Quantcast

ജോലിഭാരം കുറയും, തീവ്രത കുറയില്ല: ക്യാപ്ടൻ സ്ഥാനം ഒഴിഞ്ഞതിനെപ്പറ്റി വിരാട് കോലി

ക്യാപ്ടൻസി ഒഴിഞ്ഞെങ്കിലും കളിക്കളത്തിലെ തീവ്രതയേറിയ തന്റെ മനോഭാവത്തിന് കുറവൊന്നുമുണ്ടാകില്ലെന്നും 33-കാരൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    9 Nov 2021 4:35 AM GMT

ജോലിഭാരം കുറയും, തീവ്രത കുറയില്ല: ക്യാപ്ടൻ സ്ഥാനം ഒഴിഞ്ഞതിനെപ്പറ്റി വിരാട് കോലി
X

ഇന്ത്യ ടി20 ടീമിന്റെ നായകസ്ഥാനം ഒഴിയുന്നതിലൂടെ തന്റെ ജോലിഭാരം കുറയുമെങ്കിലും കളിയിലെ തീവ്രമനോഭാവം ഉപേക്ഷിക്കില്ലെന്ന് വിരാട് കോലി. ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിലെ വിജയത്തിനു ശേഷമാണ് കോലി ഇക്കാര്യം പറഞ്ഞത്.

'ആശ്വാസമാണ് ഇപ്പോൾ തോന്നുന്ന വികാരം. ക്യാപ്ടൻസി വലിയൊരു ബഹുമതിയായിരുന്നു. പക്ഷേ, കാര്യങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ടതുണ്ട്. എന്റെ ജോലിഭാരം ക്രമീകരിക്കാൻ ഏറ്റവും ഉചിതമായ സമയമായിരുന്നു ഇത്. കഴിഞ്ഞ ആറേഴ് വർഷങ്ങളിൽ തീവ്രമാ ക്രിക്കറ്റായിരുന്നു. കളത്തിലിറങ്ങുമ്പോൾ നമ്മളെ പൂർണമായും നമ്മൾ ഇറക്കുകയാണ്.'

'ഈ കാലഘട്ടം രസകരമായിരുന്നു. മികച്ച ഒട്ടേറെ സഹതാരങ്ങൾ. ഒരു ടീമെന്ന നിലയിൽ ഞങ്ങൾ വളരെ നന്നായി കളിച്ചു. ഈ ലോകകപ്പിൽ ഞങ്ങൾക്ക് പ്രതീക്ഷിച്ചത്ര പോകാനായില്ലെന്നറിയാം. എന്നാലും ടി20-യിൽ ഞങ്ങളുടെ പ്രകടനം മികച്ചതായിരുന്നു. ടി20 ക്രിക്കറ്റ് ബലാബലത്തിന്റേതാണ്. ആദ്യരണ്ട് മത്സരങ്ങളിൽ തീവ്രതയോടെയുള്ള രണ്ട് ഓവറുകൾ മത്സരങ്ങളുടെ ഫലങ്ങൾ തന്നെ മാറ്റിമറിച്ചേനെ. ഞാൻ മുമ്പ് പറഞ്ഞ പോലെ ഞങ്ങൾ വേണ്ടത്ര ധൈര്യം കാണിച്ചില്ല. ടോസ് ലഭിച്ചില്ല എന്ന ഒഴികഴിവ് പറയുന്ന ടീമല്ല ഞങ്ങൾ.' കോലി പറഞ്ഞു.

ക്യാപ്ടൻസി ഒഴിഞ്ഞെങ്കിലും കളിക്കളത്തിലെ തീവ്രതയേറിയ തന്റെ മനോഭാവത്തിന് കുറവൊന്നുമുണ്ടാകില്ലെന്നും 33-കാരൻ പറഞ്ഞു.

'തീവ്രത ഒരിക്കലും മാറാൻ പോകുന്നില്ല. തീവ്രതയോടെയല്ലെങ്കിൽ ഞാൻ കളിക്കില്ല. ഞാൻ ക്യാപ്ടൻ അല്ലാതിരുന്ന സമയത്തും കളി എങ്ങോട്ടാണ് പോകുന്നതെന്ന കാര്യത്തിൽ ഞാൻ ബദ്ധശ്രദ്ധനായിരുന്നു. ഒന്നും ചെയ്യാതെ വെറുതെ നോക്കിനിൽക്കുന്നതല്ല എന്റെ രീതി.' - താരം വ്യക്തമാക്കി.

കോലി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിൽ വെറ്ററൻ താരം രോഹിത് ശർമയാകും ടി20 ടീമിനെ നയിക്കുക എന്നാണ് സൂചന. രോഹിത് ക്യാപ്ടൻസി ഏറ്റെടുക്കാൻ തയാറാണെന്ന് സ്ഥാനമൊഴിയുന്ന കോച്ച് രവിശാസ്ത്രി പറഞ്ഞു. നിരവധി ഐ.പി.എൽ കിരീടങ്ങൾ സ്വന്തം പേരിലുള്ള രോഹിത് ശർമ ദേശീയ ടീമിന്റെ ക്യാപ്ടനാവാൻ എന്തുകൊണ്ടും യോഗ്യനാണെന്നും പുതിയ കോച്ച് രാഹുൽ ദ്രാവിഡിനും ഇക്കാര്യത്തിൽ എതിരഭിപ്രായമുണ്ടാകാനിടയില്ലെന്നും ശാസ്ത്രി പറഞ്ഞു.

TAGS :

Next Story