Quantcast

നിസാരം, തകർത്തടിച്ച് ഹെഡും അഭിഷേകും; സൺറൈസേഴ്‌സിന് 10 വിക്കറ്റ് ജയം

14 സിക്‌സറും 18 ബൗണ്ടറിയുമാണ് ഇരുവരും ചേർന്ന് അടിച്ചുപരത്തിയത്.

MediaOne Logo

Sports Desk

  • Updated:

    2024-05-08 17:18:26.0

Published:

8 May 2024 3:59 PM GMT

നിസാരം, തകർത്തടിച്ച് ഹെഡും അഭിഷേകും; സൺറൈസേഴ്‌സിന് 10 വിക്കറ്റ് ജയം
X

ഹൈദരാബാദ്: ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ പത്തു വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്. ലഖ്‌നൗ വിജയലക്ഷ്യമായ 166 റൺസ് പിന്തുടർന്നിറങ്ങിയ ഹൈദരാബാദ് വെറും 9.4 ഓവറിൽ മറികടന്നു. ട്രാവിസ് ഹെഡ്(30 പന്തിൽ 89), അഭിഷേക് ശർമ(28 പന്തിൽ 75) എന്നിവരുടെ ഓപ്പണിങ് കൂട്ടുകെട്ട് അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു. 14 സിക്‌സറും 18 ബൗണ്ടറിയുമാണ് ഇരുവരും ചേർന്ന് അടിച്ചു പരത്തിയത്. ഈ സീസണിൽ ഒരിക്കൽകൂടി പവർപ്ലെയിൽ നൂറുകടത്തിയ സൺറൈസേഴ്‌സ് ആദ്യാവസാനം ബൗണ്ടറിയും സിക്‌സറുമായി കളംനിറഞ്ഞു.

സ്വന്തം തട്ടകമായ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലെ കാണികൾക്ക് ബാറ്റിങ് വിരുന്നൊരുക്കിയ ഇന്ത്യ-ഓസീസ് കൂട്ടുകെട്ട് 8 സിക്‌സറും 13 ഫോറും സഹിതം 107 റൺസാണ് പവർപ്ലെയിൽ അടിച്ചെടുത്തത്. ലഖ്‌നൗവാകട്ടെ പവർപ്ലെയിൽ വെറും 27 റൺസാണ് നേടിയത്. 16 പന്തിൽ അർധസെഞ്ച്വറി പൂർത്തിയാക്കിയ ട്രാവിസ് ഹെഡ് നവീൻ ഉൽ ഹഖ് എറിഞ്ഞ അഞ്ചാം ഓവറിൽ 23 റൺസാണ് നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലഖ്‌നൗ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് സ്‌കോർ ചെയ്തത്. ആയുഷ് ബദോനിയുടെ അർധ സെഞ്ച്വറി പ്രകടനമാണ് (30 പന്തിൽ 55) സന്ദർശകരെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. നിക്കോളാസ് പുരാനും (26 പന്തിൽ 48) മികച്ച പിന്തുണ നൽകി. ലഖ്‌നൗ തുടക്കം മികച്ചതായില്ല. സ്‌കോർ 13ൽ നിൽക്കെ ഓപ്പണർ ക്വിന്റൺ ഡികോക്കിനെ നഷ്ടമായി. ഭുവനേശ്വർ കുമാറിന്റെ ഓവറിൽ സിക്‌സറിന് ശ്രമിച്ച ഡികോക്കിനെ(2) ബൗണ്ടറി ലൈനിനരികെ അത്യുഗ്രൻ ക്യാച്ചിലൂടെ നിതീഷ് കുമാർ റെഡ്ഡി പുറത്താക്കി.

ചുവടുറപ്പിക്കും മുൻപെ മികച്ച ഫോമിലുള്ള ഓസീസ് താരം മാർക്കസ് സ്‌റ്റോയിനിസിനെ (3)കൂടി നഷ്ടമായതോടെ പവർപ്ലെയിൽ റണ്ണൊഴുക്ക് കുറഞ്ഞു. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 27 റൺസ് മാത്രമാണ് ആദ്യ ആറോവറിൽ ലഖ്‌നൗ സ്‌കോർബോർഡിലുണ്ടായിരുന്നത്. സ്‌കോർ 53ൽ നിൽക്കെ കെഎൽ രാഹുലിനേയും(29) 66ൽ നിൽക്കെ ക്രുണാൽ പാണ്ഡ്യയേയും(24) സന്ദർശകർക്ക് നഷ്ടമായി. എന്നാൽ അഞ്ചാം വിക്കറ്റിൽ പിരിയാത്ത ആയുഷ് ബദോനി-നിക്കോളാസ് പുരാൻ കൂട്ടുകെട്ട് ലഖ്‌നൗവിനെ ഭേദപ്പെട്ട സ്‌കോറിലെത്തിക്കുകയായിരുന്നു. 99 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിചേർത്തത്. അവസാന നാല് ഓവറിൽ 63 റൺസാണ് ലഖ്‌നൗ അടിച്ചെടുത്തത്. സൺറൈസേഴ്‌സിനായി മികച്ച ബൗളിങ് പ്രകടനം നടത്തിയ ഭുവനേശ്വർ നാല് ഓവറിൽ 12 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.

TAGS :

Next Story