Quantcast

'തീ' വാട്ടിയ; ജഗജില്ലി ഗിൽ; അജയ്യം ഗുജറാത്ത്; പഞ്ചാബിനെ ആറ് വിക്കറ്റിന് തകർത്തു

അവസാന പന്ത് വരെ ആവേശം തുടർന്ന മത്സരത്തിൽ രാഹുൽ തെവാത്തിയയുടെ ഫിനിഷിങ് മികവാണ് ഗുജറാത്തിന്റെ കൈയിൽ നിന്ന് വഴുതിയ മത്സരത്തെ തിരികെ വരുതിയിലെത്തിച്ചത്.

MediaOne Logo

Web Desk

  • Updated:

    2022-04-08 18:32:36.0

Published:

8 April 2022 4:01 PM GMT

തീ വാട്ടിയ; ജഗജില്ലി ഗിൽ; അജയ്യം ഗുജറാത്ത്; പഞ്ചാബിനെ ആറ് വിക്കറ്റിന് തകർത്തു
X

മുംബൈ: അത് എഴുതിവച്ചതാണ് ഈ സീസണിൽ ഗുജറാത്തിനെ തോൽപ്പിക്കുക അത്ര എളുപ്പമാകില്ലെന്ന്, ഗുജറാത്ത്-പഞ്ചാബ് മത്സരം കണ്ടവർ ഇങ്ങനെ പറഞ്ഞിരിക്കും.

അവസാന പന്ത് വരെ ആവേശം തുടർന്ന മത്സരത്തിൽ രാഹുൽ തെവാത്തിയുടെ ഫിനിഷിങ് മികവാണ് ഗുജറാത്തിന്റെ കൈയിൽ നിന്ന് വഴുതിയ മത്സരത്തെ തിരികെ വരുതിയിലെത്തിച്ചത്.

അവസാന ഓവറിൽ ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത് 19 റൺസ്. മില്ലറും ഹർദിക്ക് പാണ്ഡ്യയും ക്രീസിൽ. ഒടേൻ സ്മിത്ത് എറിഞ്ഞ ആദ്യ പന്ത് വൈഡ്. രണ്ടാം പന്ത് മില്ലറിന്റെ ബാറ്റിൽ കൊള്ളാതെ കീപ്പറിന്റെ കൈകളിലേക്ക്. അനാവശ്യ റൺസിന് ശ്രമിച്ച് ഹർദിക്ക് പാണ്ഡ്യ റണൗട്ടായി പുറത്തേക്ക്. മില്ലറിനോട് ദേഷ്യം പ്രകടിപ്പിച്ചാണ് പാണ്ഡ്യ ക്രീസ് വിട്ടത്. പിന്നാലെ ക്രീസിലെത്തിയ രാഹുൽ തെവാത്തിയ ആദ്യ പന്ത്് സിംഗിൾ. അടുത്ത പന്തിൽ മില്ലർ ബൗണ്ടറി നേടി പ്രതീക്ഷ സൂക്ഷിച്ചു. നാലാം പന്ത് വീണ്ടും സിംഗിൾ. ഗുജറാത്തിന് ജയിക്കാൻ രണ്ട് പന്തിൽ 12 റൺസ് വേണം. സിക്‌സറിൽ കുറഞ്ഞ ഒന്നും അവരെ രക്ഷിക്കില്ല. ഫുൾ ലെങ്ത്തിൽ വന്ന അഞ്ചാം പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സറിന് പറത്തി. അവസാന പന്തും സിക്‌സറിന് പറത്തി ഒരിക്കൽ കൂടി തെവാത്തിയ തന്റെ ഫിനിഷിങ് പാടവം നഷ്ടപ്പെട്ടില്ലെന്ന് തെളിയിച്ച് പുഞ്ചിരിയോടെ പവലയിനിലേക്ക് തിരികെ നടന്നു.

ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറിയോളം പോന്ന പ്രകടനത്തിന്റെ കരുത്തിലാണ് പഞ്ചാബ് കിങ്‌സിനെ ആറ് വിക്കറ്റിന് തകർത്ത ഇന്നിങ്‌സ് കെട്ടിപടുത്തത്. ഈ വിജയത്തോടെ തങ്ങൾ അജയ്യരാണെന്ന് ഗുജറാത്ത് ഒരിക്കൽ കൂടി തെളിയിച്ചു. സീസണിൽ ഇതുവരെ തോൽവി അറിയാത്ത ടീമാണ് ഹർദിക്ക് പാണ്ഡ്യ നായകനായ മൂന്ന് മത്സരങ്ങൾ ഗുജറാത്ത്. വിജയത്തോടെ പോയിന്റ് ടേബിളിൽ ഗുജറാത്ത് രണ്ടാം സ്ഥാനത്തെത്തി.

പഞ്ചാബ് ഉയർത്തിയ 190 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്തിന് പവർ പ്ലേ പൂർത്തിയാകും മുമ്പ് ഓപ്പണർ മാത്യു വേഡിനെ (6) നഷ്ടമായെങ്കിലും ഗിൽ പുതുമുഖം സായി സുദർശനെയും കൂട്ടുപിടിച്ച് തകർത്തടിച്ചു. 35 റൺസുമായി 15-ാം ഓവറിൽ സായി മടങ്ങിയെങ്കിലും പിന്നാലെയെത്തിയ നായകൻ ഹർദിക്ക് പാണ്ഡ്യ സാഹചര്യത്തിനൊത്ത് തകർത്തടിച്ചതോടെ ഗുജറാത്ത് അനായാസം വിജയതീരത്തിലേക്ക് അടിച്ചുകയറി. ഇടക്ക് അർഹിച്ച് സെഞ്ച്വറിക്ക് നാല് റൺസ് അകലെ ഗിൽ വീണുപോയെങ്കിലും അപ്പോഴേക്കും വിജയത്തിനരികെ ഗുജറാത്ത് എത്തിയിരുന്നു. 59 പന്തുകൾ നേരിട്ട ഗിൽ 11 ബൗണ്ടറികളും ഒരു സിക്‌സറും നേടി.

തെവാത്തിയ മൂന്ന് പന്തിൽ 13 റൺസുമായും മില്ലർ നാല് പന്തിൽ 6 ആറ് റൺസുമായും പുറത്താകാതെ നിന്നു.

പഞ്ചാബിന് വേണ്ടി റബാദ രണ്ട് വിക്കറ്റും രാഹുൽ ചഹർ ഒരു വിക്കറ്റും നേടി.

നേരത്തെ ലിയാം ലിവിങ്സ്റ്റണിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ പിൻബലത്തിലാണ് പഞ്ചാബ് കിങ്സിന് മികച്ച സ്‌കോർ നേടിയത് .നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 189 റൺസ് എടുത്തു.

തകർച്ചയോടെയായിരുന്നു പഞ്ചാബിന്റെ ഇന്നിങ്സിന്റെ തുടക്കം.സ്‌കോർ 11 എത്തിനിർക്കെ ക്യാപ്റ്റൻ മയാങ്ക് അഗർവാളിന്റെ വിക്കറ്റ് അവർക്ക് നഷ്ടമായി. പിന്നീടെത്തിയ ജോണി ബെയർസ്റ്റോ സ്‌കോർ ബോർഡിൽ 8 റൺസ് കൂട്ടിച്ചേർത്ത് പുറത്തായതോടെ മത്സരം പഞ്ചാബിൽ നിന്ന് കൈവിട്ടു പോവുകയാണെന്ന് തോന്നി. എന്നാൽ ശിഖർ ധവാനും പിന്നീടെത്തിയ ലിയാം ലിവിങ്സ്റ്റണും ചേർന്ന് ടീമിനെ കരയ്ക്കടുപ്പിച്ചു. 35 റൺസെടുത്ത് ധവാൻ പുറത്തായെങ്കിലും സ്‌കോർ 86 ൽ എത്തിയിരുന്നു.

പിന്നീട് ജിതേഷ് ശർമയെയും കൂട്ടുപിടിച്ച് ലിവിങ്സ്റ്റൺ ടീം സ്‌കോർ ഉയർത്തുകയായിരുന്നു.സ്‌കോർ 124 എത്തി നിൽക്കെ ജിതേഷിനെയും പിന്നീടെത്തിയ ഒഡൻ സ്മിത്തിനെയും പുറത്താക്കി നാൽകണ്ഡെ ഗുജറാത്തിനെ മത്സരത്തിന് തിരിച്ച് കൊണ്ടുവന്നെങ്കിലും ലിവിങ്സ്റ്റൺ സ്‌കോർ ബോർഡ് ചലിപ്പിച്ചുകൊണ്ടേയിരുന്നു.

ഒരു അവസരത്തിൽ പഞ്ചാബ് കൂറ്റൻ സ്‌കോറിലേക്ക് പോകുമെന്ന പ്രതീക്ഷ നൽകിയെങ്കിലും റാഷിദ് ഖാന്റെ നാലാം ഓവറിൽ ലിവിങ്സറ്റണും ഷാരൂഖ് ഖാനും പുറത്തായതോടെ റൺറേറ്റ് കുറഞ്ഞു, എന്നാൽ വാലറ്റക്കാരൻ രാഹുൽ ചഹാർ നടത്തിയ പ്രകടനമാണ് സ്‌കോർ 189 ൽ എത്തിച്ചത്.

75 റൺസെടുത്തെടുത്ത ലിയാം ലിവിങ്സ്റ്റൺ തന്നെയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ. ഗുജറാത്തിനായി റാഷിദ് ഖാൻ മൂന്നും അരങ്ങേറ്റക്കാരൻ ദർശൻ നാൽക്കണ്ടെ രണ്ട് വിക്കറ്റും നേടിയപ്പോൾ ക്യാപ്റ്റൻ ഹർദിക്ക് പാണ്ഡ്യ,ലോക്കി ഫെർഗൂസൻ, മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റ് നേടി.

TAGS :

Next Story