Quantcast

വഴിയിലുടനീളം ആളുകൾ,ആവേശത്തോടെ ബൈക്ക് റാലി, കപ്പുയർത്തി നായകൻ: ടീം ശ്രീലങ്കയെ വരവേറ്റതിങ്ങനെ...

മാസങ്ങൾക്ക് മുമ്പ് വരെ ശ്രീലങ്കൻ സർക്കാരിനെതിരെ രോഷം പ്രകടിപ്പിക്കാനാണ് ആളുകൾ കൂടിയിരുന്നതെങ്കിൽ ഇന്നലെയും ഇന്നുമത് ആനന്ദത്തിനായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-09-13 13:11:15.0

Published:

13 Sep 2022 1:08 PM GMT

വഴിയിലുടനീളം ആളുകൾ,ആവേശത്തോടെ ബൈക്ക് റാലി, കപ്പുയർത്തി നായകൻ: ടീം ശ്രീലങ്കയെ വരവേറ്റതിങ്ങനെ...
X

കൊളംബോ: പാകിസ്താനെ തോൽപിച്ച് ഏഷ്യാകപ്പുമായി നാട്ടിലെത്തിയ ശ്രീലങ്കൻ ടീമിന് ലഭിച്ചത് അത്യുജ്വല സ്വീകരണം. മാസങ്ങൾക്ക് മുമ്പ് വരെ ശ്രീലങ്കൻ സർക്കാരിനെതിരെ രോഷം പ്രകടിപ്പിക്കാനാണ് ആളുകൾ കൂടിയിരുന്നതെങ്കിൽ ഇന്നലെയും ഇന്നുമത് ആനന്ദത്തിനായിരുന്നു. വിമാനത്താവളത്തിലെത്തിയ സംഘത്തെ ബഹുമതികളോടെയാണ് വരവേറ്റത്.

തുടർന്ന് എയർപോർട്ടിൽ സ്വീകരണമൊരുക്കി. തുറന്ന ഡബിൾ ഡക്കർ ബസിൽ കപ്പുമുയർത്തി ലങ്കൻ സംഘം ചുറ്റിക്കറങ്ങി. വഴിയിലുടനീളം തടിച്ചുകൂടിത് നിരവധിയാളുകൾ. കൂടിനിൽക്കുന്നവരിലേക്ക് നായകൻ ദസുൻ ശനക ആവേശപൂർവം കപ്പ് നീട്ടി. പലരും മൊബൈൽ ക്യാമറയിൽ ചിത്രം പകർത്തുന്നുണ്ടായിരുന്നു. ശ്രീലങ്കയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിൽ ഇതിന്റെ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലായത്.

ശ്രീലങ്കയിൽ നടത്താനിരുന്ന ടൂര്‍ണമെന്റാണ് യുഎയിലേക്ക് മാറ്റിയത്. അതിരൂക്ഷമായ അഭ്യന്തര പ്രശ്‌നങ്ങളിൽ വലഞ്ഞ രാജ്യത്ത് പ്രധാനപ്പൊട്ടൊരു ടൂർണമെന്റ് നടത്തുന്നിലെ ആശങ്ക പരിഗണിച്ചാണ് വേദി മാറ്റിയത്. ഈയൊരു സങ്കടം ലങ്കൻ ജനതയിലുണ്ട്. ഒരു പക്ഷേ ടൂർണമെന്റ് നടന്നിരുന്നെങ്കിൽ കുറച്ച് സഞ്ചാരികൾ എത്തിയേനെ, അതു വഴി വരുമാനവും. ഏതായാലും കപ്പ് തന്നെ നേടിക്കൊടുത്ത് നാട്ടുകാർക്ക് ആശ്വാസമാകുകയാണ് ദസുൻ ശനകയുടെ ടീം. ഈ ടീമിൽ നിന്ന് മഹേളയും സംഗക്കാരയും മുത്തയ്യ മുരളീധരനും ജയസൂര്യയേയുമൊക്കെ അവർ സ്വപ്‌നം കാണുന്നുണ്ട്.

പാകിസ്താനെ 23 റൺസിന് തോൽപിച്ചാണ് ഏഷ്യാകപ്പിൽ ശ്രീലങ്ക മുത്തമിടുന്നത്. ഭാനുക രാജപക്‌സയുടെ കിടിലൻ ഇന്നിങ്‌സാണ് ശ്രീലങ്കയ്ക്ക് ആറാം കിരീടം നേടിക്കൊടുത്തത്. ആദ്യ മത്സരത്തിൽ തോറ്റുതുടങ്ങിയ ലങ്കയുടെ ഐതിഹാസിക തിരിച്ചുവരവായിരുന്നു ഏഷ്യാകപ്പിലേത്. അഫ്ഗാനിസ്താനാണ് ലങ്കയെ തോൽപിച്ചത്. പിന്നിട് കരുത്തന്മാരായ ഇന്ത്യയേയും പാകിസ്താനെയും തോൽപിച്ചു. ആസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പാണ് ഇനി ലങ്കയ്ക്ക് മുന്നിലുള്ളത്. നിലവിലെ ഫോം പരിഗണിച്ചാൽ ലങ്ക എതിർടീമുകളെ ആശങ്കപ്പെടുത്തും.

TAGS :

Next Story