Quantcast

സച്ചിൻ ബേബിക്ക് സെഞ്ച്വറി; ഒഡീഷക്കെതിരെ കേരളം ഭേദപ്പെട്ട നിലയിൽ, ആദ്യ ദിനം-245-6

ആദ്യദിനം കളി അവസാനിക്കുമ്പോൾ 72 റൺസുമായി അസറുദ്ദീനും മൂന്ന് റൺസുമായി സർവാതെയുമാണ് ക്രീസിൽ

MediaOne Logo

Sports Desk

  • Published:

    18 Oct 2026 7:02 PM IST

Century for Sachin Baby; Kerala in a decent position against Odisha, 245-6 on the first day.
X

തിരുവനന്തപുരം: ഒഡീഷക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോൾ കേരളം ആറ് വിക്കറ്റിന് 245 റൺസെന്ന നിലയിൽ. സച്ചിൻ ബേബിയുടെയും മുഹമ്മദ് അസറുദ്ദീന്റേയും മികവിലാണ് കേരളം തുടക്കത്തിലെ തകർച്ചയിൽ നിന്നും കരകയറിയത്. സച്ചിൻ സെഞ്ച്വറി നേടി(235 പന്തിൽ 112) മടങ്ങിയപ്പോൾ അസറുദ്ദീൻ 72 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്.

സ്വന്തം തട്ടകമായ ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 18 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. അക്കൗണ്ട് തുറക്കാതെ മടങ്ങിയ അഭിഷേക് പി. നായരാണ് ആദ്യം പുറത്തായത്. തുടർന്നെത്തിയ ജലജ് സക്‌സേനയും പൂജ്യത്തിന് മടങ്ങി. 11 റൺസെടുത്ത അഭിഷേക് ജെ. നായരുടെ വിക്കറ്റ് കൂടി നഷ്ടമായി തകർച്ചയെ അഭിമുഖീകരിച്ച കേരളത്തെ സച്ചിൻ ബേബിയും ക്യാപ്റ്റൻ വിഷ്ണു വിനോദും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 40 റൺസ് കൂട്ടിച്ചേർത്തു. 21 റൺസെടുത്ത വിഷ്ണു വിനോദ് സൗമ്യ രഞ്ജന്റെ പന്തിൽ പുറത്തായി. തുടർന്നെത്തിയ സൽമാൻ നിസാർ (21) ബാദൽ ബിസ്വാളിന് വിക്കറ്റ് നൽകി മടങ്ങുമ്പോൾ അഞ്ച് വിക്കറ്റിന് 101 റൺസെന്ന നിലയിലാണ് കേരളം.

തുടർന്ന് സച്ചിൻ ബേബിയും മുഹമ്മദ് അസറുദ്ദീനും ചേർന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തിന്റെ ഇന്നിങ്‌സിന് കരുത്ത് പകർന്നത്. കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് 141 റൺസ് കൂട്ടിച്ചേർത്തു. ചായയ്ക്ക് ശേഷം കളി പുനരാരംഭിച്ച് വൈകാതെ തന്നെ സച്ചിൻ ബേബി തന്റെ സെഞ്ച്വറി തികച്ചു. ലളിത് യാദവിന്റെ പന്തിൽ സിംഗിളെടുത്താണ് സച്ചിൻ തന്റെ 16-ാം സെഞ്ച്വറി പൂർത്തിയാക്കിയത്. തൊട്ടടുത്ത ഓവറിൽ മുഹമ്മദ് അസറുദ്ദീൻ അമ്പതും തികച്ചു. ഒടുവിൽ ആദ്യ ദിവസത്തെ കളി അവസാനിക്കുന്നതിന് തൊട്ടുമുൻത്തെ ഓവറിലാണ് സച്ചിൻ ബേബിയുടെ വിക്കറ്റ് നഷ്ടമായത്. 11 ബൗണ്ടറികളും ഒരു സിക്‌സുമടക്കം 112 റൺസെടുത്താണ് സച്ചിൻ മടങ്ങിയത്. കളി നിർത്തുമ്പോൾ മുഹമ്മദ് അസറുദ്ദീൻ 72-ഉം ആദിത്യ സർവാടെ മൂന്നും റൺസുമായി ക്രീസിലുണ്ട്.

TAGS :

Next Story