Quantcast

അണ്ടർ 23 ഏകദിന ടൂർണമെന്റ്; മധ്യപ്രദേശിനെതിരെ കേരളത്തിന് തോൽവി

ആദ്യം ബാറ്റ് ചെയ്ത കേരളം 26.2 ഓവറിൽ 65 റൺസിന് പുറത്തായി

MediaOne Logo

Sports Desk

  • Published:

    13 Nov 2025 5:25 PM IST

Under-23 ODI tournament; Kerala loses to Madhya Pradesh
X

അഹമ്മദാബാദ്: അണ്ടർ 23 ദേശീയ ഏകദിന ടൂർണമെന്റിൽ കേരളത്തിനെതിരെ മധ്യപ്രദേശിന് ഒൻപത് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 26.2 ഓവറിൽ വെറും 65 റൺസിന് പുറത്തായി. മറുപടി ബാറ്റിങിൽ മധ്യപ്രദേശ് 8.1 ഓവറിൽ അനായാസം ലക്ഷ്യം മറികടന്നു. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് കേരളത്തിന് തിരിച്ചടിയായത്. മധ്യപ്രദേശ് ബൗളർ മംഗേഷ് യാദവ് ആറുവിക്കറ്റുമായി കേരള മുൻനിരയെ തകർത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് രണ്ടാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. മംഗേഷിന്റെ പന്തിൽ ഒരു റണ്ണെടുത്ത ഒമർ അബൂബക്കർ ക്ലീൻ ബൗൾഡായി. തുടർന്നെത്തിയ കൃഷ്ണനാരായണെ മാധവ് തിവാരി പുറത്താക്കി. അടുത്ത ഓവറിൽ അഭിഷേക് നായരെയും മംഗേഷ് പുറത്താക്കിയതോടെ മൂന്ന് വിക്കറ്റിന് പത്ത് റൺസെന്ന നിലയിലായിരുന്നു കേരളം. തുടർന്നെത്തിയ ഷോൺ റോജർ, വിജയ് വിശ്വനാഥ്, രോഹൻ നായർ, അഭിജിത് പ്രവീൺ എന്നിവർക്കും പിടിച്ചുനിൽക്കാനായില്ല. ഷോൺ റോജറെ മാധവ് തിവാരി പുറത്താക്കിയപ്പോൾ മറ്റുള്ളവരെല്ലാം മംഗേഷിന്റെ ഇരകളായി. പവൻ ശ്രീധറും ആദിത്യ ബൈജുവും ചേർന്ന 17 റൺസ് കൂട്ടുകെട്ടാണ് കേരളത്തിന്റെ സ്‌കോർ 65ൽ എത്തിച്ചത്. കേരള ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത് ഇവർ രണ്ടു പേർ മാത്രമാണ്. 26.2 ഓവറിൽ 65 റൺസിന് കേരളം ഓൾ ഔട്ടായി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശ് അനായാസം ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ ചഞ്ചൽ റാഥോഡ് 39ഉം സോഹം പട്വർധൻ ആറും റൺസുമായി പുറത്താകാതെ നിന്നു. 20 റൺസെടുത്ത സക്ഷം പുരോഹിതിനെ അഭിജിത് പ്രവീൺ പുറത്താക്കി. ഒൻപതാം ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മധ്യപ്രദേശ് വിജയത്തിലെത്തി.

TAGS :

Next Story