Quantcast

സയ്യിദ് മുഷ്താഖ് അലി ട്രോഫി ; കേരളത്തെ വീഴ്ത്തി റെയിൽവേയ്‌സ്

MediaOne Logo

Sports Desk

  • Published:

    28 Nov 2025 1:52 PM IST

സയ്യിദ് മുഷ്താഖ് അലി ട്രോഫി ; കേരളത്തെ വീഴ്ത്തി റെയിൽവേയ്‌സ്
X

ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫി രണ്ടാം മത്സരത്തിൽ കേരളത്തിന് 32 റൺസിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത റെയിൽവേയ്‌സ് നേടിയ 149 റൺസ് പിന്തുടർന്നിറങ്ങിയ കേരളത്തിന്റെ ഇന്നിങ്‌സ് 117 റൺസിൽ അവസാനിച്ചു. 19 റൺസ് നേടിയ സഞ്ജു സാംസണാണ് കേരള നിരയിലെ ടോപ് സ്‌കോറർ.

നവനീത് വിർക്ക്, രവി സിങ്, ശിവം ചൗധരി എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് റെയിൽവേയ്സ് പൊരുതാവുന്ന ടോട്ടൽ കുറിക്കുന്നത്. കേരളത്തിനായി കെ.എം ആസിഫ് മൂന്നും എൻ.എം ശറഫുദ്ധീൻ, അകിൽ സ്കറിയ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

മറുപുറത്ത് കേരള നിരയിലും ബാറ്റർമാർ താളം കണ്ടെത്താൻ പാടുപെട്ടു. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ ഓപണർ രോഹൻ കുന്നുമ്മൽ 8 റൺസിന് പുറത്തായി. പിന്നാലെയെത്തിയ ഉപനായകൻ അഹമ്മദ് ഇമ്രാൻ 12 ഉം വിഷ്ണു വിനോദ്, അബ്ദുൽ ബാസിത് എന്നിവർ ഏഴ് റൺസ് വീതവും നേടി പുറത്തായി. മധ്യ ഓവറുകളിൽ സൽമാൻ നിസാർ - അകിൽ സ്കറിയ കൂട്ടുകെട്ട് നടത്തിയ ചെറുത്തുനിൽപ്പാണ് കേരളത്തിന്റെ തോൽവി ഭാരം കുറച്ചത്.

റെയിൽവേയ്സിനായി ബിഹാരി റായ് മൂന്നും ശിവം ചൗധരി രണ്ട് വിക്കറ്റും വീഴ്ത്തി. അക്ഷത് പാണ്ഡെ, രാജ് ചൗധരി, നായകൻ കരൺ ശർമ എന്നിവർ ഓരോ വിക്കറ്റും നേടി. 24 റൺസും മൂന്ന് വിക്കറ്റും നേടിയ ശിവം ചൗധരിയാണ് കളിയിലെ താരം.

TAGS :

Next Story