Quantcast

ചരിത്രമെഴുതാന്‍ സഞ്ജു... ഐ.പി.എല്‍ കലാശപ്പോര് ഇന്ന്, ഗുജറാത്തും രാജസ്ഥാനും നേര്‍ക്കുനേര്‍

2008ലെ പ്രഥമ ഐ.പി.എല്ലിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനൽ കളിക്കുന്നതെങ്കിൽ കന്നി സീസണിൽ തന്നെ ഫൈനലിലെത്തിയ ടീമാണ് ഗുജറാത്ത്.

MediaOne Logo

Web Desk

  • Published:

    29 May 2022 1:27 AM GMT

ചരിത്രമെഴുതാന്‍ സഞ്ജു... ഐ.പി.എല്‍ കലാശപ്പോര് ഇന്ന്, ഗുജറാത്തും രാജസ്ഥാനും നേര്‍ക്കുനേര്‍
X

ഐ.പി.എല്ലിൽ ഇന്ന് കലാശപ്പോര്. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് ഗുജറാത്ത് ടൈറ്റൻസാണ് എതിരാളികൾ. 2008ലെ പ്രഥമ ഐ.പി.എല്ലിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനൽ കളിക്കുന്നതെങ്കിൽ കന്നി സീസണിൽ തന്നെ ഫൈനലിലെത്തിയ ടീമാണ് ഗുജറാത്ത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം.

സീസണിൽ 15 മത്സരങ്ങളിൽ 11 ഉം ജയിച്ചാണ് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിലെത്തിയത്. രാജസ്ഥാൻ റോയൽസ് രണ്ടാം ക്വാളിഫയർ അടക്കം 16 മത്സരങ്ങൾ കളിച്ചപ്പോൾ 10 ജയം നേടി.. ഇരു ടീമുകളും മുഖാമുഖം വന്ന രണ്ട് മത്സരങ്ങളിലും ജയം ഗുജറാത്തിനായിരുന്നു. വ്യക്തിഗത താരതമ്യത്തിൽ ഗുജറാത്തിനേക്കാൾ ഒരുപടി മുന്നിലാണ് രാജസ്ഥാൻ. എന്നാൽ ടീം ഗെയിം എന്ന നിലയിൽ ഗുജറാത്തിന് മുൻതൂക്കമുണ്ട്.

വ്യത്യസ്ത ശൈലികളുള്ള നായകൻമാരുടെ പോരാട്ടം കൂടിയാണ് ഫൈനൽ. ഹാർദിക് പാണ്ഡ്യയെന്നാൽ ആക്രമണോത്സുകതയാണെങ്കിൽ സമചിത്തതയാണ് സഞ്ജുവിന്റെ മുഖമുദ്ര.. സീസണിൽ നാല് സെഞ്ച്വറിയുമായി ഓറഞ്ച് ക്യാപ് അണിയുന്ന ജോസ് ബട്‍ലറിൽ നിന്ന് മറ്റൊരു ഇന്നിങ്സ് കൂടി രാജസ്ഥാൻ പ്രതീക്ഷിക്കുന്നു. ഓപ്പണിങ്ങിൽ യശ്വസി ജൈസ്വാളും മധ്യനിരയിൽ സഞ്ജുവും പടിക്കലും ഹെറ്റ്മെയറും ഫോമിലാണ്. ചഹൽ-അശ്വിൻ സ്പിൻ ജോഡികളും ബോൾട്ട്, പ്രസിദ്ധ്, മക്കോയ് പേസ് ത്രയവും മികവ് തെളിയിച്ചവർ.. കലാശപ്പോരിനിറങ്ങുന്ന രാജസ്ഥാന് ആത്മവിശ്വാസത്തിന് കുറവുണ്ടാകില്ല. സാഹ-ഗിൽ ഓപ്പണിങും പിന്നാലെയെത്തുന്ന ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യയുമാണ് ഗുജറാത്തിന്‍റെ കരുത്ത്.. ഇവർക്ക് പിഴച്ചാൽ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ കഴിവുള്ള മില്ലറുണ്ട്. ഷമിയും റാഷിദും പുലർത്തുന്ന സ്ഥിരതയും മുതൽക്കൂട്ടാകും. രണ്ട് ശൈലികളിൽ മുന്നേറുന്ന ടീമുകൾ കിരീടപ്പോരിന് ഇറങ്ങുമ്പോൾ പ്രവചനം അസാധ്യമെന്നാണ് വിലയിരുത്തല്‍.

TAGS :

Next Story