Quantcast

അവസാന ഓവർ ത്രില്ലറിൽ കേരളത്തിന് ജയം; തകർത്തടിച്ച് ഏദൻ ആപ്പിൾ ടോം

MediaOne Logo

Sports Desk

  • Published:

    31 Dec 2025 7:01 PM IST

അവസാന ഓവർ ത്രില്ലറിൽ കേരളത്തിന് ജയം; തകർത്തടിച്ച് ഏദൻ ആപ്പിൾ ടോം
X

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് രാജസ്ഥാനെതിരെ രണ്ട് വിക്കറ്റ് ജയം. രാജസ്ഥാൻ ഉയർത്തിയ 344 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് കേരളം മറികടന്നത്. ഒമ്പതാമനായി ക്രീസിലെത്തി 18 പന്തിൽ 40 റൺസെടുത്ത ഏദൻ ആപ്പിൾ ടോമിന്റെ വെടിക്കെട്ട് ബാറ്റിങാണ് കേരളത്തിന് അവിശ്വസനീയ ജയം സമ്മാനിച്ചത്. അവസാന ഓവറിൽ 22 റൺസാണ് കേരളം അടിച്ചെടുത്തത്. സെഞ്ച്വറിയുമായി ബാബ അപരാജിതും തിളങ്ങി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തത് രാജസ്ഥാൻ രണ്ടാമനായി ബാറ്റിങ്ങിനിറങ്ങിയ കരൺ ലാമ്പയുടെ സെഞ്ച്വറിയുടെ കരുത്തിൽ 343 റൺസാണ് സ്കോർ ചെയ്തത്. 131 പന്തിൽ ആറ് ബൗണ്ടറിയും നാല് സിക്സറുകളുമായി പുറത്താകാതെ 119 റൺസാണ് കരൺ നേടിയത്. ഒപ്പം ബാറ്റ് ചെയ്ത ദീപക് ഹൂഡയുടെ 86 റൺസും രാജസ്ഥാനെ കൂറ്റൻ സ്കോറിലെത്താൻ സഹായിച്ചു. കരൺ ലാമ്പയും ദീപക് ഹുഡയും ചേർന്ന് 171 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഒമ്പത് ഓവറിൽ 55 റൺസ് വിട്ട് കൊടുത്ത് 3 വിക്കറ്റ് കരസ്ഥമാക്കിയ മുഹമ്മദ് ഷറഫുദീനാണ് കേരള ബൗളിംഗ് നിരയിൽ താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കത്തിലേ കാലിടറി. ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. പിന്നാലെ വന്ന ബാബാ അപരാജിതും ഓപ്പണറായ കൃഷ്ണ പ്രസാദും ചേർന്ന് കെട്ടിപ്പടുത്ത 152 റൺസ് കൂട്ടുകെട്ടാണ് കേരളത്തിന് അടിത്തറയേകിയത്. 26ാം ഓവറിൽ അശോക് ശർമയുടെ പന്തിൽ പുറത്തായ കൃഷ്ണ പ്രസാദ് 53 റൺസാണ് സ്‌കോർ ചെയ്തത്. തുടർന്നും ബാറ്റ് ചെയ്ത ബാബ അപരാജിത് തന്റെ സെഞ്ച്വറി പൂർത്തിയാക്കി. 116 പന്തിൽ 12 ബൗണ്ടറികളും നാല് സിക്‌സറും പറത്തി 126 റൺസാണ് ബാബാ അപരാജിത് സ്കോർ ചെയ്തത്. 35ാം ഓവറിൽ അനികേതിൻ്റെ പന്തിൽ ബാബാ അപരാജിത് പുറത്താകുമ്പോൾ കേരളത്തിന്റെ സ്കോർ നാല് വിക്കറ്റ് നഷ്ടത്തിൽ 226 എന്ന നിലയിലായിരുന്നു. പുറകെ വന്നവരെല്ലാം വീണപ്പോൾ ഒമ്പതാമനായി ക്രീസിലെത്തിയ ഏദൻ ആപ്പിൾ ടോമിന്റെ തകർപ്പൻ ബാറ്റിങ്ങാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. 18 പന്തിൽ അഞ്ചു സിക്സർ പറത്തി 40 റൺസാണ് ഏദൻ നേടിയത്. അവസാന പന്തിൽ സിക്സറടിച്ചാണ് ഏദൻ കേരളത്തിന് വിജയം സമ്മാനിച്ചത്.

ജനുവരി മൂന്നിന് ജാർഖണ്ടിനെതിരെയാണ് കേരളത്തിന് ടൂർണമെന്റിലെ അടുത്ത മത്സരം. നാല് മത്സരങ്ങളിൽ രണ്ട് വിജയവുമായി എട്ട് പോയിന്റാണ് കേരളത്തിന് നിലവിലുള്ളത്.

TAGS :

Next Story