Quantcast

മുഹമ്മദ് അഹ്ഹറുദ്ദീന് സെഞ്ച്വറി; രഞ്ജി ട്രോഫി സെമിയിൽ ഗുജറാത്തിനെതിരെ 300 കടന്ന് കേരളം

രഞ്ജി ട്രോഫി സെമിയിൽ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരമെന്ന നേട്ടവും അസ്ഹർ സ്വന്തമാക്കി

MediaOne Logo

Sports Desk

  • Published:

    18 Feb 2025 2:02 PM IST

Muhammad Ahharuddin century; Kerala cross 300 against Gujarat in Ranji Trophy semi-final
X

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനൽ പോരാട്ടത്തിൽ ഗുജറാത്തിനെതിരെ കേരളം മികച്ച സ്‌കോറിലേക്ക്. നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ രണ്ടാംദിനം ബാറ്റ് ചെയ്യുന്ന കേരളം മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ച്വറി കരുത്തിലാണ് കുതിക്കുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 322-5 എന്ന നിലയിലാണ് സന്ദർശകർ. 103 റൺസുമായി അസ്ഹറുദ്ദീനും 40 റൺസുമായി സൽമാൻ നിസാറുമാണ് ക്രീസിൽ.


206-4 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങിനിറങ്ങിയ കേരളത്തിന് സച്ചിൻ ബേബിയെ തുടക്കത്തിൽ തന്നെ നഷ്ടമായി. 69 റൺസെടുത്ത കേരള ക്യാപ്റ്റനെ അർസാൻ നഗ്വാസ്വല്ലയാണ് പുറത്താക്കിയത്. എന്നാൽ തുടർന്ന് ഒത്തുചേർന്ന അസ്ഹർ-സൽമാൻ നിസാർ കൂട്ടുകെട്ട് സന്ദർശകരുടെ രക്ഷക്കെത്തി. പതിയെ സ്‌കോറിംഗ് ഉയർത്തിയ ഇരുവരും ചേർന്ന് 300ലേക്ക് കേരളത്തെ നയിച്ചു. ഒരുഭാഗത്ത് വിക്കറ്റ് വീഴാതെ സൽമാൻ ഡിഫൻഡ് ചെയ്ത് കളിച്ചപ്പോൾ അസ്ഹർ ബൗണ്ടറികളുമായി കളംനിറഞ്ഞു. 13 ബൗണ്ടറികൾ സഹിതമാണ് യുവതാരം സെഞ്ച്വറി സ്വന്തമാക്കിയത്. രഞ്ജി ട്രോഫി സെമിയിൽ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരമെന്ന നേട്ടവും അസ്ഹർ സ്വന്തമാക്കി. മൂന്നാംദിനം മുതൽ ബൗളർമാർക്ക് അനുകൂലമാകുന്നതിനാൽ കൂറ്റൻ സകോർ പടുത്തുയർത്തി ഗുജറാത്തിന് മേൽ സമ്മർദ്ദമുയർത്തുകയാണ് കേരളം ലക്ഷ്യമിടുക.

നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച കേരളത്തിന്റെ തുടക്കം മികച്ചതായി. ഓപ്പണർമാരായ അക്ഷയ് ചന്ദ്രനും(30), രോഹൻ എസ് കുന്നുമ്മലും(30) ചേർന്ന് ഒന്നാം വിക്കറ്റിൽ 60 റൺസ് കൂട്ടിചേർത്തു. എന്നാൽ മൂന്ന് റൺ വ്യത്യാസത്തിൽ ഓപ്പണർമാരെ സന്ദർശകർക്ക് നഷ്ടമായി. അരങ്ങേറ്റ മത്സരം കളിച്ച വരുൺ നായനാരും(10) മടങ്ങിയതോടെ ഒരുവേള കേരളം തിരിച്ചടി നേരിട്ടു. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയും ജലജ് സക്സേനയും ചേർന്ന് സ്‌കോർ 100 കടത്തി. ജലജ് സക്‌സേന(30) മടങ്ങിയെങ്കിലും അസ്ഹറുദ്ദീനെ കൂട്ടുപിടിച്ച് സച്ചിൻ സ്‌കോർ 200 കടത്തുകയായിരുന്നു.


TAGS :

Next Story