സെഞ്ച്വറിയുമായി ഇമ്രാൻ; കേരള ക്രിക്കറ്റ് ലീഗിൽ രണ്ടാം ജയവുമായി തൃശൂർ ടൈറ്റൻസ്
210 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കാലിക്കറ്റിന്റെ പോരാട്ടം 200ൽ അവസാനിച്ചു

തിരുവനന്തപുരം: കെസിഎല്ലിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ ഒൻപത് റൺസിന് തോൽപ്പിച്ച് തൃശൂർ ടൈറ്റൻസ്. ടൂർണ്ണമെന്റിൽ ടൈറ്റൻസിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 209 റൺസിന്റെ കൂറ്റൻ സ്‌കോറാണ് പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് മാത്രമാണ് നേടാനായത്. സീസണിലെ ആദ്യ സെഞ്ച്വറിയുമായി തകർത്തടിച്ച അഹ്‌മദ് ഇമ്രാന്റെ പ്രകടനമാണ് തൃശൂരിനെ മികച്ച സ്‌കോറിലെത്തിച്ചത്. അഹ്‌മദ് ഇമ്രാനാണ് പ്ലെയർ ഓഫ് ദി മാച്ച്.
കെസിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചൊരു ഇന്നിങ്‌സായിരുന്നു അഹ്‌മദ് ഇമ്രാന്റേത്. 24 പന്തുകളിൽ അൻപത് തികച്ച താരം 54 പന്തുകളിൽ സെഞ്ച്വറിയും പൂർത്തിയാക്കി. പേസ് സ്പിൻ വ്യത്യാസമില്ലാതെ, നേരിട്ട എല്ലാ ബൗളർമാരെയും ഇമ്രാൻ അതിർത്തി കടത്തി. അവസാന ഓവറുകളിൽ രണ്ട് ഫോറും രണ്ട് സിക്‌സും അടക്കം12 പന്തുകളിൽ നിന്ന് 24 റൺസുമായി പുറത്താകാതെ നിന്ന എ കെ അർജുന്റെ ഇന്നിങ്‌സാണ് തൃശൂരിന്റെ ഇന്നിങ്‌സ് 200 കടത്തിയത്. കാലിക്കറ്റിന് വേണ്ടി അഖിൽ സ്‌കറിയ രണ്ടും അഖിൽ ദേവും മോനു കൃഷ്ണയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങിൽ പോരാട്ടം അവസാന ഓവർ വരെ നീട്ടിയാണ് കാലിക്കറ്റ് കീഴടങ്ങിയത്. ആദ്യ മൂന്ന് ബാറ്റർമാർ ചെറിയ സ്‌കോറുകൾക്ക് പുറത്തായിട്ടും കാലിക്കറ്റ് ബാറ്റർമാർ പൊരുതിക്കയറി. ഇന്നിങ്‌സിന്റെ ആദ്യ പന്തിൽ തന്നെ സിക്‌സടിച്ചാണ് ഓപ്പണറായ സച്ചിൻ സുരേഷ് തുടങ്ങിയത്. എന്നാൽ സച്ചിനെയും രോഹൻ കുന്നുമ്മലിനെയും അഖിൽ സ്‌കറിയയെയും പുറത്താക്കി എം ഡി നിധീഷ് തൃശൂരിന് മികച്ച തുടക്കം നൽകി. മൂന്ന് വിക്കറ്റിന് 41 റൺസെന്ന നിലയിൽ ഒത്തുചേർന്ന എം അജ്‌നാസും സൽമാൻ നിസാറും ചേർന്ന കൂട്ടുകെട്ട് കാലിക്കറ്റിന് പ്രതീക്ഷ നൽകി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 98 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ 15ആം ഓവറിൽ അജ്‌നാസിനെ പുറത്താക്കി സിബിൻ ഗിരീഷ് തൃശൂരിന് നിർണ്ണായക വഴിത്തിരിവ് സമ്മാനിച്ചു. 40 പന്തിൽ നാല് ഫോറും നാല് സിക്‌സും അടക്കം 58 റൺസാണ് അജ്‌നാസ് നേടിയത്.
ഒരു വശത്ത് വിക്കറ്റുകൾ മുറയ്ക്ക് വീഴുമ്പോഴും മറുവശത്ത് കൂറ്റൻ ഷോട്ടുകളുമായി ബാറ്റിങ് തുടർന്ന സൽമാൻ നിസാറിലായിരുന്നു കാലിക്കറ്റിന്റെ പിന്നീടുള്ള പ്രതീക്ഷ. എന്നാൽ 44 പന്തിൽ 77 റൺസെടുത്ത സൽമാൻ അവസാന ഓവറിലെ രണ്ടാം പന്തിൽ പുറത്തായത് ടീമിന് തിരിച്ചടിയായി. വിജയത്തിന് 10 റൺസ് അകലെ കാലിക്കറ്റിന്റെ ഇന്നിങ്‌സിന് അവസാനമായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ എം ഡി നിധീഷും രണ്ട് വിക്കറ്റ് നേടിയ സിബിൻ ഗിരീഷുമാണ് തൃശൂരിന്റെ ബൗളിങ് നിരയിൽ തിളങ്ങിയത്. വിജയത്തോടെ തൃശൂരിന് നാല് പോയിന്റായി
Adjust Story Font
16

