ശ്രേയസ് ചിറകിലേറി പഞ്ചാബ്; ഹൈദരാബാദിനെതിരെ കിങ്‌സിന് ആറ് വിക്കറ്റ് ജയം
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിനായി പ്രഭ്‌സിമ്രാൻ-പ്രിയാൻഷ് ആര്യ സഖ്യം മികച്ച തുടക്കമാണ് നൽകിയത്.

മുള്ളൻപൂർ: ഐപിഎല്ലിൽ വിജയയാത്ര തുടർന്ന് പഞ്ചാബ് കിങ്‌സ്. സ്വന്തം തട്ടകമായ മുള്ളുൻപൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ആറു വിക്കറ്റിനാണ് തകർത്തത്. ഹൈദരാബാദ് ഉയർത്തിയ 220 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ പഞ്ചാബ് മറികടന്നു. അർധ സെഞ്ച്വറി നേടിയ(33 പന്തിൽ 69) ശ്രേയസ് അയ്യർ പുറത്താകാതെ നിന്നു. നേരത്തെ അഭിഷേക് ശർമയുടെ ബാറ്റിങ് കരുത്തിലാണ്(28 പന്തിൽ 74) ഹൈദരാബാദ് മികച്ച സ്‌കോർ പടുത്തുയർത്തിയത്.
വലിയ ടോട്ടൽ പിന്തുടർന്ന് ഇറങ്ങിയ പഞ്ചാബിനായി ഓപ്പണർമാരായ പ്രിയാൻഷ് ആര്യയും പ്രഭ്‌സിമ്രാൻസിങും ചേർന്ന് സ്വപ്‌ന തുടക്കമാണ് നൽകിയത്. ആദ്യഓവർ മുതൽ തകർത്തടിച്ച ഇരുവരും ഹൈദരാബാദ് പ്രതീക്ഷകൾ തെറ്റിച്ചു. പവർപ്ലെ ഓവറുകളിൽ 93 റൺസാണ് സ്‌കോർബോർഡിൽ ചേർത്തത്. 99ൽ നിൽക്കെ പ്രിയാൻഷ് പുറത്തായെങ്കിലും പഞ്ചാബ് കുതിപ്പ് തുടരുകയായിരുന്നു. 20 പന്തിൽ അഞ്ച് വീതം ഫോറും സിക്‌സറും സഹിതം 57 റൺസെടുത്താണ് താരം ഔട്ടായത്. സ്പിന്നർ ശിവാങ് കുമാറിന്റെ ഓവറിൽ നിതീഷ് കുമാർ റെഡ്ഡിക്ക് ക്യാച്ച് നൽകിയായിരുന്നു മടക്കം. എന്നാൽ പ്രഭ്‌സിമ്രാൻ ആക്രമണ ദൗത്യം ഏറ്റെടുത്തതോടെ റൺറേറ്റ് ഉയർന്നുതന്നെ നിന്നു. 25 പന്തിൽ 51 റൺസെടുത്ത പ്രഭ്‌സിമ്രാൻ സിങിനെയും പുറത്താക്കി ശിവാങ് മധ്യഓവറുകളിൽ ഹൈദരാബാദിനെ കളിയിലേക്ക് മടക്കികൊണ്ടുവന്നു. എന്നാൽ പതിയെ തുടങ്ങി നായകൻ ശ്രേയസ് അയ്യർ തകർത്തടിച്ചതോടെ പഞ്ചാബ് മറ്റൊരു കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് അടിവെച്ചടവിച്ച് മുന്നേറി. അഞ്ച് സിക്‌സറും ഫോറും സഹിതമാണ് ശ്രേയസ് 69 റൺസെടുത്തത്. കൂപ്പർ കൊണോലി(11), നേഹൽ വധേര(14), ശശാങ്ക് സിങ്(16 നോട്ടൗട്ട്) എന്നിവരാണ് മറ്റു സ്‌കോറർമാർ.
നേരത്തെ അഭിഷേക്-ട്രാവിസ് ഹെഡ് ഓപ്പണിങ് കരുത്തിലാണ് ഹൈദാരാബാദ് മികച്ച സ്‌കോറിലേക്ക് കുതിച്ചത്. ഇരുവരും ചേർന്ന് 49 പന്തിൽ 120 റൺസാണ് അടിച്ചെടുത്തത്. 28 പന്തിൽ എട്ട് സിക്‌സറും അഞ്ച് ഫോറും സഹിതം 74 റൺസെടുത്ത അഭിഷേകായിരുന്നു കൂടുതൽ അപകടം വിതച്ചത്. 23 പന്തിൽ 38 റൺസാണ് ഹെഡിന്റെ സമ്പാദ്യം. ഇഷാൻ കിഷൻ(17 പന്തിൽ 27), ഹെന്റിച് ക്ലാസൻ(33 പന്തിൽ 39), അനികേത് വർമ(9 പന്തിൽ 18) എന്നിവരാണ് മറ്റു സ്‌കോറർമാർ. ഒരുവേള ഹൈദരാബാദ് 300 കടക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും മധ്യഓവറുകൾ റൺറേറ്റ് ഉയരാതിരുന്നത് തിരിച്ചടിയായി.
Adjust Story Font
16

