'അവൻ അപകടകാരിയായ ബാറ്റർ, ടോപ് ഓർഡറിൽ ഇറക്കണം' ; സഞ്ജുവിനെ പിന്തുണച്ച് രവി ശാസ്ത്രി

മുംബൈ: ഏഷ്യാകപ്പ് പടി വാതിൽക്കലെത്തി നിൽക്കെ ഇന്ത്യൻ ടീമിൽ അഭിഷേക് ശർമക്കൊപ്പം ആരാണ് ഓപ്പണറായി ഇറങ്ങുന്നതെന്നത് ഇനിയും വ്യക്തമായിട്ടില്ല. കഴിഞ്ഞ പത്ത് മത്സരങ്ങളിൽ മൂന്ന്് സെഞ്ചുറിയുമായി വെടിക്കെട്ട് പ്രകടനം നടത്തിയ സഞ്ജു സാംസണും ഇടവേളക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ ഉപനായകൻ ശുഭ്മാൻ ഗില്ലും തമ്മിലാണ് ഓപ്പണിംഗ് സ്ഥാനത്തിനായി മത്സരിക്കുന്നത്. എന്നാൽ സഞ്ജുവിനെ ടോപ്പ് ഓർഡറിൽ നിലനിർത്തണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി.
'നിങ്ങൾ സഞ്ജു സാംസണിന്റെ ടി20 അന്താരാഷ്ട്ര തലത്തിലെ റെക്കോർഡ് പരിശോധിച്ചാൽ ഗില്ലിനെ പോലൊരു കളിക്കാരനുപോലും വെല്ലുവിളി ഉയർത്തുന്നതാണെന്ന് കാണാൻ സാധിക്കും. എന്തുകാരണം കൊണ്ടുതന്നെയായാലും സാംസൺ ടീമിൽ ടോപ് ഓർഡറിൽ തുടരണം. ഒരു മത്സരം ഒറ്റക്ക് വിജയിപ്പിക്കാൻ സാധിക്കുന്ന, അപകടകാരിയായ കളിക്കാരനാണ് സഞ്ജു.' ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ രവി ശാസ്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം ടി20 യിൽ 13 മത്സരങ്ങളിൽ നിന്ന് 436 റണ്ണുമായി ഇന്ത്യൻ ടി20 ബാറ്റർമാരിൽ ടോപ് സ്‌കോറർ ആയിരുന്നു സഞ്ജു സാംസൺ. തുടർച്ചയായി രണ്ട അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡും സ്വന്തമാക്കി. ഇതോടെ താരം ടീമിലെ സ്ഥാനവും ഏതാണ്ട് ഉറപ്പിച്ചതാണ്. എന്നാൽ ഗില്ലിന്റെ വരവോടെ താരം ഏതു പൊസിഷനിൽ ഇറങ്ങുമെന്ന കാര്യം അനിശ്ചിതത്വത്തിലായി. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ കൊടുങ്കാറ്റായ സഞ്ജു 34.75 ശരാശരിയിൽ 182 സ്ട്രൈക്ക് റേറ്റിലാണ് സീസണിൽ ആകെ 436 റൺസ് അടിച്ചു കൂട്ടിയത്.
നിലവിൽ മൂന്ന് ഫോർമാറ്റിലും മികച്ച ഇന്നിംഗ്സുകൾ കളിച്ചിട്ടുള്ള ഗിൽ ടെസ്റ്റിലും ടി20 യിലും നായകനായും ഏകദിനത്തിൽ, ചാമ്പ്യൻസ് ട്രോഫിയിൽ ഉപ നായകനായും ടീമിനെ നയിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായ 25 കാരൻ കഴിഞ്ഞ സീസണിൽ രണ്ട് സെഞ്ചുറിയും ആറ് അർധ സെഞ്ചുറിയും ഉൾപ്പടെ 654 റൺസ് അടിച്ചു കൂട്ടിയിരുന്നു.
Adjust Story Font
16

