Quantcast

120 റൺസ് കൂടി നേടിയാൽ ദ്രാവിഡും പോണ്ടിങ്ങും കാലിസും വീഴും; സച്ചിനെയും വെ​ട്ടുമോ ജോ റൂട്ട്?

MediaOne Logo

Sports Desk

  • Updated:

    2025-07-19 08:25:05.0

Published:

18 July 2025 9:43 PM IST

root sachin
X

ലണ്ടൻ: പോയ കുറച്ചു ദിവസമായി ഇംഗ്ലീഷ് ബാറ്റർ ജോ റൂട്ടാണ് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. ടെസ്റ്റിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ റൺ സ്കോററാകാൻ റൂട്ടിന് ഇനി വേണ്ടത് വെറും 120 റൺസ് മാത്രം. ഇത്രയും റൺസ് കൂടി നേടിയാൽ രാഹുൽ ദ്രാവിഡ്, ജാക്വിസ് കാലിസ്, റിക്കി പോണ്ടിങ് എന്നീ മൂന്ന് ഇതിഹാസങ്ങളെ റൂട്ട് മറികടക്കും.

156 മത്സരങ്ങൾ കളിച്ച റൂട്ടിന്റെ പേരിലുള്ളത് 13259 റൺസാണ്. ദ്രാവിഡിന്റെ സമ്പാദ്യം 13288ഉം കാലിസിന്റെത് 13289ഉം പോണ്ടിങ്ങിന്റെത് 13378ഉം ആണ്. 200 മത്സരങ്ങളിൽ നിന്നും 15921 റൺസുള്ള സച്ചിൻ തെണ്ടുൽക്കറാണ് പട്ടികയിൽ ഒന്നാമത്. അതായത് റൂട്ടിന് സച്ചിനെ പിന്നിടാൻ വേണ്ടത് 2662 റൺസ് കൂടി മാത്രം. ഈ വർഷം ഡിസംബറിൽ 35 വയസ്സ് തികയുന്ന റൂട്ടിന് അതിനുള്ള ബാല്യമുണ്ടാകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

53.78 ശരാശരിയാണ് സച്ചിനുള്ളതെങ്കിൽ റൂട്ടിന്റേത് 50.80 ആണ്. സച്ചിന്റെ പേരിൽ 51 സെഞ്ച്വറികൾ ഉള്ളപ്പോൾ റൂട്ട് ഇതിനോടകം 37 സെഞ്ച്വറികൾ പേരിലാക്കിക്കഴിഞ്ഞു. ലോർഡ്സിൽ നേടിയ സെഞ്ച്വറിയോടെ ഇന്ത്യ​ക്കെതിരെ ഏറ്റവുമധികം സെഞ്ച്വറി കുറിക്കുന്ന താരമെന്ന സ്റ്റീവ് സ്മിത്തെന്ന റെക്കോർഡിനൊപ്പവും റൂട്ട് എത്തിയിരുന്നു.

30 വയസ്സ് പിന്നിട്ട ശേഷമാണ് റൂട്ട് തന്റെ പീക്ക് ഫോമിലേക്കുയർന്നത്. റൂട്ടിന്റെ പേരിലുള്ള 37 സെഞ്ച്വറികളിൽ 20 എണ്ണവും പോയ അഞ്ച് വർഷത്തിനുള്ളിൽ പിറന്നതാണ്. പോയ മൂന്ന് വർഷത്തിനിടെ 34 ടെസ്റ്റുകൾ കളിച്ച റൂട്ടിന് മുന്നിൽ പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഏറെ മത്സരങ്ങൾ ബാക്കിയുണ്ട്. പ്രതിവർഷം ശരാശരി 1000 റൺസിലധികം സ്കോർ ചെയ്യുക എന്ന കനത്ത വെല്ലുവിളിയാണ് റൂട്ടിനുള്ളത്. 2012 ഡിസംബറിൽ ഇന്ത്യക്കെതിരെയാണ് റൂട്ട് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്.

TAGS :

Next Story