Quantcast

ടി20 ലോകകപ്പിന് മുൻപ് ഇന്ത്യക്ക് തിരിച്ചടി; കിവീസിനെതിരായ ആദ്യ മത്സരങ്ങളിൽ തിലക് വർമയില്ല

പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ താരം നിലവിൽ വിശ്രമത്തിലാണ്

MediaOne Logo

Sports Desk

  • Updated:

    2026-01-08 16:28:25.0

Published:

8 Jan 2026 8:07 PM IST

ടി20 ലോകകപ്പിന് മുൻപ് ഇന്ത്യക്ക് തിരിച്ചടി; കിവീസിനെതിരായ ആദ്യ മത്സരങ്ങളിൽ തിലക് വർമയില്ല
X

ന്യൂഡൽഹി: ടി20 ലോകകപ്പിന് ഒരുമാസം ബാക്കിനിൽക്കെ ഇന്ത്യക്ക് ആശങ്ക. കളിക്കിടെ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ തിലക് വർമയുടെ തിരിച്ചുവരവ് വൈകും. ന്യൂസിലൻഡിനെതിരായ ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ടി20 ടീമിൽ നിന്ന് താരത്തെ ബിസിസിഐ ഒഴിവാക്കി. ഫിറ്റ്‌നസ് പരിശോധിച്ച ശേഷമാകും അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കുള്ള ടീമിലേക്ക് പരിഗണിക്കുക. അതേസമയം, കഴിഞ്ഞദിവസം ശസ്ത്രക്രിയ പൂർത്തിയാക്കിയ ഇന്ത്യൻ താരത്തിന് മൂന്ന്-നാല് ദിവസത്തെ വിശ്രമത്തിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്താനാകുമെന്ന് ഹൈദരാബാദ് ക്രിക്കറ്റ് ടീം പരിശീലകൻ ഡി.ബി രവി തേജ വ്യക്തമാക്കിയിരുന്നു. എന്നാൽ ടി20 ലോകകപ്പ് മുന്നിൽ നിൽക്കെ താരത്തിന് സമയം നൽകാനാണ് ബിസിസിഐയുടെ തീരുമാനം.

ശസ്ത്രക്രിയ പൂർത്തിയാക്കിയതിന് പിന്നാലെ തിരിച്ചുവരവിന്റെ പാതയിലാണെന്ന് വ്യക്തമാക്കി തിലവ് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു. ' എല്ലാവരുടേയും സ്‌നേഹത്തിനും പിന്തുണക്കും നന്ദി. സുഖം പ്രാപിച്ചുവരികയാണ്. വേഗത്തിൽ കളത്തിലേക്ക് മടങ്ങിയെത്തും' എന്നാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഫെബ്രുവരി 7 നാണ് ടി20 ലോകകപ്പിന് തുടക്കമാകുക. സർജറിക്ക് വിധേയനായ താരത്തിന്റെ മടങ്ങിവരവിന് മാസങ്ങളെടുക്കുമെന്ന് നേരത്തെ സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. പകരക്കാരനായി ശ്രേയസ് അയ്യർ എത്തുമെന്ന തരത്തിലും വാർത്തയെത്തി. കിവീസിനെതിരായ ടി20 പരമ്പരയിൽ നിന്ന് തിലക് വർമയെ മാറ്റിനിർത്തിയെങ്കിലും പകരമാരെത്തുമെന്ന കാര്യത്തിൽ ക്രിക്കറ്റ് ബോർഡ് തീരുമാനമെടുത്തിട്ടില്ല.

പാകിസ്താനെതിരായ ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയുടെ വിജയശിൽപിയായ ഹൈദരാബാദുകാരൻ നിലവിൽ മിന്നും ഫോമിലാണ്. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ മോശം ഫോമിനെ തുടർന്ന് ഇന്ത്യൻ മധ്യനിരയിൽ ബാലൻസിങ് നിലനിർത്തുന്നതും 23 കാരനാണ്. നിലവിൽ നടന്നുവരുന്ന വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദിനായി കളത്തിലിറങ്ങിയ തിലവ് ഒരു സെഞ്ച്വറി ഉൾപ്പെടെ രണ്ട് മത്സരങ്ങളിൽ നിന്നായി 143 റൺസ് നേടിയിരുന്നു

TAGS :

Next Story