രഞ്ജി ട്രോഫിയിൽ ഡ്രൈവിങ് സീറ്റിൽ വിദർഭ; കേരളത്തിനെതിരെ 286 റൺസ് ലീഡ്, 249-4
നാലാം ദിനം കളി അവസാനിക്കുമ്പോൾ 132 റൺസുമായി കരുൺ നായരും 4 റൺസുമായി അക്ഷയുമാണ് ക്രീസിൽ

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ വിദർഭ മികച്ച ലീഡിലേക്ക്. നാലാം ദിനം കളി അവസാനിക്കുമ്പോൾ 249-4 എന്ന നിലയിലാണ് ആതിഥേയർ. ഇതുവരെ 286 റൺസ് ലീഡായി. 132 റൺസുമായി കരുൺ നായരും നാല് റൺസുമായി അക്ഷയ് വഡേക്കറുമാണ് ക്രീസിൽ. 37 റൺസ് ലീഡുമായി നാലാംദിനം ബാറ്റിങിനിറങ്ങിയ വിദർഭയുടെ തുടക്കം മികച്ചതായിരുന്നില്ല. സ്‌കോർ ബോർഡിൽ അഞ്ച് റൺസ് ചേർക്കുന്നതിനിടെ പാർത്ഥ് രേകാടെയെ പുറത്താക്കി സ്പിന്നർ ജലജ് സ്‌ക്‌സേനെ മികച്ച തുടക്കം നൽകി. തൊട്ടുപിന്നാലെ ഓപ്പണർ ധ്രുവ് ഷോറിയെ(5) നിധീഷ് അസ്ഹറുദ്ദീന്റെ കൈകളിലെത്തിച്ചു. ഇതോടെ കേരള ക്യാമ്പിൽ പ്രതീക്ഷയുയർന്നു.
എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഡാനിഷ് മലേവാർ-കരുൺ നായർ കൂട്ടുകെട്ട് വിദർഭയുടെ ഇന്നിങ്‌സ് പടുത്തുയർത്തി. ഇതിനിടെ കരുൺ നായറുടെ അനായാസ ക്യാച്ച് സ്ലിപിൽ അക്ഷയ് ചന്ദ്രൻ വിട്ടുകളഞ്ഞത് കേരളത്തിന് തിരിച്ചടിയായി. ആദ്യ രണ്ട് സെഷനുകളിൽ നിലയുറപ്പിച്ച് ഇരുവരും ആതിഥേയരെ മികച്ച ലീഡിയേക്ക് നയിച്ചു. ഇതോടെ കേരളത്തിന്റെ സാധ്യതകൾ മങ്ങി തുടങ്ങി. ഒടുവിൽ നാലാം ദിനത്തിലെ അവസാന സെഷനിൽ ഡാനിഷ് മലേവാറിനെ(73) പുറത്താക്കി അക്ഷയ് ചന്ദ്രൻ ബ്രേക്ക് ത്രൂ നൽകി.
പിന്നാലെ യാഷ് റാത്തോഡിനെ(24) സർവാതെ വിക്കറ്റിന് മുന്നിൽ കുരുക്കി. എന്നാൽ ഒരുഭാഗത്ത് അടിയുറച്ചുനിന്ന കരുൺ നായർ കേരള ബൗളർമാരെ കരുതലോടെ നേരിട്ട് ഇന്നിങ്‌സ് പടുത്തുയർത്തി. 280 പന്തിൽ പത്ത് ഫോറും രണ്ട് സിക്‌സറും സഹിതം 132 റൺസുമായാണ് മലയാളി താരം ക്രീസിൽ തുടരുന്നത്. അവസാന ദിനമായ നാളെ ആദ്യ സെഷനിൽ തന്നെ വിദർഭയെ ഓൾഔട്ടാക്കിയാൽ മാത്രമാണ് കേരളത്തിന് പ്രതീക്ഷയുള്ളത്. മത്സരം സമനിലയിൽ അവസാനിച്ചാൽപോലും ആദ്യ ഇന്നിങ്‌സിലെ ലീഡിന്റെ മികവിൽ വിദർഭക്ക് കിരീടം ചൂടാനാകും
Adjust Story Font
16

