Quantcast

'ഒരിക്കലും വിട്ടുകൊടുക്കില്ല': തുറന്ന് പറഞ്ഞ് മായങ്ക് അഗർവാൾ

കരിയറിലെ മോശം ഫോമിലൂടെ കടന്നുപോകുന്ന മായങ്ക് അഗര്‍വാള്‍ ഇന്ത്യൻ ക്രിക്കറ്റിലേക്ക് മടങ്ങിവരാനൊരുങ്ങുകയാണ്.

MediaOne Logo

Web Desk

  • Published:

    24 Aug 2022 1:02 PM GMT

ഒരിക്കലും വിട്ടുകൊടുക്കില്ല: തുറന്ന് പറഞ്ഞ് മായങ്ക് അഗർവാൾ
X

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ഐ.പി.എൽ സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ ബാറ്റര്‍ മായങ്ക് അഗർവാളിന്റെത്. പഞ്ചാബ് കിങ്‌സിന്റെ നായകനാണെങ്കിലും ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ജേഴ്‌സിയിൽ ഒരിക്കല്‍കൂടി അവസരം ലഭിക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് താരം. കരിയറിലെ മോശം ഫോമിലൂടെ കടന്നുപോകുന്ന താരം ഇന്ത്യൻ ക്രിക്കറ്റിലേക്ക് മടങ്ങിവരാനൊരുങ്ങുകയാണ്.

മോശം ഫോമിനെതുടർന്ന് താരത്തിന്റെ ടെസ്റ്റ് പൊസിഷനിൽ പോലും ചലനം സംഭവിച്ചു താഴോട്ടിറങ്ങി. ഇന്ത്യയുടെ ടി20 ടീമിലേക്ക് താരത്തിന് ഇതുവരെ അവസരം ലഭിച്ചതുമില്ല. അതുകൊണ്ട് തന്നെ ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കുകയാണ് താരം. 'കഴിഞ്ഞ നാല് മാസമായി കഠിന പ്രയത്‌നത്തിലാണ്, സ്വീപിങും റിവേഴ്‌സ് സ്വീപിങ്ങുമൊക്കെ പരിശീലിക്കുകയാണ്. ഫാസ്റ്റ് ബൗളർമാർക്കെതിരെയും സ്വീപുകൾ ചെയ്യുന്നു- മായങ്ക് അഗർവാൾ വ്യക്തമാക്കി. കഴിഞ്ഞ വർഷങ്ങളിൽ മികച്ച പരിശീലനമാണ് പുറത്തെടുത്തിരുന്നതെന്നും അതിന്റെ പ്രതിഫലമായിരുന്നു ടീമിലേക്കുള്ള പ്രവേശനമെന്നും മായങ്ക് പറഞ്ഞു.

ആഭ്യന്തര ടൂർണമെന്റായ മഹാരാജ ട്രോഫിയിൽ മികച്ച ഫോമിലായിരുന്നു താരം.'ഓരോ ദിവസം കഴിയുന്തോറും എന്റെ കളി മെച്ചപ്പെടുന്നുണ്ട്. ഞാന്‍ കരുതുന്ന വഴിയിലേക്ക് കാര്യങ്ങള്‍ എത്തുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്ക് വേണ്ടി 21 ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും അഗർവാൾ കളിച്ചിട്ടുണ്ട്. വിവിധ ടീമുകളിലായി 113 ഐപിഎൽ മത്സരങ്ങളിലും ഭാഗമായി.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് അവസരം കാത്ത് നിരവധി പ്രതിഭകളാണ് പുറത്തുള്ളത്. ടീമിലേക്ക് അവസരം ലഭിക്കുന്നവർക്ക് തന്നെ പ്ലേയിങ് ഇലവനിൽ അവസരമില്ല. എല്ലാവർക്കും എല്ലാ മത്സരങ്ങളിലും കളിക്കാനുമാകുന്നില്ല. ഈ അവസ്ഥക്കെതിരെ അക്‌സർ പട്ടേലും രംഗത്ത് എത്തിയിരുന്നു. രണ്ട് മത്സരങ്ങളിൽ അവസരം ലഭിച്ചതിന് ശേഷം പിന്നീട് പുറത്തിരുത്തുന്നത് പ്രയാസമേറിയ കാര്യമാണെന്നായിരുന്നു അക്‌സർ പട്ടേലിന്റെ അഭിപ്രായം. ഇന്ത്യയുടെ അടുത്ത പരമ്പര ഏഷ്യാകപ്പാണ്. അതിലുള്ള തയ്യാറെടുപ്പിലാണ് രോഹിത് ശർമ്മയുടെ കീഴിലുള്ള ടീം.

TAGS :

Next Story