എങ്ങനെ ദസുൻ ഷണകയുടെ റൺ ഔട്ട് നോട്ട് ഔട്ടായി?

എന്തൊരു മാച്ചായിരുന്നു അത്? എളുപ്പത്തിൽ ജയിക്കാമെന്ന് പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യക്ക് ശ്രീലങ്ക ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയ മത്സരത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചത് സൂപ്പര്‍ ഓവര്‍ ഡ്രാമ തന്നെയാണ്. എന്തുകൊണ്ടാണ് സൂപ്പര്‍ ഓവറിലെ അര്‍ഷ്ദീപിന്റെ നാലാം ബോളില്‍ ദസുന്‍ ഷണകയുടെ റണ്‍ ഔട്ട് ഡിസിഷന്‍ റിവേഴ്‌സ് ചെയ്‌തെന്ന് നോക്കാം.
സൂപ്പര്‍ ഓവറിലെ നാലാം ബോള്‍. ക്രീസില്‍ ദസുന്‍ ഷണക. അര്‍ഷ്ദീപ് എറിഞ്ഞ ഒരു ഷാര്‍പ് യോര്‍ക്കര്‍ ഷണക കണക്ട് ചെയ്യാനായി ശ്രമിക്കവെ കീപ്പര്‍ സഞ്ജു സാംസണ്‍ കൈപ്പിടിയില്‍ ഒതുക്കി. അര്‍ഷ്ദീപിന്റെ അപ്പീലില്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിക്കുന്നു. അതിനിടയിൽ റൺസിനായി ഓടിയ ഷണകയെ സുന്ദരമായ ഒരു അണ്ടര്‍ ആം ത്രോയിലൂടെ സഞ്ജു പുറത്താക്കുന്നു. എല്ലാവരും ഷണക പുറത്തായെന്ന് ഉറപ്പിക്കുകയും ചെയ്തു. എന്നാൽ അതിനിടയിൽ ഷണക ഔട്ട് റിവ്യൂ ചെയ്തു. അതോടെ ടിവി അമ്പയർ സ്നിക്കോ മീറ്റർ പരിശോധിച്ച് ഔട്ടല്ലെന്ന തീരുമാനത്തിലെത്തി.
അതായത് ഇവിടെ ഇന്ത്യക്ക് വിനയായത് അർഷ്ദീപ് ക്യാച്ചിനായി അപ്പീൽ ചെയ്തതാണ്. കൂടാതെ അതെ സമയത്ത് റിവ്യൂ ചെയ്ത ഷണകയുടെ തന്ത്രവും ഫലിച്ചു. ക്രിക്കറ്റിലെ 20.1.1.3 നിയമപ്രകാരം ബാറ്റര്‍ പുറത്തായാല്‍ ആ നിമിഷം മുതല്‍ ബോള്‍ ഡെഡ് ആയതായി കണക്കാക്കും. ഇവിടെ സഞ്ജു ക്യാച്ച് എടുത്തതിനു ശേഷമാണ് അംപയര്‍ ഔട്ട് വിളിക്കുന്നത്. അതിന് ശേഷമാണ് റൺഔട്ട് നടക്കുന്നത്. ഔട്ട് വിളിച്ചതിനു ശേഷം ബോള്‍ ഡെഡായതിനാൽ തന്നെ അസാധുവായാണ് കണക്കാക്കുക. എന്തായാലും അടുത്ത പന്തിൽ തന്നെ ഷണക പുറത്തായി. മത്സരം ഇന്ത്യ വിജയിക്കുകയും ചെയ്തു.
Adjust Story Font
16

