Quantcast

നാട്ടിലേക്ക് മടങ്ങാൻ ബട്‌ലർ മുതൽ റിക്കൽട്ടൻ വരെ; പ്ലേ ഓഫിൽ പണികിട്ടി ഫ്രാഞ്ചൈസികൾ

റിക്കിൽട്ടന് പുറമെ മുംബൈ ഇന്ത്യൻസ് താരങ്ങളായ വിൽ ജാക്‌സും കോർബിൻ ബോഷും പ്ലേ ഓഫ് മത്സരങ്ങൾക്കുണ്ടാവില്ല

MediaOne Logo

Sports Desk

  • Published:

    28 May 2025 6:29 PM IST

From Butler to Rickelton to return home; Franchises get busy in the playoffs
X

ഒടുവിൽ ഐപിഎൽ പ്ലേഓഫ് ചിത്രം തെളിഞ്ഞു. ഇനി കിരീടത്തിലേക്ക് നാല് മത്സരങ്ങളുടെ ദൂരം. 2014ന് ശേഷം ടോപ് ഫോറിലേക്ക് മുന്നേറിയ പഞ്ചാബ് കിങ്‌സിന് ക്വാളിഫർ ഒന്നിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് എതിരാളികൾ. എലിമിനേറ്റർ പോരാട്ടത്തിൽ മുൻ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ. മൈതാനങ്ങൾക്ക് ചൂടുപിടിക്കുന്ന നോക്കൗട്ട് മത്സരങ്ങൾക്ക് അരങ്ങുണരാനാരിക്കെ പ്രധാന താരങ്ങളുടെ അസാന്നിധ്യമാണ് ഫ്രാഞ്ചൈസികളെ അലട്ടുന്നത്. പുതിയ സാഹചര്യങ്ങളിൽ ഓരോ ടീമുകളുടേയും സാധ്യതകൾ പരിശോധിക്കാം.



പഞ്ചാബ് കിങ്‌സ്. ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയിൽ ഐപിഎൽ 18ാം എഡിഷനിൽ വിസ്മയകുതിപ്പാണ് പഞ്ചാബ് നടത്തിയത്. മുൻ സീസണിൽ നിന്ന് വ്യത്യസ്തമായി ബാറ്റിങ്-ബോളിങ് കോമ്പിനേഷൻ ഒരുപോലെ വർക്കായതോടെ ആദ്യവസാനം മികച്ച ഫോമിലാണ് പഞ്ചാബ് മുന്നേറിയത്. 14 മാച്ചിൽ 9 ജയമടക്കം 19 പോയന്റുമായി ഫിനിഷ് ചെയ്തത് ഒന്നാംസ്ഥാനത്ത്. ക്യാപ്റ്റൻ മുന്നിൽ നിന്ന് നയിക്കുന്ന പഞ്ചാബ് ഓരോ മത്സരങ്ങളിലും അടങ്ങാത്ത പോരാട്ടവീര്യമാണ് പുറത്തെടപത്തത്. ഏറ്റവുമൊടുവിൽ മുംബൈ ഇന്ത്യൻസിനെതിരെയും ആരാധകർ അതു കണ്ടു. അഞ്ച് അർധ സെഞ്ച്വറിയുമായി ഈ സീസണിൽ ഇതുവരെ 514 റൺസുമായി ബാറ്റിങിൽ ടീമിന്റെ കുന്തമുന ക്യാപ്റ്റൻ അയ്യർ തന്നെ. ഓപ്പണർമാരായ പ്രഭ്‌സിമ്രാൻ സിങും പ്രിയാൻഷ് ആര്യയും മികച്ച ഫോമിൽ. ഇതോടൊപ്പം ഓസീസ് താരം ജോഷ് ഇംഗ്ലിസ്, ശശാങ്ക് സിങ്, നേഹൽ വധേര, മാർക്കസ് സ്റ്റോയിനിസ് കൂടി ചേരുന്നതോടെ പ്ലേ ഓഫിലും ബാറ്റിങ് വിസ്‌ഫോടനങ്ങൾ പിറക്കുമെന്നുറപ്പ്. അർഷ്ദീപ് സിങ് നേതൃത്വം നൽകുന്ന ബൗളിങ് യൂണിറ്റും കരുത്തോടെയുണ്ട്. ഇതുവരെ 18 വിക്കറ്റവുമായി അർഷ്ദീപ് വിക്കറ്റ് വേട്ടയിൽ മുന്നിലുണ്ട്. അതേസമയം സീസണിൽ ഇതുവരെ ടീമിനായി ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത മാർക്കോ യാൻസന്റെ അഭാവം പ്ലേഓഫിൽ ടീമിന് കനത്ത തിരിച്ചടിയാവും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനൊരുങ്ങുന്നതിനായാണ് ദക്ഷിണാഫ്രിക്കൻ താരം നാട്ടിലേക്ക് മടങ്ങിയത്. ന്യൂസിലൻഡ് പേസർ കെയിൽ ജാമിസനായിരിക്കും ആ റോൾ കൈകാര്യം ചെയ്യുക. ഡഗൗട്ടിൽ റിക്കി പോണ്ടിങ് എന്ന പരിശീലകന്റെ ചാണക്യതന്ത്രം കൂടി ചേരുന്നതോടെ ആദ്യ കിരീടം എന്ന പഞ്ചാബിൻറെ സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. 2016ന് ശേഷം ആദ്യമായി ടോപ് 2 വിൽ ഫിനിഷ് ചെയ്താണ് ആർസിബിയുടെ വരവ്. ഈ സീസണിൽ ഈഡൻ ഗാർഡനിലും ചെപ്പോക്കിലും വാംഖഡെയിലും ചെന്ന് എതിരാളികളെ തറപറ്റിച്ച വിരാട് കോഹ്ലിയും സംഘവും 18ാം സീസണിൽ രണ്ടുംകൽപ്പിച്ചാണ്. 14 മാച്ചിൽ ഒൻപത് ജയമടക്കം 19 പോയന്റുമായി ടേബിളിൽ ഫിനിഷ് ചെയ്തത് പോയിൻറ് ടേബിളിൽ രണ്ടാമത്. പതിവുപോലെ ബാറ്റിങിന്റെ ബാറ്റണേന്തുന്നത് വിരാട് കോഹ്ലി. എട്ട് അർധ സെഞ്ച്വറിയടക്കം ഇതുവരെ കോഹ്ലിയുടെ ബാറ്റിൽ നിന്ന് പിറന്നത് 602 റൺസ്. നിർണായക മത്സരങ്ങളിൽ ചേസ് മാസ്റ്ററായും അയാൾ ടീമിനായി അവതരിച്ചു. ഇംഗ്ലീഷ് ഓപ്പണർ ഫിൽ സാൾട്ടും വിസ്‌ഫോടന ബാറ്റിങുമായി കളംനിറയുന്നു. ദേവ്ദത്ത് പടിക്കലിന് പകരക്കാരനായെത്തിയ മായങ്ക് അഗർവാൾ ലഖ്‌നൗവിനെതിരായ മാച്ചിൽ മികച്ച ഇൻഡന്റ് പുറത്തെടുത്തതും ആശ്വാസമാകുന്നു. എന്നാൽ പരിക്ക്മാറിയെത്തിയ നായകൻ രജത് പടിദാർ പതിവ് ഫോമിലേക്കുയരാത്തത് ആശങ്കയായി തുടരുന്നുണ്ട്. ഇതോടൊപ്പം ടീം ഡേവിഡിന്റെ പരിക്കും ടീമിനെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ്.



ഫിനിഷറുടെ റോളിൽ ഈ സീസണിൽ ആർസിബിയുടെ വിശ്വസ്തനായിരുന്നു ഓസീസ് താരം. 185.14 പ്രഹരശേഷിയിലാണ് ഡേവിഡ് ഇതുവരെ ബാറ്റുവീശിയത്. നിർണായക പ്ലേഓഫ് മത്സരത്തിൽ ഡേവിഡ് പരിക്ക്മാറി മടങ്ങിയെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ലഖ്‌നൗവിനെതിരായ അവസാന മാച്ചിൽ ജിതേഷ് ശർമയാണ് ടീമിനെ നയിച്ചത്. 85 റൺസുമായി ടീം വിജയത്തിൽ നിർണായക പ്രകടനവും ഈ വിക്കറ്റ് കീപ്പർ ബാറ്റർ പുറത്തെടുത്തു. സീസൺ ക്ലൈമാക്‌സിനോടടുക്കവെ ജിതേഷിന്റെ ഫോം മധ്യനിരയിൽ ടീമിന് കരുത്താകും. ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റണിന്റെ മോശം ഫോം ടീമിന് ഭീഷണിയാണ്. ടിം ഡേവിഡ് മടങ്ങിയെത്തിയാൽ ലിവിങ്സ്റ്റണെ പുറത്തിരുത്താനുള്ള സാധ്യത കാണുന്നുണ്ട് ആരാധകർ.



അവസാന മത്സരങ്ങളിൽ ആർസിബി ബൗളർമാർ റൺസ് വിട്ടു കൊടുക്കുന്നതിൽ പിശുക്കൊന്നും കാട്ടിയിരുന്നില്ല. എന്നാൽ ഓസീസ് പ്രീമിയം പേസർ ജോസ് ഹേസൽവുഡിന്റെ മടങ്ങിവരവോടെ ബൗളിങ് ഡിപാർട്ട്‌മെന്റ് സ്‌ട്രോങാകും. റൊമേരിയോ ഷെഫേർഡ്, ക്രുണാൽ പാണ്ഡ്യ തുടങ്ങി ബാറ്റിങിലും ബൗളിങിലും ഒരുപോലെ സംഭാവന നൽകാൻകെൽപുള്ള താരങ്ങളുടെ സാന്നിധ്യവും റോയൽ ചലഞ്ചേഴ്‌സിന് കരുത്താകുന്നുണ്ട്. ഇതോടൊപ്പം ക്യാപ്റ്റൻ രജത് പടിദാർ കൂടി കരുത്തോടെ മടങ്ങിയെത്തിയാൽ ആ വലിയ കാത്തിരിപ്പിന് ഇത്തവണ വിരാമിടാൻ ആർസിബിക്ക് സാധിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.



മുംബൈ ഇന്ത്യൻസ്... ഏതു പ്രതികൂല സാഹചര്യങ്ങളിൽ നിന്നും തിരിച്ചുവന്ന ചരിത്രമുള്ളവരാണ് നീലപ്പട. ഇത്തവണ എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാനൊരുങ്ങുമ്പോൾ ആരാധകർ പ്രതീക്ഷിക്കുന്നതും ആ ചാമ്പ്യൻ പ്രകടനമാണ്. സീസണിൽ ഉടനീളം സ്ഥിരതയോടെ ബാറ്റുവീശുന്ന സൂര്യകുമാർ യാദവ് തന്നെയാണ് മുംബൈയുടെ പ്രധാന ആയുധം. അഞ്ച് അർധ സെഞ്ച്വറിയടക്കം ഇതുവരെ സ്‌കൈ നേടിയത് 640 റൺസ്. ഓറഞ്ച് ക്യാപ് പോരാട്ടിൽ മൂന്നാമത്. പ്ലേഓഫ് മത്സരങ്ങളിൽ എതിരാളികൾ ഭയപ്പാടോടെ കാണുന്നതും സൂര്യയുടെ ബാറ്റിങ് വിസ്ഫോടനത്തെയാണ്. അതേസമയം, പ്ലേഓഫിൽ വിദേശകളിക്കാരുടെ മടക്കത്തിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് മുംബൈ ഇന്ത്യൻസാണ്. മൂന്ന് പ്രധാന താരങ്ങളാണ് പ്ലേഓഫിന് മുൻപായി മുംബൈയോട് പിടപറഞ്ഞത്. വിൽ ജാക്‌സ്, റിയാൻ റിക്കിൽട്ടൻ, കോർബിൻ ബോഷ്...



ഓപ്പണിങ് റോളിൽ രോഹിത് ശർമക്കൊപ്പം നിരവധി മത്സരങ്ങളിൽ ഡ്രീംസ്റ്റാർട്ടാണ് ദക്ഷിണാഫ്രിക്കൻ താരം റിക്കിൽട്ടൻ ഈ സീസണിൽ ടീമിന് നൽകിയത്. മൂന്ന് അർധ സെഞ്ച്വറിയടക്കം സമ്പാദ്യം 388 റൺസ്. ദക്ഷിണാഫ്രിക്കൻ താരത്തിന് പകരം ഇംഗ്ലീഷ് താരം ജോണി ബെയിസ്റ്റോയാകും രോഹിതിനൊപ്പം പ്ലേ ഓഫിൽ ഇന്നിങ്സ് ഓപ്പൺ ചെയ്യുക. ശ്രീലങ്കൻ താരം അസലങ്കയും കിവീസ് താരം ബെവൻ ജേക്കബ്‌സുമായിരിക്കും മധ്യനിരയിൽ ഇടംപിടിക്കുക. ജസ്പ്രീത് ബുംറ നേതൃത്വം നൽകുന്ന മുംബൈ പേസ് നിര ഏതു ടീമിനേയും എറിഞ്ഞിടാൻ കെൽപുള്ളതാണ്. ട്രെൻഡ് ബോൾട്ടും ,ദീപക് ചഹാറും, കരൺ ശർമയും,സാൻറ്നറുമൊക്കെ ബുംറക്ക് പിന്തുണയുമായെത്തിയാൽ മുൻ ചാമ്പ്യൻമാരുടെ ഫൈനലിലേക്കുള്ള യാത്ര എളുപ്പമാകും. തിലക് വർമയുടെ ഫോമാണ് പരിശീലകൻ മഹേല ജയവർധനയെ അലട്ടുന്ന പ്രധാന പ്രശ്‌നം. നിർണായക മത്സരത്തിൽ ഇന്ത്യൻ യുവതാരം ഫോമിലേക്കെത്തുമെന്നാണ് മുംബൈ മാനേജ്‌മെന്റ് കരുതുന്നത്. ഗുജറാത്ത് ടൈറ്റൻസിനെ പ്രഥമ സീസണിൽ കിരീടത്തിലെത്തിച്ച ഹാർദിക് പാണ്ഡ്യക്ക് മുംബൈക്കായി ആറാം ട്രോഫി സ്വന്തമാക്കാനാകുമോയെന്ന് കാത്തിരുന്ന് കാണാം.



സായ് സുദർശൻ-ശുഭ്മാൻ ഗിൽ കോംബോ. ഗുജറാത്ത് ടൈറ്റൻസിന്റെ വിജയകുതിപ്പിലെ ചാലകശക്തികൾ ഈ ഓപ്പണിങ് സഖ്യമാണ്. സീസണിൽ തകർപ്പൻ ഫോമിൽ ബാറ്റുവീശുന്ന 23 കാരൻ സായ് സുദർശൻ ഒരു സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറിയുമടക്കം ഇതുവരെ 679 റൺസാണ് നേടിയത്. ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ ഒന്നാമത്. 649 റൺസുമായി രണ്ടാമതുള്ളത് ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ. ഇരുവരും ചേർന്നുള്ള ഓപ്പണിങ് ജോഡിയുടെ മികവിലാണ് ജിടി ഒട്ടേറെ മത്സരങ്ങളിൽ ജയിച്ചുകയറിയത്. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം ഈ ഓപ്പണിങ് സഖ്യം 19 ഓവറിൽ മറികടന്നിരുന്നു. ഐപിഎൽ ചരിത്രത്തിലെ തന്നെ മൂന്നാമത്തെ ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടും ഇതുതന്നെ.



എന്നാൽ സീസണിൽ തുടക്കത്തിൽ പുലർത്തിയ ആധിപത്യം അവസാന നിമിഷം വിട്ടുകളയുന്ന ഗുജറാത്തിനെയാണ് ആരാധകർ കണ്ടത്. ലീഗിലെ അവസാന രണ്ടുമാച്ചിൽ ലഖ്‌നൗവിനോടും ചെന്നൈ സൂപ്പർ കിങ്‌സിനോടും തോൽവി നേരിട്ടതോടെ ക്വാളിഫയറിൽ നിന്ന് നേരെ എലിമിനേറ്ററിലേക്കാണ് ടീം പതിച്ചത്. പ്ലേഓഫിൽ മുംബൈക്കെതിരെ ഇറങ്ങുമ്പോൾ ആശിഷ് നെഹ്‌റയുടെ സംഘം നേരിടുന്ന പ്രധാന പ്രതിസന്ധി ജോസ് ഭട്‌ലറുടെ മടക്കമാണ്. ഗില്ലും സായ് സുദർശനും കഴിഞ്ഞാൽ ജിടി ബാറ്റിങ് നിരയിൽ നിറഞ്ഞുകളിച്ചത് ഇംഗ്ലീഷ് താരമാണ്. അഞ്ച് അർധ സെഞ്ച്വറിയടക്കം 538 റൺസുണ്ട് ബട്ലറുടെ അക്കൌണ്ടിൽ. ശ്രീലങ്കക്കാരൻ കുഷാൽ മെൻഡിസിനെയാണ് ബട്‌ലറിന് പകരക്കാരനായി ഫ്രാഞ്ചൈസി എത്തിച്ചത്. ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാഡെയുടെ സേവനവും പ്ലേഓഫിൽ ടീമിന് ലഭിക്കില്ല. ശ്രീലങ്കൻ ഓൾറൗണ്ടർ ദഷുൻ ശനകയെയാണ് റീപ്ലെയ്‌സ്‌മെന്റായി എത്തിച്ചത്. പ്രസിദ്ധ്കൃഷ്ണയും മുഹമ്മദ് സിറാജും നയിക്കുന്ന ഗുജറാത്തിന്റെ പേസ് നിര ശക്തമാണ്. ദക്ഷിണാഫ്രിക്കയുടെ ജെറാഡ് കൊയെറ്റ്സേ കൂടി ചേരുന്നതോടെ പവർപ്ലെ ഓവറുകളിൽ എതിരാളികൾക്ക് വലിയ വെല്ലുവിളി നേരിടേണ്ടിവരും. വൻതുക മുടക്കിയെത്തിച്ച അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാന്റെ മങ്ങിയ ഫോം മധ്യഓവറുകളിൽ ടീമിന് തിരിച്ചടിയാണ്. റൺസ് ധാരാളം വിട്ടുകൊടുക്കുന്ന റാഷിദ് ഖാൻ കരിയറിലെ ഏറ്റവും മോശം ഐപിഎൽ സീസണിലൂടെയാണ് കടന്നുപോകുന്നത്.

18ാം പതിപ്പിന്റെ രാജാക്കൻമാരെ അറിയാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി. ഐപിഎൽ കിരീടത്തിന് പുതിയ അവകാശികളുണ്ടാകുമോ. അതോ മുംബൈയോ ഗുജറാത്തോ വീണ്ടും കപ്പുയർത്തുമോ. കാത്തിരിക്കണം.. ജൂൺ മൂന്ന് വരെ.

TAGS :

Next Story