രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി വിദർഭ; തലയുയർത്തി കേരളത്തിന്റെ മടക്കം
ആദ്യ ഇന്നിങ്‌സിൽ കേരളത്തിനെതിരെ നേടിയ ലീഡിന്റെ ബലത്തിലാണ് വിദർഭ ചാമ്പ്യൻമാരായത്

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ അവസാന ദിനവും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. വിദർഭയുടെ ചെറുത്ത്‌നിൽപ്പിന് മുന്നിൽ സമനില വഴങ്ങി കേരളം.അഞ്ചാം ദിനം ബാറ്റ് ചെയ്ത ആതിഥേയർ രണ്ടാം ഇന്നിങ്‌സിൽ 375-9 എന്ന നിലയിൽ നിൽക്കെ ഇരു ടീമുകളും സമനിലക്ക് സമ്മതിക്കുകയായിരുന്നു. വിദർഭ ലീഡ് 400 മുകളിലെത്തിയതോടെ കേരളത്തിന്റെ സാധ്യതകൾ അവസാനിച്ചിരുന്നു. ആദ്യ ഇന്നിങ്‌സിലെ 37 റൺസിന്റെ ലീഡിന്റെ ബലത്തിലാണ് വിദർഭ ചാമ്പ്യൻമാരായത്. സീസണിൽ ഒരു മത്സരം പോലും തോൽക്കാതെ തല ഉയർത്തിയാണ് കേരളത്തിന്റെ മടക്കം. ചരിത്രത്തിൽ ആദ്യമായാണ് കേരളം രഞ്ജി ഫൈനൽ കളിക്കുന്നത്. വിദർഭയുടെ മൂന്നാം കിരീടമാണിത്. സ്‌കോർ: വിദർഭ 379 & 375/9, കേരളം 342.
അഞ്ചാം ദിനത്തിൽ കരുൺ നായറെ ആദ്യ സെഷനിൽ തന്നെ പുറത്താക്കാൻ കേരളത്തിനായി. ഇതോടെ മത്സരത്തിൽ നേരിയ പ്രതീക്ഷയുണ്ടായി. 135 റൺസെടുത്ത കരുണിനെ ആദിത്യ സർവാതെ മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈകളിലെത്തിക്കുകയായിരുന്നു. എന്നാൽ ഒൻപതാമനായി ക്രീസിലെത്തിയ ദർശൻ നാൽകണ്ഡെയുടെ പ്രകടനം വിദർഭയെ 400ന് മുകളിൽ ലീഡിലേക്കെത്തിച്ചു.ഇതോടെ കേരളത്തിന് ടി20 ശൈലിയിൽ കളിച്ചാലും ലക്ഷ്യം എത്തിപ്പിടിക്കാനാവാത്ത സ്ഥിതിവന്നു. നാൽകണ്ഡ്യെ അർധസെഞ്ച്വറി(51) പൂർത്തിയാക്കിയ ഉടനെയാണ് കേരളം സമനിലക്ക് വഴങ്ങിയത്. വാലറ്റതാരങ്ങളായ അക്ഷയ് കർണേവാറും(30) മികച്ച പിന്തുണ നൽകി. ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സിൽ അർധസെഞ്ച്വറിയും നേടിയ ഡാനിഷ് മേലവാറാണ് ഫൈനലിലെ താരം.
Adjust Story Font
16

