പ്രതിരോധിച്ച് ഗുജറാത്ത്; രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ഫൈനൽ പ്രതീക്ഷകൾക്ക് മങ്ങൽ, 429-7
മത്സരം സമനിലയിൽ അവസാനിച്ചാൽ ആദ്യ ഇന്നിങ്‌സിൽ ലീഡ് നേടുന്നവരാകും ഫൈനലിലേക്ക് മുന്നേറുക

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിയിൽ കേരളത്തിന്റെ ഫൈനൽ പ്രതീക്ഷകൾക്ക് മങ്ങൽ. ഒന്നാം ഇന്നിങ്‌സിൽ കേരളത്തിന്റെ 457ന് മറുപടി ബാറ്റിങിനിറങ്ങിയ ഗുജറാത്ത്് നാലാംദിനം കളി അവസാനിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 429 റൺസെന്ന നിലയിലാണ്. 29റൺസ് കൂടി നേടിയാൽ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോർ മറികടന്ന് ഗുജറാത്തിന് ലീഡ് സ്വന്തമാക്കാനാകും. അവസാനദിനമായ നാളെ 28 റൺസ് മുൻപായി ഗുജറാത്തിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയാൽ മാത്രമാകും കേരളത്തിന് ഇനി പ്രതീക്ഷ. നേരത്തെ ഒരു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെന്ന നിലയാണ് ഗുജറാത്ത് നാലാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്.
കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കേരള ബൗളർമാർ ഗുജറാത്തിനെ പ്രതിരോധത്തിലാക്കി. സെഞ്ച്വറിയുമായി പോരാട്ടം മുന്നോട്ട് നയിച്ച പ്രിയാങ്ക് പഞ്ചൽ 148 റൺസുമായി പുറത്തായി. പിന്നാലെ ഏഴിന് 357 എന്ന സ്‌കോറിലേക്ക് ഗുജറാത്തിനെ തള്ളിയിടാനുമായി. എന്നാൽ എന്നാൽ എട്ടാം വിക്കറ്റിൽ ജയ്മീറ്റ് പട്ടേലും സിദ്ദാർത്ഥ് ദേശായിയും ചേർന്നതോടെ പ്രതീക്ഷകൾ അകലാൻതുടങ്ങി. വ്യക്തിഗത സ്‌കോർ 11ൽ നിൽക്കെ സിദ്ദാർത്ഥ് ദേശായി നൽകിയ ക്യാച്ച് അക്ഷയ് ചന്ദ്രൻ വിട്ടുകളഞ്ഞതും തിരിച്ചടിയായി. ജയ്മീറ്റ് 72 റൺസുമായും സിദ്ദാർത്ഥ് 24 റൺസുമായുമാണ് ക്രീസിൽ. ഇരുവരും ചേർന്ന എട്ടാം വിക്കറ്റിൽ ഇതുവരെ 72 റൺസാണ് കൂട്ടിചേർത്തത്. കേരളത്തിനായി ജലജ് സക്‌സേന നാല് വിക്കറ്റെടുത്തു.
Adjust Story Font
16

