Quantcast

സെഞ്ച്വറിയുമായി ക്യാപ്റ്റൻ കൃഷ്ണപ്രസാദ്; കെസിഎല്ലിൽ ട്രിവാൻഡ്രത്തിന് ആശ്വാസ ജയം

തോൽവി നേരിട്ടതോടെ സെമി ഉറപ്പിക്കാൻ തൃശൂരിന് ഇനിയും കാത്തിരിക്കണം

MediaOne Logo

Sports Desk

  • Published:

    2 Sept 2025 11:24 PM IST

Captain Krishnaprasad hits century; Trivandrum secures consolation win in KCL
X

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിനെ 17 റൺസിന് തോൽപ്പിച്ച് ട്രിവാൻഡ്രം റോയൽസ്. ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ് നേടാനായത്. റോയൽസിനായി സെഞ്ച്വറി നേടിയ ക്യാപ്റ്റൻ കൃഷ്ണപ്രസാദാണ് പ്ലെയർ ഓഫ് ദി മാച്ച്.

നേരത്തെ സെമി സാധ്യത അവസാനിച്ചതിനാൽ നഷ്ടപ്പടാനില്ലാത്ത ആത്മവിശ്വാസത്തോടെ റോയൽസിന്റെ താരങ്ങൾ ബാറ്റ് വീശിയത്. വിഷ്ണുരാജും അനന്തകൃഷ്ണനും തുടക്കത്തിൽ തന്നെ മടങ്ങിയെങ്കിലും റിയ ബഷീറിനും നിഖിലിനുമൊപ്പം കൃഷ്ണപ്രസാദ് ഉയർത്തിയ കൂട്ടുകെട്ടാണ് റോയൽസിന്റെ കൂറ്റൻ സ്‌കോറിന് അടിത്തറയിട്ടത്. രണ്ട് കൂട്ടുകെട്ടുകളിലുമായി പിറന്ന 109 റൺസിന്റെ ഭൂരിഭാഗവും പിറന്നത് കൃഷ്ണപ്രസാദിന്റെ ബാറ്റിൽ നിന്നായിരുന്നു. നിർഭയം ബാറ്റ് വീശിയ കൃഷ്ണപ്രസാദ് 54 പന്തുകളിൽ നിന്ന് സെഞ്ച്വറി പൂർത്തിയാക്കി.

സെഞ്ച്വറി പൂർത്തിയാക്കിയ ശേഷവും കൂറ്റൻ ഷോട്ടുകളിലൂടെ ബാറ്റിങ് തുടർന്ന കൃഷ്ണപ്രസാദ് 119 റൺസുമായി പുറത്താകാതെ നിന്നു. 62 പന്തുകളിൽ ആറ് ഫോറും പത്ത് സിക്‌സും അടങ്ങുന്നതായിരുന്നു കൃഷ്ണപ്രസാദിന്റെ ഇന്നിങ്‌സ്. അബ്ദുൾ ബാസിദ് 13 പന്തുകളിൽ 28 റൺസെടുത്തു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 57 റൺസാണ് കൂട്ടിച്ചേർത്തത്. തൃശൂരിന് വേണ്ടി ആദിത്യ വിനോദ് രണ്ടും ആനന്ദ് ജോസഫ്, സിബിൻ ഗിരീഷ്, അജിനാസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങിൽ തൃശൂരിന് സ്‌കോർ ബോർഡ് തുറക്കും മുൻപെ കെ.ആർ രോഹിതിന്റെ വിക്കറ്റ് നഷ്ടമായി. ഫോമിലുള്ള അഹമദ് ഇമ്രാൻ തകർത്തടിച്ച് തുടങ്ങിയെങ്കിലും വലിയൊരു ഇന്നിങ്‌സ് കാഴ്ച വയ്ക്കാനായില്ല. 18 പന്തുകളിൽ നിന്ന് 38 റൺസെടുത്ത ഇമ്രാനെ അബ്ദുൾ ബാസിതാണ് പുറത്താക്കിയത്. മികച്ച ഷോട്ടുകളുമായി ക്യാപ്റ്റൻ ഷോൺ റോജറും അക്ഷയ് മനോഹറും പ്രതീക്ഷ നിലനിർത്തി. എന്നാൽ ഷോൺ റോജർ 37ഉം അക്ഷയ് മനോഹർ 27ഉം റൺസെടുത്ത് പുറത്തായത് തൃശൂരിന് തിരിച്ചടിയായി.

കളി കൈവിട്ടെന്ന് തോന്നിച്ച ഘട്ടത്തിൽ ഉജ്ജ്വല ഷോട്ടുകളുമായി പോരാട്ടം തുടർന്ന വിനോദ് കുമാറിന്റെ പ്രകടനവും ശ്രദ്ധേയമായി. 19 പന്തുകളിൽ രണ്ട് ഫോറും അഞ്ച് സിക്‌സുമടക്കം 41 റൺസുമായി വിനോദ് കുമാർ പുറത്താകാതെ നിന്നെങ്കിലും ടീമിന് വിജയമൊരുക്കാനായില്ല. തൃശൂരിന്റെ മറുപടി 184ൽ അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആസിഫ് സലാമാണ് റോയൽസ് ബൗളിങ് നിരയിൽ തിളങ്ങിയത്. അഭിജിത് പ്രവീൺ രണ്ട് വിക്കറ്റും നേടി. തോൽവിയോടെ തൃശൂരിന് ഇനിയും സെമിയുറപ്പിക്കാനായില്ല. പത്ത് പോയിന്റുമായി ടീം ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. വരും മത്സരങ്ങളിലെ ഫലം അനുസരിച്ചാകും ടീമിന്റെ സെമി പ്രവേശനം.

TAGS :

Next Story