Quantcast

ചഹലിന് പകരമെത്തി; തീയായി കുൽദീപ്, 200 വിക്കറ്റ് നേട്ടവും സ്വന്തം

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് നായകൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി

MediaOne Logo

Sports Desk

  • Updated:

    2023-01-12 12:53:55.0

Published:

12 Jan 2023 12:27 PM GMT

ചഹലിന് പകരമെത്തി; തീയായി കുൽദീപ്, 200 വിക്കറ്റ് നേട്ടവും സ്വന്തം
X

കൊൽക്കത്ത: ലെഗ് സൈഡിലൂടെ ശ്രീലങ്കൻ നായകൻ ദസുൻ ഷനകയുടെ കുറ്റി കുൽദീപ് യാദവ് തെറിപ്പിക്കുന്ന കാഴ്ച ആരും ഓർത്തിരിക്കും. കാരണം ആദ്യ ഏകദിനത്തിലെ സെഞ്ച്വറി നേടിയതടക്കം (108) മികച്ച ഫോമിലാണ് ശനക കളിക്കുന്നത്. ഈ താരമടക്കം മൂന്നു പ്രധാന വിക്കറ്റുകളാണ് കുൽദീപ് വീഴ്ത്തിയത്. കുസാൽ മെൻഡിസ്, ചരിത് അസലങ്ക എന്നിവരാണ് മറ്റു ഇരകൾ. ആദ്യ ഏകദിനത്തിലെ ഫീൽഡിംഗിനിടെ യുസ്‌വേന്ദ്ര ചഹലിന് വലത് ചുമലിൽ പരിക്കേറ്റതോടെയാണ് കുൽദീപിന് അന്തിമ ഇലവനിൽ ഇടം കിട്ടിയത്. എന്നാൽ താരം നന്നായി തന്നെ അവസരം ഉപയോഗപ്പെടുത്തി. ഇന്നത്തെ മത്സരത്തോടെ 200 അന്താരാഷ്ട്രാ വിക്കറ്റുകളെന്ന നേട്ടം ഈ 28കാരൻ സ്വന്തമാക്കി.

മുഹമ്മദ് സിറാജ് പതിവ് പോലെ മികച്ച പ്രകടനം കാഴ്ചവെച്ചു. ഓപ്പണറായി തുടർ ബൗണ്ടറികളിലൂടെ മുന്നേറിയ അവിഷ്‌ക്ക ഫെർണാണ്ടോയെ വൊബിൾ സീം ഡെലിവറിയിലൂടെ വീഴ്ത്തിയായിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് ദുനിത് വെല്ലലാഗെയെയും ലാഹിരു കുമാരയെയും സിറാജ് മടക്കിയയച്ചു.

ഈഡൻ ഗാർഡനിൽ പുരോഗമിക്കുന്ന രണ്ടാം ഏകദിനത്തിൽ 215 റൺസിനാണ് ലങ്ക പുറത്തായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടമായി. രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി എന്നിവരൊക്കെ പുറത്തായിരിക്കുകയാണ്.

ഇന്നത്തെ മത്സരം കാണാൻ ബിസിസിഐയുടെ മുൻ പ്രസിഡൻറ് സൗരവ് ഗാംഗൂലിയടക്കമുള്ള പ്രമുഖർ എത്തിയിട്ടുണ്ട്. മത്സരം തുടങ്ങുന്നതിന്റെ മുന്നോടിയായി ഈഡൻ ഗാർഡനിലെ പ്രശസ്ത മണി മുഴക്കിയത് കമൻററി ടീമിന്റെ ഭാഗം കൂടിയായ മുൻ ശ്രീലങ്കൻ ക്രിക്കറ്റർ കുമാർ സംഗക്കാരയാണ്.

മൂന്നു മുൻനിര ലങ്കൻ ബാറ്റർമാരെ പുറത്താക്കി കുൽദീപാണ് മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയത്. അർധസെഞ്ച്വറി നേടിയ നുവാനിദു ഫെർനാൻഡോ(50) മാത്രമാണ് ലങ്കൻ സംഘത്തിൽ പൊരുതിനോക്കിയത്. നേരത്തെ, ടോസ് നേടി ലങ്കൻ നായകൻ ദാസുൻ ഷനക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു തുടക്കം. ഒരുവശത്ത് ആവിഷ്‌ക ഫെർനാൻഡോ ആക്രമിച്ചു കളിച്ചപ്പോൾ കരുതലോടെയായിരുന്നു നുവാനിദുവിന്റെ തുടക്കം. ഇരുവരും ചേർന്ന് ലങ്കയെ മികച്ച സ്‌കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ മുഹമ്മദ് സിറാജാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചത്.

17 പന്തിൽ നാല് ബൗണ്ടറിയടിച്ച് 20 റൺസുമായി നിന്ന ആവിഷ്‌ക്കയെ ഞെട്ടിച്ച് സിറാജിന്റെ മനോഹരമായൊരു വൊബിൾ സീം ഡെലിവറി. കുറ്റിയും പിഴുതാണ് പന്ത് കടന്നുപോയത്. രണ്ടാം വിക്കറ്റിൽ കുശാൽ മെൻഡിസുമായി കൂട്ടുചേർന്ന് നുവാനിദു ലങ്കൻ ഇന്നിങ്സ് പടുത്തുയർത്തി. ആക്രമണമൂഡിലായിരുന്നു മെൻഡിസ്. സിക്സറും ബൗണ്ടറികളുമായി അടിച്ചുതകർത്ത് അർധസെഞ്ച്വറിയിലേക്കുള്ള മെൻഡിസിന്റെ കുതിപ്പ് പക്ഷെ കുൽദീപ് തകർത്തു. വിക്കറ്റിനു മുന്നിൽ കുരുങ്ങി മടങ്ങുമ്പോൾ ഒരു സിക്സും മൂന്നു ഫോറും സഹിതം 34 റൺസായിരുന്നു മെൻഡിസിന്റെ സമ്പാദ്യം.

നാലാമനായി ഇറങ്ങിയ ധനഞ്ജയ ഡി സിൽവ നേരിട്ട ആദ്യ പന്തിൽ തന്നെ ഗോൾഡൻ ഡക്കായി മടങ്ങി. അക്സർ പട്ടേലിന്റെ പന്തിൽ ക്ലീൻ ബൗൾഡായാണ് താരം പുറത്തായത്. ചാരിത് അസലങ്കയെ(15) പുറത്താക്കി കുൽദീപ് വീണ്ടും മത്സരം ഇന്ത്യൻ കൈയിലെത്തിച്ചു. ഇതിനിടെ അർധസെഞ്ച്വറി പിന്നിട്ട നുവാനിദു ഫെർനാൻഡോ റൺഔട്ടിൽ പുറത്താകുകയും ചെയ്തു. 63 പന്ത് നേരിട്ട് ആറ് ബൗണ്ടറി സഹിതമാണ് താരം 50 റൺസ് അടിച്ചത്.

ആറാമനായി ഇറങ്ങിയ നായകൻ ഷനകയ്ക്ക് ഇത്തവണ അത്ഭുതങ്ങളൊന്നും ചെയ്യാനായില്ല. ആദ്യ മത്സരത്തിൽ അവിസ്മരണീയമായ സെഞ്ച്വറി ഇന്നിങ്സിലൂടെ വിസ്മയിപ്പിച്ച ഷനക(രണ്ട്) കുൽദീപിന്റെ പന്തിൽ ക്ലീൻബൗൾഡായാണ് പുറത്തായത്. എന്നാൽ, തുടർന്ന് ലങ്കൻ വാലറ്റത്തിന്റെ കൗണ്ടർ അറ്റാക്കാണ് കണ്ടത്.

വനിന്ദു ഹസരങ്ക 17 പന്തിൽ ഒരു സിക്സും മൂന്ന് ഫോറും സഹിതം 21 റൺസെടുത്തു പുറത്തായി. ഉമ്രാൻ മാലികാണ് താരത്തെ അക്സർ പട്ടേലിന്റെ കൈയിലെത്തിച്ച് മടക്കിയയച്ചത്. പിന്നാലെ വമ്പനടികളുമായി കളംനിറഞ്ഞു ചാമിക കരുണരത്നെയും ദുനിത് വെല്ലലാഗെയെയും. 17 റൺസെടുത്ത ചാമികയെ ഉമ്രാൻ മാലിക് വീണ്ടും അക്സറിന്റെ കൈയിലെത്തിച്ചു. പിന്നാലെ വെല്ലലാഗെയെ മുഹമ്മദ് സിറാജും പുറത്താക്കി. ഒരു സിക്സും മൂന്ന് ഫോറുമടക്കം 32 റൺസെടുത്താണ് താരം ഇന്ത്യയ്ക്ക് ഭീഷണിയുയർത്തിയത്. 17 റൺസുമായി കസുൻ രജിത പുറത്താകാതെ നിന്നു. ഇന്ത്യൻ ബൗളർമാരിൽ മൂന്നുവീതം വിക്കറ്റെടുത്ത കുൽദീപും സിറാജുമാണ് തിളങ്ങിയത്. ഉമ്രാന് രണ്ടു വിക്കറ്റും അക്സർ പട്ടേലിന് ഒരു വിക്കറ്റും ലഭിച്ചു.

Kuldeep achived 200 international wickets to his name

TAGS :

Next Story