കോഹ്‍ലിയോടും രോഹിതിനോടും കളിക്കരുത്, അവർ നേരാംവണ്ണം വിചാരിച്ചാൽ കുഴപ്പമുണ്ടാക്കുന്നവർ അപ്രതക്ഷ്യരാകും -രവി ശാസ്ത്രി

ന്യൂഡൽഹി: മുതിർന്ന താരങ്ങളായ വിരാട് കോഹ്‍ലി, രോഹിത് ശർമ എന്നിവരും ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറും തമ്മിൽ വിഭാഗീയതയുണ്ടെന്ന വാർത്തകൾക്കിടെ പരോക്ഷ പ്രതികരണവുമായി രവി ശാസ്ത്രി. കോഹ്‍ലിയെയും രോഹിതിനെയും പിന്തുണച്ച ശാസ്ത്രി ഇരുവർക്കെതിരെയും നിൽക്കുന്നവർക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
രവി ശാസ്ത്രിയുടെ പ്രസ്താവനയിങ്ങനെ: "വിരാട് കോഹ്ലിയും രോഹിത് ശർമയും ഏകദിനത്തിലെ അതികായന്മാരാണ്. അങ്ങനെയുള്ള കളിക്കാരോട് നിങ്ങൾ കളിക്കാൻ നിൽക്കരുത്. കുറച്ച് പേർ അങ്ങനെ ചെയ്യുന്നുണ്ട്. കോഹ്‍ലിയും രോഹിതും ശരിയായി ചിന്തിച്ച് ശരിയായ ബട്ടൺ അമർത്തുകയാണെങ്കിൽ ഈ കുഴപ്പമുണ്ടാക്കുന്നവരെല്ലാം വേഗത്തിൽ രംഗത്തുനിന്ന് അപ്രത്യക്ഷരാകും’’ -രവി ശാസ്ത്രി പ്രതികരിച്ചു.
‘‘അനുഭവ സമ്പത്ത് മാർക്കറ്റിൽ നിന്നും വാങ്ങാൻ കിട്ടില്ല. ഒരാൾ ചേസ് മാസ്റ്ററാണ്. മറ്റൊരാൾ ഏകദിനത്തിൽ മൂന്ന് ഡബിൾ സെഞ്ച്വറികൾ നേടിയയാളാണ്’’ -രവി ശാസ്ത്രി കൂട്ടിച്ചേർത്തു. പ്രത്യക്ഷമായി ആരുടെയും പേര് പരാമർശിച്ചില്ലെങ്കിലും രവി ശാസ്ത്രി ഉന്നമിട്ടത് പരിശീലകൻ ഗൗതം ഗംഭീറിനെയും ചീഫ് സെലക്ടർ അജിത് അഗാർക്കറിനെയുമാണെന്നാണ് വിലയിരുത്തൽ.
Adjust Story Font
16

