Quantcast

ആന്റി ക്ലൈമാക്‌സിൽ ഗുജറാത്തിനെതിരെ രണ്ടു റൺസിന്റെ നിർണായക ലീഡ്; രഞ്ജി ട്രോഫിയിൽ ചരിത്രത്തിലേക്ക് കേരളം

രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ് തുടങ്ങിയ കേരളത്തിന് നാല് വിക്കറ്റ് നഷ്ടമായി

MediaOne Logo

Sports Desk

  • Updated:

    2025-02-21 09:41:11.0

Published:

21 Feb 2025 3:08 PM IST

Crucial lead against Gujarat in anti-climax; Kerala makes history in Ranji Trophy
X

''ആ ഹെൽമറ്റ് പൊന്നുപോലെ സൂക്ഷിക്കണം. ഫൈനലിലേക്കുള്ള പാത തുറന്നത് ആ ഹെൽമറ്റിൽ തട്ടിയായിരുന്നു''. രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ചരിത്ര നേട്ടത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട കമന്റുകളിലൊന്ന് ഇങ്ങനെയായിരുന്നു. ക്ഷമയുടെ, ചെറുത്തുനിൽപ്പിന്റെ, പോരാട്ടവീര്യത്തിന്റെ സമ്മിശ്രമായ ആവേശ ക്രിക്കറ്റിനാണ് കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം സാക്ഷ്യംവഹിച്ചത്. ഒരുപക്ഷെ സമീപകാലത്തെ ഏറ്റവും മികച്ച ആഭ്യന്തര മത്സരങ്ങളിലൊന്ന്. എല്ലാത്തിനുമൊടുവിൽ കാലത്തിന്റെ കാവ്യനീതിയെന്നപോലെ കേരളത്തിന്റെ ഫൈനൽ പ്രവേശനവും.

ഗുജറാത്തിന്റെ അവസാന വിക്കറ്റ് ചെറുത്തുനിൽപ്പ് കണ്ട ആരും ഇങ്ങനെയൊരു ട്വിസ്റ്റുണ്ടാകുമെന്ന് പ്രതീക്ഷിച്ചുകാണില്ല. ഒരുവേള കമന്ററി ബോക്‌സിൽ നിന്നുപോലും പറഞ്ഞു. ജമ്മു കശ്മീരിനെ മറികടന്നപോലെ ഗുജറാത്തിനെ എളുപ്പത്തിൽ വീഴ്ത്താനാൻ കേരളത്തിനാവില്ലെന്ന്. അവിവെച്ചടിവെച്ച് കരുതലോടെ ഓരോ റണ്ണും സ്‌കോർബോർഡിൽ ചേർക്കുമ്പോൾ ആതിഥേയ ഡഗൗട്ട് പ്രതീക്ഷയോടെ ഹർഷാരവങ്ങളായിരുന്നു. മറുഭാഗത്ത് അവസാന വിക്കറ്റ് ലക്ഷ്യമിട്ട് സ്പിന്നർമാരായ ജലജ് സക്‌സേനെയേയും ആദിത്യ സർവാതേയും മാറിമാറി പരീക്ഷിച്ച് കേരള നായകൻ സച്ചിൻബേബി. ഗുജറാത്തിന് അപ്പോൾ ഒന്നാം ഇന്നിങ്‌സിലെ നിർണായക ലീഡിനായി വേണ്ടിയിരുന്നത് മൂന്നേ മൂന്ന് റൺസ്. ആഭ്യന്തര ക്രിക്കറ്റിലെ അത്യാവേശത്തിന്റെ പരകോടിയിൽ ലോകത്തിലെ ഏറ്റവും വലിയ മൈതാനമായ നരേന്ദ്രമോദി സ്‌റ്റേഡിയം. കേരളത്തിന്റെ ആദിത്യ സർവാതേ എറിഞ്ഞ 175ാം ഓവറിലെ നാലാമത്തെ പന്ത്. അതുവരെ പുലർത്തിയ പ്രതിരോധത്തിൽ നിന്ന് മാറി അർസാൻ നാഗസ്വല്ല മികച്ചൊരു അറ്റാക്കിങ് ഷോട്ടിന് ശ്രമിച്ചു. നേരെ ചെന്നുപതിച്ചത് ഷോട്ട് ലെഗ്ഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ. തട്ടിതിരിഞ്ഞ ബോൾ സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന കേരള നായകൻ സച്ചിൻ ബേബിയുടെ കൈകളിലേക്ക്. കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ. ഒരുപക്ഷെ ആ പന്ത് സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ തട്ടിയില്ലെങ്കിൽ കേരളത്തിന്റെ പ്രതീക്ഷകൾ അവിടംകൊണ്ടു തീരുമായിരുന്നു. കുറച്ച് ശ്രമകരമായതാണെങ്കിലും തൊട്ടുമുൻപ് നഷ്ടപ്പെടുത്തിയ ക്യാച്ചിനുള്ള പ്രായശ്ചിത്വം കൂടിയായി അറിഞ്ഞോ അറിയാതെയോ തന്റെ ഹെൽമറ്റിൽ തട്ടിതിരിഞ്ഞ് പോയ ആ ക്യാച്ച്. ആ ഹെൽമറ്റ് ഉയർത്തികാട്ടിയാണ് കേരള താരങ്ങൾ മൈതാനം വിട്ടത്.

ഇതൊരു നിയോഗമാണ്. കേരളം ഏറെ കൊതിച്ച ഫിനാലെയാണിത്. ഇതുവരെയൊഴിക്കിയ വിയർപ്പിനെല്ലാമുള്ള ഉത്തരമായിരുന്നു ഇന്നലെ അഹമ്മദാബാദിൽ കണ്ടത്. ക്വാർട്ടർ ഫൈനലിൽ ജമ്മു കശ്മീരിനെതിരെ ഒരു റണ്ണിന്റെ ലീഡിന്റെ പിൻബലത്തിൽ സെമിയിലെത്തിയതു മുതൽ അടങ്ങാത്ത പോരാട്ടവീര്യവുമായാണ് ആ പതിനൊന്ന് പേർ ഗ്രൗണ്ടിൽ ഇറങ്ങിയത്. രവി ബിഷ്‌ണോയിയടക്കമുള്ള കരുത്തുറ്റ ഗുജറാത്ത് ബൗളിങ് നിരക്കെതിരെ ഒരുവേളയിൽ പോലും പതറായെ കരുതലോടെ മുന്നേറിയ കേരളത്തെയാണ് ഒന്നാംദിനം മുതൽ ആരാധകർ കണ്ടത്. ക്ഷമയുടെ അവസാനംകണ്ടിട്ടും അനാവശ്യ ഷോട്ടിന് ശ്രമിക്കാതെ മണിക്കൂറുകളോളം ക്രീസിൽ തുടർന്ന മുഹമ്മദ് അസ്ഹറുദ്ദീൻ, മികച്ച പിന്തുണയുമായി പാറപോലെ ഉറച്ചുനിന്ന സച്ചിൻ ബേബിയും സൽമാൻ നിസാറും. മറുപടി ബാറ്റിങിൽ ഗുജറാത്ത് മികച്ച നിലയിൽ മുന്നേറുമ്പോഴും അവസാനമൊരു ആന്റി ക്ലൈമാക്‌സുണ്ടാകുമെന്ന് ആരാധകർ വിശ്വസിച്ചിരുന്നു. സ്പിന്നിന് അനുകൂലമായ പിച്ചിൽ ജലജ് സക്‌സേനയും ആദിത്യ സർവ്വാതെയും കേരളത്തിന്റെ പ്രതീക്ഷയുടെ ഭാരമേറ്റെടുത്തു.

അഞ്ചാംദിനമായ ഇന്ന് ഗുജറാത്തിന് ലീഡിലേക്ക് വേണ്ടിയിരുന്നത് വെറും 29 റൺസ്. കൈവശമുള്ളത് മൂന്ന് വിക്കറ്റ്. ക്രീസിൽ രണ്ട് സെറ്റ് ബാറ്റർമാർ. എന്നാൽ ഇതുവരെ എങ്ങനെയെത്തിയെന്ന് നന്നായറിയാവുന്ന കേരളം ഒരുനിമിഷം പോലും പിൻമാറാൻ ഒരുക്കമായിരുന്നില്ല. അവസാനദിനം ജലജ് സ്‌കസേനെയെ പന്തേൽപ്പിക്കുമ്പോൾ സച്ചിൻ ബേബിയുടെ മനസ്സിൽ ആ വലിയ സ്വപ്‌നം മാത്രമായിരുന്നു മനസിൽ. ആദ്യ അഞ്ചോവറുകളിൽ സർവാതെയെയും സക്‌സേനയെയും ക്ഷമയോടെ നേരിട്ട ഗുജറാത്തിന് ആറാം ഓവറിൽ പിഴച്ചു. ആദിത്യ സർവാതെയെ ഫ്രണ്ട് ഫൂട്ടിൽ അറ്റാക്ക് ചെയ്യാനുള്ള ജയ്മീത് പട്ടേലിന് പിഴച്ചു. സ്‌കോർ 436ൽ നിൽക്കെ കേരളത്തിന് ആശ്വാസത്തിന്റെ പൊൻവെളിച്ചമായി എട്ടാംവിക്കറ്റ് വീണു. 79 റൺസെടുത്ത് നാലാംദിനം കേരള സ്വപ്‌നങ്ങൾക്ക് വിലങ്ങായിനിന്ന ജയ്മീത് മടങ്ങിയതോടെ ഗുജറാത്ത് ആടിയുലഞ്ഞു. ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാൻ 21 റൺസ് കൂടി വേണമായിരുന്നു അപ്പോൾ ഗുജറാത്തിന്. കത്തുന്നവെയിലിലും വാടാതെ സന്ദർശകർ അവസാന രണ്ട് വിക്കറ്റിനായി ബൗളിങ് അറ്റാക്ക് ശക്തമാക്കി. ഫീൽഡർമാരെ തേർട്ടിയാർഡ് സർക്കിളിൽ നിർത്തിയ കൃത്യമായ തന്ത്രം. മത്സരത്തിൽ വീണ്ടും അഞ്ച് ഓവറുൾ പിന്നിട്ടു. ഇതിനിടെ ബൗണ്ടറിനേടി കേരളത്തെ ബാക്ഫുട്ടിലാക്കാനും ആതിഥേയർക്കായി. എന്നാൽ മഹാരാഷ്ട്രക്കാരൻ ആദിത്യ സർവ്വാതെ ഒരിക്കൽകൂടി കേരളത്തിന്റെ രക്ഷകനായി. ഇന്നലെ ജയ്മീതിനൊപ്പം ഉറച്ചുനിന്ന സിദ്ധാർത്ഥ് ദേശായിയെ വിക്കറ്റിന് മുന്നിൽ കുരുക്കി വീണ്ടുമൊരു കംബാക്. ഇനി ഒന്നാം ഇന്നിങ്‌സ് ലീഡിനായി ഗുജറാത്തിന് വേണ്ടത് 13 റൺസ്.

അവസാന ബാറ്ററായി പ്രിയാജിത് സിങ് മൈതാനത്തേക്ക് നടന്നടുത്തു. കേരളത്തിന്റെ ഫൈനലിലേക്കുള്ള ദൂരം ഒരു വിക്കറ്റ്. എന്നാൽ തുടക്കംമുതൽ പുലർത്തിയ ചെറുത്ത് നിൽപ്പ് അവസാന വിക്കറ്റിലും ഗുജറാത്ത് തുടർന്നു. പ്രിയാജിത് സിംഗ് ജഡേജയും നാഗ്വസ്വാലയും ചേർന്ന് പ്രതിരോധകോട്ട കെട്ടി. സക്‌സേനയും സർവാതെയും മാറിമാറി പരീക്ഷിച്ചെങ്കിലും ഓരോ റണ്ണും അടിവെച്ചടിച്ച് ആതിഥേയർ ലക്ഷ്യത്തിലേക്കടുത്തു. ഇതിനിടെ നാഗ്വസ്വാലയുടെ ദുഷ്‌കരമായൊരു ക്യാച്ച് ഷോട്ട് ലെഗ്ഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന സൽമാൻ നിസാറിന്റെ കൈകളിൽ നിന്ന് വഴുതിനിലത്തുവീണു. ഒരുവേള മത്സരംതന്നെയാണോ കൈവിട്ടതെന്ന് തോന്നിപ്പിച്ച നിമിഷം. ലീഡ് ചുരുങ്ങി ചുരുങ്ങി മൂന്നിലെത്തി. കേരളത്തിന്റെ ചങ്കിടിപ്പേടി. ഒടുവിൽ കാലത്തിന്റെ കാവ്യനീതിപോലെ കേരളത്തിന്റെ സ്വപ്‌നഫൈനൽ. നാല് വിക്കറ്റ് വീതം വീഴ്ത്തിയ ജലജ് സക്‌സേനയും ആദിത്യ സർവ്വാതെയും കേരളത്തിന്റെ ഹീറോയായി. ഈ ഇതരസംസ്ഥാനക്കാരുടെ പ്രകടനം സ്വപ്‌നനേട്ടത്തിൽ ഏറെ നിർണായകമയായിരുന്നു. ണ്ട് ദിനമായി 71 ഓവറാണ് ജലജ് സക്‌സേന എറിഞ്ഞത്. 45.4 ഓവർ പന്തെറിഞ്ഞ സർവ്വാതെയും ക്രീസിൽ ഉറച്ചുപോയ ഗുജറാത്ത് വിക്കറ്റ് പിഴുതെടുക്കാൻ അഹോരാത്രം പണിയെടുത്തു.

പരിവർത്തനകാലത്തിലൂടെയാണ് കേരള ക്രിക്കറ്റ് ഇപ്പോൾ പോയികൊണ്ടിരിക്കുന്നത്. മുഹമ്മദ് അസ്ഹറുദ്ദീനും സൽമാൻ നിസാറും രോഹൻ എസ് കുന്നുമ്മലുമടക്കം ആഭ്യന്തര ക്രിക്കറ്റിൽ ഒരുപിടി മികച്ച യുവതാരങ്ങൾ. പോയവർഷം നടന്ന കേരള ക്രിക്കറ്റ് ലീഗിലൂടെ വരവറിയിച്ചത് ഒട്ടേറെ പ്രതിഭകൾ. എതിരാളികൾക്ക് വറുതെവന്ന് തോൽപിക്കാവുന്ന ആ പഴയ കാലമൊക്കെ കേരള ക്രിക്കറ്റിൽ എന്നേ അസ്തമിച്ചു കഴിഞ്ഞു. ഇനി തിരിച്ചുവരവിന്റെ കാലമാണ്. മുന്നിൽ ഒട്ടേറെ കനകനേട്ടങ്ങൾ കാത്തിരിക്കുന്നു. ഒരു റണ്ണിന് ക്വാർട്ടറും രണ്ട് റൺസിന് സെമിയും കടന്ന് ആ മിറാക്കിൾ സംഘം ഫൈനൽ കളിക്കാനെത്തുന്നു. മുൻഗാമികൾക്ക് കഴിയാത്ത ആ മോഹകപ്പ് തേടി സച്ചിൻ ബേബിയും സംഘവും അവസാന അങ്കത്തിന് കച്ചമുറുക്കുമ്പോൾ മറ്റൊരു അത്ഭുതത്തിനായി കാത്തിരിക്കാം.

TAGS :

Next Story