ആർസിബി വിക്ടറി പരേഡ് ദുരന്തം ; മരണപ്പെട്ടവർക്ക് ആദരവായി സ്റ്റേഡിയത്തിൽ 11 സീറ്റുകൾ ഒഴിച്ചിടും

ബെംഗളൂരു : കഴിഞ്ഞ വർഷം ഐപിഎൽ വിക്ടറി പരേഡിനിടെ നടന്ന ദുരന്തത്തിൽ മരിച്ചവർക്ക് ആദരവുമായി ആർസിബി. സീസണിലെ എല്ലാ മത്സരങ്ങളിലും സ്റ്റേഡിയത്തിൽ 11 സീറ്റുകൾ ഒഴിച്ചിടുമെന്ന് ഫ്രാഞ്ചൈസിയും കർണാടക ക്രിക്കറ്റ് ബോർഡും പ്രഖ്യാപിച്ചു. കഴിഞ്ഞ ജൂൺ നാലിനായിരുന്നു ഒരു പതിനാല് വയസുകാരൻ ഉൾപ്പടെ 11 പേർ മരണപ്പെട്ട ആർസിബി വിക്ടറി പരേഡ് അരങ്ങേറിയത്.
സ്റ്റേഡിയത്തിലെ പ്രധാന ഗാലറികളിൽ ഒന്നിൽ അടുത്തടുത്ത് വരുന്ന 11 സീറ്റുകളാണ് മരണപ്പെട്ടവരുടെ ഓർമയിൽ ഒഴിച്ചിടാൻ ഒരുങ്ങുന്നത്. തുടർന്ന് ഭാവിയിൽ ഈ രീതി തുടരുവാനും ആലോചനയുണ്ട്. ജീവൻ നഷ്ടമായ 11 പേരുടെയും പേരുകൾ ആദ്യ മത്സരത്തിൽ സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനിൽ തെളിയും. ഇവരുടെ പേരുകൾ കൊത്തിവെച്ച ഒരു ഫലകവും സ്റ്റേഡിയത്തിൽ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
'ഈ പ്രവർത്തികൾ ആ കുടുംബങ്ങളുടെ വേദനക്ക് പരിഹാരം ആവില്ലെങ്കിലും അവരുടെ ഓർമകളെ നിലനിർത്താൻ സഹായിക്കും. കർണാടക ക്രിക്കറ്റ് ബോർഡും ഫ്രാഞ്ചൈസിയും സംയുക്തമായാണ് ഈ നടപടികൾ സ്വീകരിക്കുന്നത്' ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് വെങ്കടേഷ് പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
Adjust Story Font
16

