റിസ്‌വാനെ വെട്ടി അഫ്രീദിയെത്തുന്നു; പാക് ക്രിക്കറ്റിൽ വീണ്ടും തലപൊക്കി വിവാദങ്ങൾ
പരിശീലകൻ മൈക്ക് ഹെസൻ ഉൾപ്പെടെ പങ്കെടുത്ത സെലക്ഷൻ കമ്മിറ്റി യോഗത്തിലാണ് ക്യാപ്റ്റനെ മാറ്റാൻ തീരുമാനിച്ചത്.

മുഹമ്മദ് റിസ്വാന് പകരം ഏകദിന ടീം ക്യാപ്റ്റനായി ഷഹീൻ ഷാ അഫ്രീദി. ഇസ്‌ലാമാബാദിൽ നിന്ന് ആ നിർണായക പ്രഖ്യാപനമെത്തുമ്പോൾ റാവൽപിണ്ടി ടെസ്റ്റിൽ പാകിസ്താൻ ദക്ഷിണാഫ്രിക്കയെ നേരിട്ടുകൊണ്ടിരിക്കുകായിരുന്നു. പരമ്പര നടന്നുകൊണ്ടിരിക്കെ ഇത്ര തിടുക്കപ്പെട്ടൊരു ക്യാപ്റ്റൻസി മാറ്റം എന്തിനായിരുന്നു.. ടി20യിൽ ഒരിക്കൽ നായക സ്ഥാനത്ത് നിന്ന് പുറത്താക്കിയ അഫ്രീദിയെ വീണ്ടും ആ റോളിലേക്ക് അവരോധിച്ചതിന് പിന്നിൽ ആരുടെ ഡിസിഷനാണ്. വീണ്ടുമൊരു തുറന്ന പോരിലേക്കാണ് പാക് ക്രിക്കറ്റ് പോകുന്നതെന്ന സൂചന കൂടിയാണ് പുതിയ അധികാര മാറ്റം നൽകുന്നത്.
'പാകിസ്താൻ ക്രിക്കറ്റിലെ കസേര കളി തുടരുന്നു', നായക റോളിലെ സ്ഥാനചലനത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട പ്രധാന കമന്റുകളിലൊന്ന് ഇങ്ങനെയായിരുന്നു. കഴിഞ്ഞ ഒരുവർഷത്തിനിടെ ഇത് മൂന്നാം തവണയാണ് പാക് ക്രിക്കറ്റ് ബോർഡ് ഏകദിന നായകനെ മാറ്റിപരീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ബാബർ അസമിൽ നിന്ന് റിസ്‌വാൻ നായക സ്ഥാനമേറ്റെടുത്തത്. മറ്റൊരു നവംബറിലെത്തിയപ്പോൾ 33 കാരനും സ്ഥാനംതെറിച്ചു. തോൽവിയുടെ പടുകുഴിയിൽ നിൽക്കുന്നൊരു ടീമിനെ വിജയവഴിയിലേക്ക് മടക്കികൊണ്ടുവരിക...പുതിയ റോൾ ഏറ്റെടുക്കുമ്പോൾ റിസ്വാന് മുന്നിൽ കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. ടീമിന്റെ മോശം പ്രകടനത്തിനൊപ്പം ഡ്രസിങ് റൂമിലെ അസ്വാരസ്യങ്ങൾ കൂടി അയാൾക്ക് മുന്നിൽ വെല്ലുവിളിയായെത്തിയിരുന്നു. നായക റോളിൽ ആദ്യ പരീക്ഷണം ഓസ്ട്രേലിയക്കെതിരെയായിരുന്നു. എന്നാൽ 22 വർഷങ്ങൾക്ക് ശേഷം ഓസീസ് മണ്ണിലൊരു പരമ്പര നേട്ടം കൈവരിച്ച് ക്യാപ്റ്റൻസിയിൽ ഗ്രാൻസ് എൻട്രിയാണ് വിക്കറ്റ് കീപ്പർ ബാറ്റർ നടത്തിയത്. പിന്നാലെ ദക്ഷിണാഫ്രിക്കയെ സ്വന്തം നാട്ടിൽ വൈറ്റ് വാഷ് ചെയ്തും സിംബാബ്‌വെയെ തോൽപ്പിച്ചും വരവറിയിച്ചു.
എന്നാൽ ഈ വർഷം റിസ്‌വാന് തിരിച്ചടികളുടേതായി. ഇന്ത്യയോടടക്കം തോറ്റ് ചാമ്പ്യൻസ് ട്രോഫിയിൽ ആദ്യ റൗണ്ടിൽ തന്നെ തലതാഴ്ത്തി മടക്കം. കിവീസിനെതിരായ പരമ്പരയിൽ ഒരു മാച്ചിൽ പോലും പൊരുതാതെയുള്ള സമ്പൂർണ്ണ പരാജയം. ഏറ്റവുമൊടുവിൽ കഴിഞ്ഞ ഓഗസ്റ്റിൽ വെസ്റ്റിൻഡീസിനെതിരെയും കാലിടറി. കരീബിയൻ മണ്ണിൽ മൂന്ന് പതിറ്റാണ്ടിന് ശേഷം ബൈലാക്ടറൽ സീരിസ് പാകിസ്താൻ അടിയറവ് വെച്ചതോടെ റിസ്‌വാന്റെ ക്യാപ്റ്റൻസിക്കെതിരെ മറുവിളി ഉയർന്നു തുടങ്ങി. ബാറ്റിങിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ടീമിനെ വിജയത്തിലെത്തിക്കാൻ പലപ്പോഴും വിക്കറ്റ് കീപ്പർ ബാറ്റർക്കായില്ല. ഒടുവിൽ ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരക്ക് തൊട്ടുമുൻപായി സ്ഥാനം തെറിച്ചു. പാകിസ്താനെ 20 ഏകദിനങ്ങളിൽ നയിച്ച റിസ്വാൻ ഒൻപത് മാച്ചിൽ ജയം നേടിയപ്പോൾ 11ലും തോൽവിയായിരുന്നു
വൈറ്റ് ബോൾ പരിശീലകൻ മൈക്ക് ഹെസൻ, ഹൈ പെർഫോമൻസ് ഡയറക്ടർ ആകിബ് ജാവേദ് എന്നിവരുടെ വലിയ പിന്തുണയാണ് പുതിയ റോളിലേക്കെത്താൻ അഫ്രീദിക്ക് അനുകൂല ഘടകമായതെന്നാണ് റിപ്പോർട്ടുകൾ. ദീർഘനേരത്തെ ചർച്ചകൾക്കൊടുവിലാണ് പിസിബി ചെയർമാൻ മുഹ്സിൻ നഖ്വി വഴങ്ങിയതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വരുന്ന ഏകദിന ലോകകപ്പ് വരെ റിസ്‌വാൻ തുടരട്ടെയെന്നായിരുന്നു നഖ്വിയുടെ നിലപാടെങ്കിലും കടുത്തതീരുമാനമെടുക്കുമെന്ന അക്വിബ് ജാവേദിന്റെ സമ്മർദ്ദത്തിന് മുന്നിൽ ഒടുവിൽ വഴങ്ങേണ്ടിവന്നു.
നിലവിൽ പാകിസ്താന്റെ മൂന്ന് ഫോർമാറ്റിലേയും സുപ്രധാന താരമാണ് ഷഹീൻ ഷാ അഫ്രീദി. ടെസ്റ്റ്,ഏകദിന,ടി20യിലായി 194 മത്സരങ്ങളിലാണ് 25 കാരൻ ഇതുവരെ കളത്തിലിറങ്ങിയത്. കഴിഞ്ഞ വർഷം ഏകദിന ഫോർമാറ്റിൽ പാകിസ്താനായി കൂടുതൽ വിക്കറ്റ് വീഴ്ത്തിയതും ഈ യുവപേസറായിരുന്നു. നേരത്തെ 2024ൽ ന്യൂസിലൻഡിനെതിരായ പരമ്പരക്ക് മുൻപായായി അഫ്രീദിയെ ടി20 ക്യാപ്റ്റായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കിവീസിനെതിരായ അഞ്ച് മത്സര സീരിസ് 4-1ന് ടീം തോറ്റതോടെ സ്ഥാനം തെറിച്ചു. തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ തന്റെ പ്രതിഷേധം അറിയിച്ച അഫ്രീദി അന്നത്തെ ക്യാപ്റ്റൻ ബാബർ അസമുമായി നിരന്തരം കലഹിക്കുകയും ചെയ്തു. ഡ്രസിങ് റൂമിൽ നിന്ന് നിസഹരണം മൈതാനത്തേക്കും നീണ്ടതോടെ ഒരുവേള ബോർഡിന് കർശനമായ നിലപാടെടുക്കേണ്ടിവന്നു. ടി20 ക്യാപ്റ്റൻ സൽമാൻ അലി ആഗയുമായും അഫ്രീദിക്ക് അഭിപ്രായഭിന്നതയുണ്ടെന്ന തരത്തിലും വാർത്തകൾ പുറത്തുവന്നിരുന്നു.
കളത്തിനകത്തും പുറത്തും വിവാദ നായകനായ അഫ്രീദി ക്യാപ്റ്റൻ റോളിൽ എത്തുമ്പോൾ പാക് ക്രിക്കറ്റിൽ പുതിയ പോർമുഖം തുറക്കുമോയെന്നാണ് ക്രിക്കറ്റ് പണ്ഡിറ്റുകളടക്കം ഉറ്റുനോക്കുന്നത്. റിസ്വാനെ മാറ്റിയ നിലപാടിനെതിരെ ഇതിനകം മുൻ പാക് താരം റഷീദ് ലത്തീഫ് പരസ്യമായി രംഗത്തെത്തുകയും ചെയ്തു. റിസ് വാന്റെ മതപരമായ താൽപര്യങ്ങളും ഫലസ്തീൻ വിഷയത്തിൽ എടുത്ത പരസ്യനിലപാടുകളുമാണ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റാനുള്ള കാരണമെന്ന് റഷീദ് ലത്തീഫ് പറഞ്ഞു. കോച്ച് മൈക്ക് ഹാസനാണ് ഈ തീരുമാനത്തിന് പിന്നിലെന്നും പാക് ഡ്രസിങ് റൂമിലെ മതപരമായ രീതികളിൽ അദ്ദേഹത്തിന് യോചിപ്പുണ്ടായിരുന്നില്ലെന്നും മുൻ പാക് താരം കൂട്ടിചേർത്തു.
Adjust Story Font
16

