Quantcast

ടോപ് ക്ലാസ് മുംബൈ; ഗുജറാത്തിനെ തകർത്ത് രണ്ടാം ക്വാളിഫയറിൽ

81 റൺസെടുത്ത രോഹിത് ശർമയാണ് മുംബൈ നിരയിലെ ടോപ് സ്‌കോറർ

MediaOne Logo

Sports Desk

  • Updated:

    2025-05-30 18:43:40.0

Published:

31 May 2025 12:12 AM IST

Top class Mumbai; Defeats Gujarat to enter second qualifier
X

മൊഹാലി: ഐപിഎല്ലിലെ എലിമിനേറ്റർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 20 റൺസിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്. മുംബൈ ഉയർത്തിയ 229 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഗുജറാത്ത് പോരാട്ടം 20 ഓവറിൽ 208ൽ അവസാനിച്ചു. അർധ സെഞ്ച്വറി നേടിയ(80) സായ് സുദർശനാണ് ജിടി നിരയിലെ ടോപ് സ്‌കോറർ. മുംബൈക്കായി ട്രെൻഡ് ബോൾട്ട് രണ്ടും ജസ്പ്രീത് ബുംറ, റിച്ചാർഡ് ഗ്ലീസൻ, മിച്ചൽ സാന്റ്‌നർ, അശ്വനി കുമാർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഞായറാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിങ്‌സാണ് മുംബൈയുടെ എതിരാളികൾ. സ്‌കോർ: മുംബൈ-20 ഓവറിൽ 228-5, ഗുജറാത്ത്-20 ഓവറിൽ 208-൬

മുംബൈ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന്റെ തുടക്കം മികച്ചതായില്ല. ആദ്യ ഓവറിൽ ക്യാപ്റ്റൻ ശുഭ്മാൻഗില്ലിനെ(1) നഷ്ടമായി. ബോൾട്ടിന്റെ ഓവറിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. പിന്നാലെ കുശാൽ മെൻഡിസ്(20) ഹിറ്റ് വിക്കറ്റായതോടെ ഒരുഘട്ടത്തിൽ 67-2 എന്ന നിലയിലായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന സായ് സുദർശൻ-വാഷിങ്ടൺ സുന്ദർ കൂട്ടുകെട്ട് ജിടിക്ക് പ്രതീക്ഷ നൽകി. മധ്യ ഓവറുകളിൽ ഇരുവരും തകർത്തടിച്ചതോടെ ലക്ഷ്യത്തിലേക്ക് ഗുജറാത്ത് മുന്നേറി. എന്നാൽ 14ാം ഓവറിൽ ജസ്പ്രീത് ബുംറയെ പന്തേൽപ്പിക്കാനുള്ള ഹാർദിക് പാണ്ഡ്യയുടെ തീരുമാനം മത്സരത്തിൽ നിർണായകമായി. 24 പന്തിൽ 48 റൺസുമായി മികച്ചപ്രകടനം നടത്തിയ സുന്ദറിനെ ബുംറ ക്ലീൻ ബൗൾഡാക്കി. തൊട്ടുപിന്നാലെ സായ് സുദർശനും(49 പന്തിൽ 80) മടങ്ങിയതോടെ ഗുജറാത്ത് പോരാട്ടം അവസാനിച്ചു. അവസാന ഓവറുകളിൽ വിൻഡീസ് താരം റുഥർഫോഡും(24) രാഹുൽ തെവാത്തിയയും(16) ശ്രമം നടത്തിയെങ്കിലും ലക്ഷ്യം ഏറെ അകലെയായിരുന്നു.

നേരത്തെ ടോസ് നേടി പഞ്ചാബിലെ പിസിഎ സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് 228 റൺസ് അടിച്ചെടുത്തത്. ഓപ്പണർമാരായ രോഹിത് ശർമ്മയുടെയും ജോണി ബെയര്‍‌സ്റ്റോയുടെയും ബാറ്റിങാണ് മുംബൈയ്ക്ക് മികച്ച അടിത്തറയൊരുക്കിയത്. 50 പന്തിൽ നാല് സിക്‌സറും ഒൻപത് ഫോറുമടക്കം 81 റൺസാണ് ഹിറ്റ്മാൻ നേടിയത്. 22 പന്തിൽ 47 റൺസുമായി ബെയിസ്‌റ്റോ മുംബൈയിലെ അരങ്ങേറ്റം ഗംഭീരമാക്കി. അതേസമയം, രോഹിത് ശർമ്മയെ പുറത്താക്കാൻ ലഭിച്ച അവസരം രണ്ട് തവണയാണ് ഗുജറാത്ത് ഫീൽഡർമാർ പാഴാക്കിയത്. ബൗണ്ടറി ലൈനിനരികെ ജെറാൾഡ് കോർട്‌സിയയും ജോസ് ബട്‌ലർക്ക് പകരം ടീമിലെത്തിയ വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസുമാണ് പിഴവ് വരുത്തിയത്. അവസാന ഓവറുകളിൽ തിലക് വർമയും(11 പന്തിൽ 25), ഹാർദിക് പാണ്ഡ്യയും(9 പന്തിൽ 22) തകർത്തടിച്ചതോടെ സ്‌കോർ 228ലെത്തിക്കാനായി.

TAGS :

Next Story