെ മോഹിക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം. അതിലേറെ അവരുടെ ആരാധകരും. ബംഗളാദേശിനെ തോൽപ്പിച്ച ശേഷം അടുത്തേക്കെത്തിയ ഹാരിസ് റൗഫിനോട് ഒരു പാക് ആരാധകൻ ഓർമിപ്പിക്കുന്നത് ഇന്ത്യയോട് തോൽക്കരുത് എന്നാണ്. ആ രാജ്യത്തിന്റെ മൊത്തം വികാരമാണ് അയാളുടെ മുഖത്തുള്ളത്. ദിവസങ്ങളുടെ ഇടവേളയിൽ മൂന്നാമതൊരിക്കൽ കൂടി ഇന്ത്യയോട് തോൽക്കുക എന്നത് തങ്ങൾ മേലുള്ള അവസാന ആണിയടിക്കലാകുമെന്ന് അവർക്കറിയാം. ഫൈനലിലെ ഒരു വിജയം തങ്ങളെക്കുറിച്ചുള്ള എല്ലാ വിമർശനങ്ങളയും മായ്ച്ചുകളയുമെന്നും അവർ മനസ്സിലാക്കുന്നു.

പക്ഷേ എങ്ങനെയൊക്കെ നോക്കിയാലും ഇന്ത്യയെ തോൽപ്പിക്കുക എന്നത് പാകിസ്താന് ഒരു അതിമോഹം മാത്രമായി അവശേഷിക്കുന്നു. മറ്റൊരു ടീമിനുമില്ലാത്ത ബാറ്റിങ് ലൈനപ്പ് തന്നെയാണ് ഇന്ത്യയുടെ ശക്തി. ക്യാപ്റ്റൻ സൂര്യകുമാറും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ഫോമിലല്ല. എന്നിട്ടും അതൊന്നും ബാധിക്കാത്തതിന് ഒറ്റ കാരണമേയുള്ളൂ. അഭിഷേക് ശർമ. എതിരാളികളുടെ കോൺഫിഡൻസിനെയെല്ലാം തൂക്കിയെടുത്ത് ഗ്യാലറിയിലേക്കുയരുന്ന അഭിഷേക് ഒരു സൂപ്പർ താരത്തിലേക്കുള്ള പ്രയാണത്തിലാണ്. ഇതിനോടകം തന്നെ അഭിഷേക് ടൂർണമെന്റിൽ 300 റൺസ് പിന്നിട്ടു. ഏഷ്യാകപ്പിന്റെ ട്വന്റി 20 ടൂർണമെന്റിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമായും അഭിഷേക് ഇതിനോടകം മാറി. അയാൾ അടിച്ച റൺസിനേക്കാൾ അതടിച്ച രീതികൊണ്ടുകൂടിയാണ് താരമാകുന്നത്. ബൗളിങ് അനുകൂലമെന്ന് വിലയിരുത്തപ്പെടുന്ന യു..എ.ഇ പിച്ചുകളിൽ 206 എന്ന അമ്പരപ്പിക്കുന്ന സ്ട്രൈക്ക് റേറ്റാണ് അയാൾക്കുള്ളത്. കിട്ടുന്ന അവസരങ്ങളിൽ സഞ്ജു സാംസണും തിലക് വർമയും ഫോമിലേക്ക് ഉയരുന്നു. ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ശിവും ദുബെ എന്നീ ബൗൾ കൂടി എറിയാൻ പ്രാപ്തിയുള്ള ഓൾറൗണ്ടർമാർ ടീമിലുള്ളത് ബാറ്റിങ്ങിന്റെ ഡെപ്ത് പിന്നെയും കൂട്ടുന്നു.

വരുൺ ചക്രവർത്തിയും കുൽദീപും അക്സറും ചേരുന്ന സ്പിൻ ബറ്റാലിയനിലും ആശങ്കകൾ ഒട്ടുമില്ല. ബുംറ ബുംറയുടേതായ നിലവാരത്തിലെത്താത്തുയാത്തത് ബൗളിങ്ങിൽ ആശങ്കയായുണ്ട്. പക്ഷേ അയാളുടെ പേര് ബുംറെയന്നാണ്. ഒരൊറ്റ ഓവർ കൊണ്ട് എല്ലാം മാറ്റിമറിക്കാൻ സാധിക്കുന്ന റെയർ ജീനാണത്.

ഈ ഇലവനോട് മുട്ടാൻ പോന്നവരൊന്നും പാകിസ്താനിൽ ഇല്ല എന്നത് തന്നെയാണ് സത്യം. പക്ഷേ ഇന്ത്യയോട് പതറുനനുണ്ടെങ്കിലും ടൂർണമെന്റിൽ ഉടനീളം അവരുടെ ബൗളിങ് പെർഫോമൻസ് മികച്ചതാണ്. നിർണായക മത്സരത്തിൽ വെറും 135 റൺസിന് പാകിസ്താനെ പുറത്തായപ്പോൾ ബംഗ്ലാദേശ് വിജയം കൊതിച്ചതാണ്. പക്ഷേ ഹാരിസ് റൗഫും ഷഹീൻ അഫ്രീദിയും എറിഞ്ഞുതുടങ്ങിയതോടെ ബംഗ്ലാദേശിന് തലകറങ്ങി. അതിന് മുമ്പുള്ള മത്സരത്തിൽ ലങ്കയെ 133 റൺസിന് ചുരുക്കിക്കെട്ടാനുമായി. ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും തന്നെയായിരുന്നു അന്നും സ്റ്റാറായത്. ഗ്രൂപ്പ് ഘട്ടത്തിലും ബൗളർമാരുടെ മിടുക്കിൽ തന്നെയായിരുന്നു അവരുടെ വിജയങ്ങൾ. 146 റൺസിന് പുറത്തായിട്ടും യു.എ.ഇക്കെതിരെ ബൗളർമാർ രക്ഷിച്ചു. ഒമാനെ 67 റൺസിന് പുറത്താക്കാനുമായി. പേസർമാരോടൊപ്പം നിൽക്കാൻപോന്ന മുഹമ്മദ് ഹാരിസും സാലിം അയ്യൂബും അബ്രാറും അടക്കമുള്ള സ്പിന്നർമാരമുണ്ട്. പക്ഷേ ഇന്ത്യക്കെതിരെ മാത്രം അതൊന്നും നടക്കുന്നില്ല. ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിന്റെ ക്വാളിറ്റി തന്നെയാണ് അത് കാണിക്കുന്നത്. പാകിസ്താനില്ലാത്തതും അതാണ്. ഒരു തരത്തിലും ഒരു പൊസിഷനിലും ഇന്ത്യയോട് കോർക്കാൻ പോന്ന ബാറ്റിങ് അവർക്കില്ല. അതുകൊണ്ടുതന്നെ സാധ്യതകളിൽ ഇന്ത്യ ബഹുദൂരം മുന്നിലാണ്.

Talent builds a team, but mentality builds champions എന്ന് പറയാറുണ്ട്. ടൂർണമെന്റിൽ ഉടനീളം ഇന്ത്യ കാണിക്കുന്നത് ഒരു ചാമ്പ്യൻ ടീമിന്റെ മെന്റാലിറ്റിയാണ്. സൂപ്പർ ഫോറിൽ പത്തോവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 100ലേക്ക് കുതിച്ചുകൊണ്ടിരുന്ന പാകിസ്താനെ വെറും 171ൽ ഒതുക്കാനായത് ഉദാഹരണം. ബുംറയെന്ന പ്രീമിയം പേസർ തല്ലുകൊണ്ടിട്ടും ദുബെയെപ്പോലുള്ളവർ ഇന്ത്യക്കായി കാമിയോ നടത്തി. പാത്തും നിസാങ്ക ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച ഇന്നിങ്സ് തന്നെ കളിച്ചിട്ടും ലങ്കയെ വിജയിപ്പിക്കാൻ സാധിക്കാത്തതും ആ മെന്റാലിറ്റി കൊണ്ടാണ്. അതുകൊണ്ടുതന്നെ ഈ ഇന്ത്യയെ തോൽപ്പിക്കണമെങ്കിൽ പാകിസ്താന് കളത്തിനൊപ്പം സ്വന്തം മൈൻഡിനെക്കൂടി ജയിക്കേണ്ടതുണ്ട്.

പക്ഷേ ഈ മെന്റാലിറ്റി ഓവർ കോൺഫിഡൻസാകാതെ നോക്കേണ്ടതുണ്ട്. ഇത് കളി ട്വന്റി 20യാണ്. ഒരോവറോ ഒരു ബാറ്ററുടെ നല്ല ദിവസമോ മാത്രം എല്ലാ പ്രവചനങ്ങളെയും തെറ്റിച്ചേക്കാം. The only thing predictable about Pakistan cricket is their unpredictability എന്ന് പറയാറുണ്ട്. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിലടക്കം നാമത് കണ്ടതാണ്. തോൽവികൾ നൽകുന്ന നീറ്റലുകളും അപമാനവും ഭയന്ന് പല്ലും നഖവും ഉപയോഗിച്ചും ചെറുക്കാനാകും അവരുടെ വരവ്. അതുകൊണ്ടുതന്നെ ഫൈനലിൽ തീപാറുമെന്ന് തന്നെ പ്രതീക്ഷിക്കാം. ആദ്യ ഓവറുകളിൽ പാകിസ്താൻ ബൗളിങ്ങിനെ അതിജീവിക്കാനായൽ പിന്നീട് ഇന്ത്യക്ക് തിരിഞ്ഞുനോക്കേണ്ടിവരില്ല.

TAGS :

Next Story