Quantcast

'അത് ഔട്ടോ, സിക്‌സറോ?'; സൂര്യകുമാർ യാദവിന്റെ ക്യാച്ചിൽ വിവാദം

ലോങ് ഓണിലെ ബൗണ്ടറി റോപ് നീങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങളും ചിലര്‍ പങ്കുവെയ്ക്കുന്നുണ്ട്.

MediaOne Logo

Web Desk

  • Updated:

    2024-06-30 12:55:47.0

Published:

30 Jun 2024 6:19 PM IST

Suryakumar Yadav
X

ബാർബഡോസ്: ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലറിനെ പുറത്താക്കാൻ സൂര്യകുമാർ യാദവ് എടുത്ത ക്യാച്ചിനെ ചൊല്ലി പുതിയ വിവാദം.

ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ബൗണ്ടറി ലൈൻ ക്യാച്ചിൽ, തേഡ് അംപയർ വേണ്ടത്ര പരിശോധിക്കാതെയാണ് ഔട്ട് വിധിച്ചതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. സൂര്യയുടെ കാൽ ബൗണ്ടറി റോപ്പിൽ തട്ടിയതായി ചിലർ വാദിക്കുന്നു. ലൈനിന് അപ്പുറത്താണ് ബൗണ്ടറി റോപ് കിടന്നിരുന്നത് എന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.

ഫൈനലിലെ അവസാന ഓവറിലെ ആദ്യ പന്തിലായിരുന്നു സൂര്യയുടെ തകർപ്പൻ ക്യാച്ച്. ആറു പന്തിൽ 16 റൺസാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ഹർദിക് പാണ്ഡ്യ എറിഞ്ഞ ഫുള്‍ടോസ് പന്ത് മില്ലര്‍ അടിച്ചകറ്റി. പന്ത് സിക്‌സറായി എന്നുതന്നെ എല്ലാവരും കരുതി. എന്നാല്‍ ലോങ് ഓണ്‍ ബൗണ്ടറിയില്‍ ഓടിയെത്തിയ സൂര്യ അവിശ്വസനിയമാം വിധം പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ക്യാച്ചെടുക്കുന്ന സമയത്ത് സൂര്യയുടെ ഷൂ, ബൗണ്ടറി ലൈനില്‍ തട്ടിയിട്ടുണ്ടെന്നാണ് ഒരു വിഭാഗം കണ്ടെത്തുന്നത്. മാത്രമല്ല ലോങ് ഓണിലെ ബൗണ്ടറി റോപ് നീങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങളും ചിലര്‍ പങ്കുവെയ്ക്കുന്നുണ്ട്. ഇതിന്റെ വീഡിയോ ഉള്‍പ്പെടെ പങ്കുവെച്ചാണ് ഔട്ടല്ല അത് സിക്സറാണെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നത്. ടി.വി അമ്പയര്‍ കൂടുതല്‍ സമയമെടുത്ത് കൂടുതല്‍ ആംഗിളുകള്‍ പരിശോധിച്ച് തീരുമാനമെടുക്കണമായിരുന്നുവെന്നും ഇവര്‍ പറയുന്നു.

അതേസമയം മത്സരത്തിൽ ഏഴ് റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 177 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസ് നേടിയത്. ഒരു ഘട്ടത്തിൽ ദക്ഷിണാഫ്രിക്ക അനായാസം ജയിക്കുമെന്ന് തോന്നിപ്പിച്ചിടത്ത് നിന്നാണ് ഇന്ത്യൻ ബൗളർമാർ കളി തിരിച്ചുപിടിക്കുന്നത്. ഇതോടെ ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് കിരീട നേട്ടമായി.

TAGS :

Next Story