'പറന്നെടുക്കും ക്യാച്ചുകളെല്ലാം ഇനി ഔട്ടല്ല'; അറിയാം പുതിയ ബൗണ്ടറി ക്യാച്ച് നിയമം
ക്യാച്ചെടുക്കാനായി ബൗണ്ടറി ലൈനിന് പുറത്ത് പോയി രണ്ടുതവണ പന്ത് സ്പർശിച്ചാൽ ഇനി ഔട്ട് ആയി കണക്കാക്കില്ലെന്നതാണ് സുപ്രധാന മാറ്റം

2023 ബിഗ്ബാഷ് ലീഗിൽ സിഡ്നി സിക്സേഴ്സും ബ്രിസ്ബൺ ഹീറ്റും ഏറ്റുമുട്ടുന്നു. വൈഡ് ലോങ് ഓഫിലൂടെ സിക്സസിന്റെ ജോർദാൻ സിൽക്കിന്റെ തകർപ്പൻ ഷോട്ട്. ബൗണ്ടറി ലൈനിനരികെ ഉയർന്നുചാടി മൈക്കിൾ നെസർ പന്ത് കൈപിടിയിലൊതുക്കാൻ ശ്രമിച്ചെങ്കിലും ബാലൻസ് നഷ്ടമായി. എന്നാൽ പ്രസൻസ് ഓഫ് മൈൻഡിൽ നെസർ പന്ത് വായുവിലേക്ക് ഉയർത്തി വിടുന്നു. തുടർന്ന് ബൗണ്ടറി റോപ്പ് കടന്ന് പുറത്തുപോയി ചെറിയൊരു ജംപിൽ ക്യാച്ചെടുക്കുന്നു. വീണ്ടും എയറിലേക്ക് ഉയർത്തിയിട്ട് തിരികെ മൈതാനത്തിനകത്തേക്ക് മടങ്ങിയെത്തി ക്യാച്ച് കൈപിടിയിലൊതുക്കി. ബൗണ്ടറി വരക്കപ്പുറം മൈക്കിൾ നെസർ രണ്ടുതവണ ബോളിൽ തൊട്ടെങ്കിലും ശരീരത്തിന്റെ ഒരു ഭാഗവും ഗ്രൗണ്ടിൽ സ്പർശിക്കാത്തതിനാൽ അമ്പയർ അത് ക്ലിയർ ഔട്ട് വിധിച്ചു. സമാനമായി നിരവധി അവിശ്വസനീയ ബൗണ്ടറി ലൈൻ ക്യാച്ചുകൾ ഫ്രാഞ്ചൈസി ക്രിക്കറ്റിലും അന്താരാഷ്ട്ര മത്സരങ്ങളിലുമെല്ലാം നാം കണ്ടിട്ടുണ്ട്.
ക്യാച്ചസ് വിൻ മാച്ചസ്... ഓരോ മത്സരത്തിന്റേയും ഗതിയെ മാറ്റിമറിക്കുന്നതിൽ ക്യാച്ചുകൾക്ക് വലിയ പ്രധാന്യമാണുള്ളത്. മോഡേൺ ക്രിക്കറ്റിൽ ഓരോ കളിക്കാരനും ഇതിനായി പ്രത്യേക പരിശീലനം തന്നെയാണ് നടത്തുന്നത്. പ്രത്യേകിച്ച് ബൗണ്ടറി ക്യാച്ചുകളിൽ. ഇത്തരം ഫീൽഡ് ക്യാച്ചുകൾ സ്ഥിരമായതോടെ വ്യാപക പരാതികളും ഉയർന്നു തുടങ്ങിയിരുന്നു. ബൗണ്ടറി ലൈനിന് പുറത്തുപോയി സമയമെടുത്ത് ഒന്നിലധികം ടച്ചിൽ എടുക്കുന്ന ഇത്തരം ക്യാച്ചുകൾ ഫെയർ അല്ലെന്ന വാദമാണ് ക്രിക്കറ്റ് വിദഗ്ധരടക്കം ഉന്നയിച്ചത്. ഇങ്ങനെ പരാതികൾഉയർന്നതോടെ ബൗണ്ടറി ഫീൽഡിങ് നിയമത്തിൽ ഐസിസി സുപ്രധാന മാറ്റത്തിനൊരുങ്ങുകയാണ്. ക്രിക്കറ്റ് നിയമങ്ങൾക്ക് രൂപം നൽകുന്ന മേരിൽബോൺ ക്രിക്കറ്റ് ക്ലബ് അഥവാ എംസിസി ചില നിർണായക മാറ്റങ്ങളാണ് മുന്നോട്ട് വെച്ചത്. പന്തിൽ ആദ്യം തൊടുന്ന സമയത്ത് ഫീൽഡർ ബൗണ്ടറിക്കുള്ളിലായാൽ മതി. പിന്നീട് പന്തിൽ ഫീൽഡർ തൊടുമ്പോൾ ശരീരഭാഗങ്ങൾ ബൗണ്ടറിക്ക് അപ്പുറപ്പ് നിലത്തു തട്ടാതിരുന്നാൽ മതിയെന്നായിരുന്നു ഇതുവരെയുള്ള നിയമം. ഇതിലെന്താണ് മാറ്റം വരുന്നത് എന്ന് നോക്കാം?
ക്യാച്ചെടുക്കാനായി ബൗണ്ടറി ലൈനിന് പുറത്ത് പോയി രണ്ടുതവണ പന്ത് സ്പർശിച്ചാൽ ഇനി ഔട്ട് ആയി കണക്കാക്കില്ലെന്നതാണ് സുപ്രധാന മാറ്റം. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ അതിർത്തിവര കടന്ന് പോയി പന്ത് എയറിൽ കൈപിടിലിയൊതുക്കായാൽ ആദ്യ ടച്ചിൽ തന്നെ മൈതാനത്തിനകത്തേക്ക് എറിയണം. തുടർന്ന് പ്ലെയർ മടങ്ങിയെത്തി ക്യാച്ചെടുത്താൽ അത് ഔട്ട് വിധിക്കും. ഒന്നിൽ കൂടുതൽ ടച്ച് വരികയാണെങ്കിൽ ബൗണ്ടറിയായാകും കണക്കാക്കുക. അതായത് ഫീൽഡർമാർ ബൗണ്ടറി ലൈൻ കടന്ന ശേഷവും നിലംതൊടാതെ ചാടി തട്ടിത്തട്ടി ഗ്രൗണ്ടിലെത്തിച്ച് കയ്യിലൊതുക്കുന്ന തരത്തിലുള്ള ക്യാച്ചുകളാണ് നിരോധിക്കുന്നത്. അതായത് മൈക്കിൾ നെസർ പിടിച്ച ക്യാച്ച് ഇനിമുതൽബൗണ്ടറിയായി എണ്ണും. എന്നാൽ ട്വന്റി 20 ലോകകപ്പിൽ സൂര്യകുമാർ പിടിച്ചത് ഔട്ടായി നിലനിൽക്കുകയും ചെയ്യും.
മറ്റൊരു മാറ്റം കൂടിയുണ്ട്. എയറിൽ നിൽക്കെ ഫീൽഡിലേക്ക് എറിയുന്ന ബൗൾ സഹതാരമാണ് പിടിക്കുന്നതെങ്കിൽ പന്ത് ഡെഡ് ആകുന്നതിന് മുൻപ് ആദ്യം തൊട്ട പ്ലെയർ ബൗണ്ടറി ലൈനിനുള്ളിലെത്തിയിരിക്കണം. അതായത് സഹതാരത്തിന് ഇനി മുതൽ പന്ത് തട്ടിക്കൊടുമ്പോൾ ഉടനെത്തന്നെ ബൗണ്ടറി റോപ്പിന് അപ്പുറത്തേക്ക് ചാടുകയും വേണം. പുതിയ ചെയ്ഞ്ചിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഇത്തരം രീതികൾ അവിശ്വസനീയ ക്യാച്ചുകൾ എടുക്കുന്നതിൽ നിന്ന് താരങ്ങളെ പിന്തിരിപ്പിക്കുമെന്നതാണ് പ്രധാന വാദം. ഫീൽഡറെ ബന്ധിയാക്കുന്നതാണ് ഈ നിയമെന്ന പരാതിയുമുണ്ട്. പരിഷ്‌കരിച്ച ഈ നിയമം ഈ മാസം മുതൽ ഐസിസി മത്സരങ്ങളിൽ കാണാനാകും. എന്നാൽ അടുത്ത വർഷം ഒക്ടോബർ മുതലാകും എംസിസി നിയമപുസ്തകത്തിൽ ഔദ്യോഗികമായി രേഖപ്പെടുത്തുക.
Adjust Story Font
16

