Quantcast

തകർത്തടിച്ച് റിയാൻ പരാഗ്; രാജസ്ഥാൻ റോയൽസിന് 12 റൺസ് 'ആവേശ' ജയം

അവസാന ഓവറിൽ 17 റൺസ് വേണ്ടിയിരുന്ന ഡൽഹിക്ക് ആവേഷ് ഖാൻ എറിഞ്ഞ ഓവറിൽ നാല് റൺസ് മാത്രമാണ് നേടാനായത്.

MediaOne Logo

Sports Desk

  • Updated:

    2024-03-28 18:53:13.0

Published:

28 March 2024 6:33 PM GMT

തകർത്തടിച്ച് റിയാൻ പരാഗ്; രാജസ്ഥാൻ റോയൽസിന് 12 റൺസ് ആവേശ ജയം
X

ജയ്പൂർ: അവസാന ഓവർവരെ നീണ്ട ആവേശപോരിൽ ഡൽഹി ക്യാപിറ്റൽസിനെ 12 റൺസിന് തോൽപിച്ച് ഐപിഎലിലെ രണ്ടാം ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. റോയൽസിന്റെ 186 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹിയുടെ പോരാട്ടം 173 റൺസിൽ അവസാനിച്ചു. അവസാന ഓവറിൽ 17 റൺസ് വേണ്ടിയിരുന്ന ഡൽഹിക്ക് ആവേഷ് ഖാൻ എറിഞ്ഞ ഓവറിൽ നാല് റൺസ് മാത്രമാണ് നേടാനായത്. ഡൽഹി നിരയിൽ 23 പന്തിൽ 44 റൺസുമായി ട്രിസ്റ്റൺ സ്റ്റബ്‌സ് ടോപ് സ്‌കോററായി. ജയത്തോടെ പോയന്റ് പട്ടികയിൽ റോയൽസ് രണ്ടാംസ്ഥാനത്തെത്തി.

ഓപ്പണിങിൽ ഡൽഹി ക്യാപിറ്റൽസിനായി ഡേവിഡ് വാർണർ-മിച്ചൽ മാർഷ് ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് നൽകിയത്. 4ാം ഓവറിൽ മാർഷിനെ (23) പുറത്താക്കി ദക്ഷിണാഫ്രിക്കൻ ബൗളർ നാന്ദ്രെ ബർഗർ രാജസ്ഥാന് ബ്രേക്ക് ത്രൂ നൽകി. പിന്നാലെ ക്രീസിലെത്തിയ റുക്കി ഭുയി പൂജ്യത്തിന് മടങ്ങി. തുടർന്ന് ഒത്തു ചേർന്ന ക്യാപ്റ്റൻ ഋഷഭ് പന്തും വാർണറും ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയെങ്കിലും ടീം സ്‌കോർ 97 ൽ നിൽക്കെ 34 പന്തിൽ 49 റൺസെടുത്ത ഡേവിഡ് വാർണറിനെ ആവേഷ്ഖാൻ സന്ദീപ് ശർമ്മയുടെ കൈകളിലെത്തിച്ചു. യുസ്വേന്ദ്ര ചഹലിന്റെ ഓവറിൽ ഋഷഭ് പന്ത്(28), അഭിഷേക് പൊരെൽ (10) എന്നിവരും മടങ്ങിയതോടെ മധ്യ ഓവറുകളിൽ ഡൽഹിയുടെ റണ്ണൊഴുക്ക് കുറഞ്ഞു. എന്നാൽ വമ്പൻ അടിയുമായി ദക്ഷിണാഫ്രിക്കൻ യുവതാരം സ്റ്റബ്‌സ് ക്രീസിൽ നിന്നതോടെ പ്രതീക്ഷകൾ വീണ്ടും മുളച്ചു. എന്നാൽ ഡെത്ത് ഓവറുകളിൽ ആവേഷ്ഖാനും സന്ദീപ് ശർമ്മയും ചേർന്ന് ഡൽഹിയെ വരിഞ്ഞ് മുറുക്കി. ബാറ്റിങിൽ തിളങ്ങാനായില്ലെങ്കിലും മികച്ച ക്യാപ്റ്റൻസിയിലൂടെ മലയാളിതാരം സഞ്ജു സാംസൺ കൈയടിനേടി. രാജസ്ഥാനായി ബർഗറും യുസ്വേന്ദ്ര ചഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി

നേരത്തെ റിയാൻ പരാഗിന്റെ വിസ്‌ഫോടന ബാറ്റിങ് കരുത്തിലാണ് 185-5 എന്ന സ്‌കോറിലേക്ക് റോയൽസ് കുതിച്ചത്. സ്വന്തം തട്ടകമായ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ ഒരു ഘട്ടത്തിൽ 36-3 എന്ന നിലയിൽ തകർച്ച നേരിട്ട ടീം, ഡെത്ത് ഓവറിൽ വെടിക്കെട്ട് പ്രകടനം നടത്തിയാണ് മികച്ച ടോട്ടലിലേക്ക് മുന്നേറിയത്. ഒരറ്റത്ത് നിലയുറപ്പിച്ച പരാഗ് 45 പന്തിൽ ഏഴ് ബൗണ്ടറിയും ആറു സിക്‌സറും സഹിതം 84 റൺസുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കൻ അതിവേഗപേസർ ആന്റിച്ച് നോർക്യ എറിഞ്ഞ 20ാം ഓവറിൽ രണ്ട് സിക്‌സും മൂന്ന് ബൗണ്ടറിയും സഹിതം 25 റൺസാണ് പരാഗ് അടിച്ചെടുത്തത്.

ഏഴ് പന്തിൽ 14 റൺസുമായി ഷിമ്രോൻ ഹെയ്റ്റ്‌മെയറും 12 പന്തിൽ 20 റൺസുമായി ധ്രുവ് ജേറേലും 19 പന്തിൽ 29 റൺസുമായി രവിചന്ദ്രൻ അശ്വിനും ഇന്നിങ്‌സിന് കരുത്തേകി. അഞ്ച് റൺസെടുത്ത യശസ്വി ജയ്‌സ്വാളിനെയാണ് ആദ്യം നഷ്ടമായത്. 15 റൺസെടുത്താണ് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ഖലീൽ അഹമ്മദിന്റെ ഓവറിൽ ഋഷഭ് പന്തിന് ക്യാച്ച് നൽകി പുറത്തായി. 11 റൺസെടുത്ത ജോസ് ബട്‌ലറും കൂടാരം കയറിയതോടെ ഒരു ഘട്ടത്തിൽ ടീം വലിയ പ്രതിസന്ധിയാണ് നേരിട്ടത്. എന്നാൽ സർപ്രൈസ് നീക്കമായി രവിചന്ദ്രൻ അശ്വിന് സ്ഥാനകയറ്റം നൽകി അഞ്ചാം നമ്പറിൽ ഇറക്കി. 19 പന്തിൽ 29 റൺസ് നേടി താരം അവസരത്തിനൊത്തുയർന്നു.

TAGS :

Next Story