Quantcast

രഞ്ജി ട്രോഫി : കേരള - മഹാരാഷ്ട്ര മത്സരം സമനിലയിൽ

MediaOne Logo

Sports Desk

  • Published:

    18 Oct 2025 4:23 PM IST

രഞ്ജി ട്രോഫി : കേരള - മഹാരാഷ്ട്ര മത്സരം സമനിലയിൽ
X

തിരുവനന്തപുരം: കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ മഹാരാഷ്ട്ര രണ്ട് വിക്കറ്റിന് 224 റൺസെടുത്ത് നില്ക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. ആദ്യ ഇന്നിങ്സിൽ മഹാരാഷ്ട്ര 239ഉം കേരളം 219ഉം റൺസായിരുന്നു നേടിയത്.20 റൺസിൻ്റെ ഒന്നാം ഇന്നിങ്സിൻ്റെ ലീഡിൻ്റെ മികവിൽ മഹാരാഷ്ട്രയ്ക്ക് മൂന്ന് പോയിൻ്റ് ലഭിച്ചു. കേരളം ഒരു പോയിൻ്റ് സ്വന്തമാക്കി.

വിക്കറ്റ് പോകാതെ 51 റൺസെന്ന നിലയിൽ നാലാം ദിവസം കളി തുടങ്ങിയ മഹാരാഷ്ട്രയ്ക്ക് സ്കോർ 84ൽ നില്ക്കെ ആർഷിൻ കുൽക്കർണ്ണിയുടെ വിക്കറ്റ് നഷ്ടമായി. 34 റൺസെടുത്ത ആർഷിൻ എൻ പി ബേസിലിൻ്റെ പന്തിൽ എൽബിഡബ്ല്യു ആവുകയായിരുന്നു. മറുവശത്ത് അനായാസ ബാറ്റിങ് തുടർന്ന പൃഥ്വീ ഷാ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. ഇടയ്ക്ക് പൃഥ്വീ ഷായും സിദ്ദേഷ് വീറും നല്കിയ അവസരങ്ങൾ ഫീൽഡർമാർ കൈവിട്ടത് കേരളത്തിന് തിരിച്ചടിയായി. ഒടുവിൽ 75 റൺസെടുത്ത് നില്ക്കെ അക്ഷയ് ചന്ദ്രൻ്റെ പന്തിൽ മൊഹമ്മദ് അസറുദ്ദീൻ പിടിച്ചാണ് പൃഥ്വീ ഷാ പുറത്തായത്.

തുടർന്നെത്തിയ ഋതുരാജ് ഗെയ്ക്വാദും സിദ്ദേഷ് വീറും അതീവ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. കേരള ക്യാപ്റ്റൻ ബൌളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ മഹാരാഷ്ട്ര രണ്ട് വിക്കറ്റിന് 224 റൺസെടുത്ത് നില്ക്കെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. സിദ്ദേഷ് വീറും ഋതുരാജ് ഗെയ്ക്വാദും 55 റൺസ് വീതം നേടി പുറത്താകാതെ നിന്നു.

TAGS :

Next Story