Quantcast

ഐ.പി.എല്‍ കൊടിയിറങ്ങുമ്പോള്‍ ഓര്‍ത്തുവക്കേണ്ട പേരുകള്‍

ഐ.പി.എൽ പതിനാലാം സീസണിനെ അവിസ്മരണീയമാക്കിയ അഞ്ച് താരങ്ങൾ

MediaOne Logo

Sports Desk

  • Updated:

    2021-10-16 07:14:49.0

Published:

16 Oct 2021 7:05 AM GMT

ഐ.പി.എല്‍ കൊടിയിറങ്ങുമ്പോള്‍ ഓര്‍ത്തുവക്കേണ്ട പേരുകള്‍
X

നിരവധി അവിസ്മരണീയ മുഹൂർത്തങ്ങൾ ബാക്കിയാക്കിയാണ് ഐ.പി.എൽ 14ാം സീസൺ കൊടിയിറങ്ങുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റണ്ണിന് തകർത്ത് ധോണിപ്പട ഐ.പി.എല്ലിന്‍റെ കനകക്കിരീടത്തിൽ ഒരിക്കൽ കൂടെ തങ്ങളുടെ സുവർണ്ണ ചുംബനമിട്ടു. ഐ.പി.എല്ലില്‍ ചെന്നൈയുടെ നാലാം കിരീട നേട്ടമാണിത്.

ഐ.പി.എൽ പതിനാലാം സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടി ഋതുരാജ് ഗെയ്ക് വാദ് ഓറഞ്ച് ക്യാപ്പ് അണിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ വിക്കറ്റുകളുമായി ഹർഷൽ പട്ടേലാണ് പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയത്. ഈ സീസണിലെ മികച്ച യുവതാരത്തിനുള്ള എമർജിങ് പ്ലെയർ അവാർഡും ഋതു രാജ് ഗെയ്ക് വാദിന് തന്നെയാണ്. പുതു മുഖങ്ങളടക്കം നിരവധി താരങ്ങളുടെ മികച്ച പ്രകടനങ്ങൾ കണ്ട സീസണായിരുന്നു ഇത്.

ഐ.പി.എൽ പതിനാലാം സീസണിനെ അവിസ്മരണീയമാക്കിയ അഞ്ച് പ്രധാന താരങ്ങൾ ഇവരാണ്

1. ഋതുരാജ് ഗെയ്ക് വാദ്

ചെന്നൈ സൂപ്പർ കിങ്‌സിന്‍റെ കിരീട നേട്ടത്തിൽ സുപ്രധാന പങ്ക് വഹിച്ച താരമാണ് ഋതുരാജ് ഗെയ്ക് വാദ്. ഐ.പി.എൽ 14ാം സീസണിൽ ഒരിന്ത്യൻ താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനമാണ് ഗെയ്ക് വാദിന്‍റേത്. 635 റൺസുമായി ഈ സീസണിൽ മികച്ച റൺസ് സ്‌കോററർക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ ഗെയ്ക് വാദ് മികച്ച യുവതാരത്തിനുള്ള എമെർജിങ്ങ് പ്ലെയർ അവാർഡും സ്വന്തമാക്കി. ഒരു സെഞ്ച്വറിയും നാല് അർധ സെഞ്ച്വറിയുമടക്കമാണ് ഋതുരാജ് 635 റൺസെടുത്തത്. ഓറഞ്ച് ക്യാപ്പ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടെയാണ് ഋതുരാജ്.

2.ഹർഷൽ പട്ടേൽ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പ്ലേ ഓഫിൽ തോറ്റ് പുറത്തായെങ്കിലും ഹർഷൽ പട്ടേൽ എന്ന ഇന്ത്യൻ യുവതാരത്തിന്‍റെ പർപ്പിൾ ക്യാപ്പിന് ഒരിളക്കവും തട്ടിയില്ല. 15 മത്സരങ്ങളിൽ നിന്ന് ഹർഷൽ 32 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഐ.പി.എൽ പതിനാലാം സീസണിൽ ഒരിന്ത്യൻ താരത്തിന്‍റെ ഏറ്റവും മികച്ച ബൗളിങ്ങ് പ്രകടനമാണിത്. ഡെത്ത് ഓവറുകളിൽ ഹർഷൽ പട്ടേൽ നടത്തിയ മികച്ച പ്രകടനങ്ങളാണ് ബാഗ്ലൂരിനെ പ്ലേ ഓഫിലെത്തിച്ചത്. മുംബൈക്കെതിരായ ഹാട്രിക്ക് നേട്ടമടക്കം ഹർഷൽ ഈ സീസൺ അവിസമരണീയമാക്കി

3.ക.എൽ രാഹുൽ

അടുത്ത വർഷം പഞ്ചാബ് വിടുമെന്ന സൂചനകൾ നൽകിക്കഴിഞ്ഞ കെ.എൽ രാഹുലിന്‍റെ ഏറ്റവും മികച്ച പ്രകടനങ്ങൾ കണ്ട സീസണായിരുന്നു ഇത്. ടൂർണമെന്റിന്റെ തുടക്കം മുതൽ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ രാഹുലുണ്ടായിരുന്നു. ആറ് അർധസെഞ്ച്വറികളടക്കം 626 റൺസാണ് രാഹുൽ അടിച്ച് കൂട്ടിയത്. ഐ.പി.എൽ 14ാം സീസണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരവും രാഹുലാണ്

4.വരുൺ ചക്രവർത്തി

ഐ.പി.എൽ 14ാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഫൈനൽ വരെയെത്തിക്കുന്നതില്‍ വരുൺ ചക്രവർത്തിയെന്ന ഇന്ത്യൻ യുവതാരത്തിന്‍റെ സ്പിൻ മാന്ത്രികതക്ക് വലിയ പങ്കുണ്ട്. 17 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകൾ പിഴുത വരുൺ റൺസ് വിട്ട് നൽകുന്നതിലും ഏറെ പിശുക്ക് കാട്ടി.

5.ഗ്ലെൻ മാക്‌സ്‌വെൽ

ഐ.പി.എൽ 14ാം സീസണിൽ ഒരു വിദേശ താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനമാണ് മാക്‌സ് വെല്ലിന്‍റേത്. കഴിഞ്ഞ സീസണിലടക്കം നിറം മങ്ങിപ്പോയ മാക്‌സ് വെല്ലിന്‍റെ മടങ്ങി വരവ് കണ്ട ടൂർണമെന്‍റായി ഐ.പി.എൽ 2021 മാറി. ഗ്ലെൻ മാക്‌സ് വെൽ നടത്തിയ വെടിക്കെട്ടു പ്രകടനങ്ങൾ ബാംഗ്ലൂരിന്‍റെ പ്ലേ ഓഫ് പ്രവേശത്തിൽ വലിയ പങ്ക് വഹിച്ചു. 513 റൺസാണ് മാക്‌സ് വെൽ ഈ സീസണിൽ അടിച്ച് കൂട്ടിയത്.

TAGS :

Next Story