Quantcast

ലക്ഷ്യം രഞ്ജി ട്രോഫി കിരീടം; പുതിയ സീസണിലെ ആദ്യ അങ്കത്തിന് കേരളം, എതിരാളികൾ മഹാരാഷ്ട്ര

ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കഴിഞ്ഞ സീസണിലെ മികവ് ആവർത്തിക്കാനുറച്ചാണ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിൽ കേരള ടീം പുതിയ സീസൺ കളിക്കാനൊരുങ്ങുന്നത്.

MediaOne Logo

Sports Desk

  • Published:

    13 Oct 2025 7:15 PM IST

The target is the Ranji Trophy title; Kerala will play the first match tomorrow, their opponents are Maharashtra
X

തിരുവനന്തപുരം: രഞ്ജി ട്രോഫി പുതിയ സീസണിലെ ആദ്യ മത്സരത്തിൽ കേരളം നാളെ കളത്തിൽ. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മഹാരാഷ്ട്രയാണ് എതിരാളികൾ. ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കഴിഞ്ഞ സീസണിലെ മികവ് ആവർത്തിക്കാനുറച്ചാണ് മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലുള്ള കേരള ടീം പുതിയ സീസണായി തയ്യാറെടുക്കുന്നത്. സഞ്ജു സാംസണും സ്‌ക്വാഡിലുണ്ട്. മത്സരം ജിയോഹോട്ട് സ്റ്റാറിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. കേരളത്തെ സംബന്ധിച്ച് രഞ്ജി ട്രോഫിയിലെ ഏറ്റവും മികച്ച സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. ഒറ്റ മത്സരത്തിൽ പോലും തോൽവി വഴങ്ങാത്തൊരു സീസൺ. ഫൈനലിൽ കിരീടം കൈവിട്ടെങ്കിലും ആദ്യ ഇന്നിങ്‌സ് ലീഡിന്റെ മികവിലായിരുന്നു വിദർഭ ജേതാക്കളായത്. കർണ്ണാടകയും പഞ്ചാബും ഹരിയാനയും മധ്യപ്രദേശും അടക്കമുള്ള കരുത്തന്മാരുടെ ഗ്രൂപ്പിൽ നിന്നായിരുന്നു രണ്ടാം സ്ഥാനക്കാരായി കേരളം നോക്കൗട്ടിലേക്ക് മുന്നേറിയത്. രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളത്തിന്റെ സ്ഥാനം.

കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ കടുത്തൊരു ഗ്രൂപ്പ് തന്നെയാണ് ഇത്തവണത്തേതും. പഞ്ചാബ്, മധ്യപ്രദേശ്, കർണ്ണാടക, സൗരാഷ്ട്ര, ചണ്ഡീഗഢ്, മഹാരാഷ്ട്ര, ഗോവ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ബാറ്റിങ് - ബൌളിങ് നിരകൾ ഫോമിലേക്ക് ഉയർന്നാൽ ഇവരെയൊക്കെ മറികടക്കാനുള്ള കരുത്ത് തങ്ങൾക്കുണ്ടെന്ന് കഴിഞ്ഞ സീസണിൽ കേരള ടീം തെളിയിച്ചതാണ്. മികച്ച പ്രകടനവുമായി ടീമിന്റെ ഫൈനൽ പ്രവേശനത്തിന് വഴിയൊരുക്കിയ കഴിഞ്ഞ തവണത്തെ താരങ്ങൾ ഭൂരിഭാഗം പേരും ഇത്തവണയും ടീമിനൊപ്പമുണ്ട്.

ബാറ്റിങ് നിരയിൽ സഞ്ജുവിന്റെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. കഴിഞ്ഞ സീസണിൽ ഏതാനും മത്സരങ്ങളിൽ മാത്രമാണ് താരം കളത്തിലിറങ്ങിയത്. ഇത്തവണ കൂടുതൽ മാച്ചുകളിൽ സഞ്ജു ടീമിനൊപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്. കഴിഞ്ഞ സീസണിൽ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ മുഹമ്മദ് അസറുദ്ദീനാണ് ക്യാപ്റ്റൻ. അസറുദ്ദീനൊപ്പം മധ്യനിരയുടെ കരുത്തായി സച്ചിൻ ബേബിയും സൽമാൻ നിസാറുമുണ്ട്. കെസിഎല്ലിൽ തകർപ്പൻ ഫോമിലായിരുന്ന രോഹൻ കുന്നുമ്മൽ ഓപ്പണറായി ടീമിലുണ്ട്. ഒപ്പം അഹ്‌മദ് ഇമ്രാനും വത്സൽ ഗോവിന്ദും അടക്കമുള്ള താരങ്ങൾ കൂടി ചേരുമ്പോൾ ഏതൊരു ടീമിനോടും കിടപിടിക്കുന്ന ബാറ്റിങ് നിരയാണ് ടീമിന്റേത്.

നിധീഷ് എംഡി, ബേസിൽ എൻ പി,ഏദൻ ആപ്പിൾ ടോം തുടങ്ങിയവരാണ് ബൌളിങ് നിരയിലുള്ളത്. ഒപ്പം മറുനാടൻ താരങ്ങളായി ബാബ അപരാജിത്തും അങ്കിത് ശർമ്മയും കൂടിയുണ്ട്. ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയാണ് ബാബ അപരാജിത്ത്. ആദ്യ മത്സരത്തിൽ ശക്തരായ എതിരാളികളെ തന്നെയാണ് കേരളത്തിന് നേരിടാനുള്ളത്. മഹാരാഷ്ട്രയ്‌ക്കെതിരെ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിഞ്ഞാൽ, പുതിയ സീസണ് ആത്മവിശ്വാസത്തോടെ തുടക്കമിടാൻ കേരളത്തിനാകും. അങ്കിത് ബാവ്‌നയാണ് മഹാരാഷ്ട്ര ടീമിന്റെ ക്യാപ്റ്റൻ. ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന പൃഥ്വി ഷായും ഋതുരാജ് ഗെയ്ക്വാദുമാണ് മഹാരാഷ്ട്രയുടെ ബാറ്റിങ് നിരയെ നയിക്കുന്നത്. വർഷങ്ങളായി കേരളത്തിന്റെ ഓൾ റൗണ്ട് കരുത്തായിരുന്ന ജലജ് സക്‌സേന ഇത്തവണ എതിർപാളയത്തിലാണ്. ഭാവിയുടെ താരമായി വിലയിരുത്തപ്പെടുന്ന അർഷിൻ കുൽക്കർണിയാണ് മഹാരാഷ്ട്രയുടെ മറ്റൊരു ഓൾ റൗണ്ടർ. രജനീഷ് ഗുർബാനിയും വിക്കി ഓസ്വാളുമടങ്ങുന്ന ബൌളിങ് നിരയും കരുത്തുറ്റതാണ്.

TAGS :

Next Story