Quantcast

ഐപിഎൽ: ലഖ്‌നൗ ടീം പേര് പ്രഖ്യാപിച്ചു

ലേലത്തിന് മുമ്പ് താരങ്ങളെ തെരഞ്ഞെടുക്കാനുള്ള അവസരത്തിൽ ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുലിനെ 17 കോടിക്ക് ടീം സ്വന്തമാക്കിയിരുന്നു.

MediaOne Logo

Web Desk

  • Published:

    25 Jan 2022 7:28 AM IST

ഐപിഎൽ: ലഖ്‌നൗ ടീം പേര് പ്രഖ്യാപിച്ചു
X

ഐപിഎൽ സീസൺ 15 ന്റെ മെഗാലേലം അടുക്കുന്നതിനിടെ ഈ വർഷം പുതുതായി ചേർക്കപ്പെട്ട ടീമുകളിലൊന്നായ സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ലഖ്‌നൗ ടീം തങ്ങളുടെ പേര് പ്രഖ്യാപിച്ചു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എന്നാണ് ടീമിന്റെ പേര്.

സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പ് 7090 കോടിക്കായിരുന്നു ടീമിനെ സ്വന്തമാക്കിയത്. ലേലത്തിന് മുമ്പ് താരങ്ങളെ തെരഞ്ഞെടുക്കാനുള്ള അവസരത്തിൽ ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുലിനെ 17 കോടിക്ക് ടീം സ്വന്തമാക്കിയിരുന്നു. രാഹുലായിരിക്കും ടീമിന്റെ ക്യാപ്റ്റൻ. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടിയ പ്രതിഫലമാണിത്. നേരത്തെ വിരാട് കോഹ്ലിയും 17 കോടി പ്രതിഫലത്തിൽ 2018 മുതൽ 2021 വരെ ബാഗ്ലൂർ ടീമിൽ കളിച്ചിരുന്നു.

രാഹുലിനെ കൂടാതെ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്‌റ്റോനിസിനെയും ലഖ്‌നൗ സ്വന്തമാക്കിയിരുന്നു. 9.2 കോടിക്കാണ് കഴിഞ്ഞ സീസണിൽ ഡൽഹിയുടെ ഭാഗമായിരുന്ന സ്‌റ്റോനിസിനെ ലഖ്‌നൗ സ്വന്തമാക്കിയത്. അത് കൂടാതെ ഇന്ത്യൻ യുവതാരം രവി ബിഷ്‌ണോയിയെ 4 കോടിക്ക് ടീം സ്വന്തമാക്കിയിരുന്നു.

ലഖ്‌നൗവിനൊപ്പം ഈ വർഷത്തെ പുതുതായി ലീഗിൽ ഉൾപ്പെട്ട ടീമായ അഹമ്മദാബാദ് ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക്ക് പാണ്ഡ്യയേയും അഫ്ഗാൻ സൂപ്പർ താരം റാഷിദ് ഖാനെയും 15 കോടിക്ക് ടീമിലെത്തിച്ചിട്ടുണ്ട്. ഹർദിക്കായിരിക്കും ടീമിന്റെ ക്യാപ്റ്റൻ.

TAGS :

Next Story