കൈയ്യിലിരുന്ന മത്സരം നശിപ്പിച്ച് ഇന്ത്യ
ടോപ്പ് ഓർഡർ സൃഷ്ടിച്ച വീരകഥകൾ പറയുന്നതിനൊപ്പം തന്നെ ലോവർ ഓഡറിന്റെ തകർച്ച കൂടി പറയേണ്ടതുണ്ട്

പ്രതീക്ഷിച്ചതിലും മുകളിലുള്ള തുടക്കം, സെഞ്ച്വറിയുമായി ക്ലാസ് തെളിയിച്ച് ഓപ്പണർമാർ, ക്യാപ്റ്റനായ ആദ്യ മത്സരത്തിൽ തന്നെ ബാറ്റിങ്ങിൽ ഗില്ലിന്റെ സെഞ്ച്വറി, രണ്ടിങ്സിലും സെഞ്ച്വറി നേടി പന്തിന്റെ മാസ് എൻട്രി, പേരിനെങ്കിലും ആദ്യ ഇന്നിങ്സിൽ ലീഡുമെടുത്തു, കൂടെ പ്രീമിയം പേസ് ബൗളർ അഞ്ചുവിക്കറ്റുമെടുത്തു...ഒരു ടെസ്റ്റ് വിജയിക്കാൻ പോന്ന എല്ലാ ചേരുവകളും ഇന്ത്യക്കുണ്ടായിരുന്നു. പക്ഷേ ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിയച്ചപ്പോൾ ഏറെ വിമർശനം കേട്ടിയിരുന്ന ബെൻ സ്റ്റോക്ക്സ് തന്നെ ഒടുവിൽ ലീഡ്സിൽ ചിരിച്ചുനിൽക്കുന്നു. നന്നായി തുടങ്ങിയ ടെസ്റ്റിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് മുട്ടുമടക്കിയിരിക്കുന്നു.
ഇന്ത്യ എന്തുകൊണ്ട് തോറ്റു?
ടോപ്പ് ഓർഡർ സൃഷ്ടിച്ച വീരകഥകൾ പറയുന്നതിനൊപ്പം തന്നെ ലോവർ ഓഡറിന്റെ തകർച്ച കൂടി പറയേണ്ടതുണ്ട്. ആദ്യ ഇന്നിങ്സിൽ 430ന് മൂന്ന് എന്ന നിലയിലായിരുന്നു ഇന്ത്യ. അതുവരെയുള്ള ബാറ്റിങ് പ്രകടനവും പിച്ചും നോക്കുമ്പോൾ 600വരെ പോകാവുന്ന അവസ്ഥ. പക്ഷേ മധ്യനിരയും ലോവർ ഓർഡറും ചീട്ടുകൊട്ടാരം പോലെ തകർന്നുവീണു. അതായത് ആദ്യ ഇന്നിങ്സിൽ അവസാനത്തെ ഏഴുവിക്കറ്റുകൾ വെറും 41 റൺസിനുള്ളിലാണ് വീണത്. ആറ് ഇന്നിങ്സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യക്ക് നാലാം ദിനം പകുതിയാകും വരെ ക്ലിയർ അഡ്വാന്റേജുണ്ടായിരുന്നു. വിജയമോ അതല്ലെങ്കിൽ സമനിലയോ എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ 333ന് നാല് എന്ന നിലയിൽ നിന്നും ഇന്ത്യ കൂപ്പു കുത്തി. വെറും 33റൺസെടുക്കുന്നതിനിടെ അവസാന ആറ് വിക്കറ്റുകളും കൂടാരം കയറി. രണ്ടിങ്സിലും ലോവർ ഓഡർ അൽപ്പം കൂടി ഉത്തരവാദിത്തം കാണിച്ചിരുന്നുവെങ്കിൽ നിശ്ചയമായും ഈ മത്സരത്തിന്റെ ഫലം മറ്റൊന്നായേനെ.
മറ്റൊരു പ്രധാന പ്രശ്നം വിട്ടുകളഞ്ഞ ക്യാച്ചുകളാണ്. ഫീൽഡർമാരുടെ കൈക്കുള്ളിലൂടെ ഊർന്നുപോയത്മത്സരം തന്നെയാണെന്ന് പറയാം. വിട്ടുകളഞ്ഞ ക്യാച്ചുകളുടെ എണ്ണത്തിൽ ഇന്ത്യ റെക്കോർഡ് തന്നെയിട്ടു. പോയ 20 വർഷത്തിനുള്ളിൽ ഇംഗ്ലീഷ് മണ്ണിൽ ഒരു ടീമും ഇത്രയധികം ക്യാച്ചുകൾ കൈവിട്ടിട്ടില്ല. ആദ്യ ഇന്നിങ്സിൽ ഒലി പോപ്പേിനെ 60 റൺസിൽ ജയ്സ്വാൾ വിട്ടുകളഞ്ഞു. പോപ്പ് പിന്നീട് 106 റൺസിലാണ് പുറത്തായത്. 62 റൺസെടുത്ത ബെൻ ഡക്കറ്റിനെ 15 റൺസിൽ വെച്ച് ജഡേജ ഡ്രോപ്പ് ചെയ്തു. 99 റൺസെടുത്ത ഹാരി ബ്രൂക്കിനെ 58ൽ ഗള്ളിയിൽ കെഎൽ രാഹുലും കളഞ്ഞു. ഒരു ഇന്നിങ്സിൽ ഏറ്റവുമധികം ക്യാച്ചുകൾ വിട്ട ഇന്ത്യക്കാരനെന്ന നാണക്കേട് ജയ്സ്വാളിന്റെ പേരിലാണ്. ഒരിന്നിങ്സിൽ തന്നെ നാലുതവണയാണ് ജയ്സ്വാൾ ഇംഗ്ലീഷ് ബാറ്റർമാർക്ക് ലൈഫ് നൽകിയത്.
എന്തുകൊണ്ട് ഇന്ത്യ ഇത്രയും ക്യാച്ചുകൾ വിട്ടു. അതിന് ആ അശ്വിൻ നൽകുന്ന വിശദീകരണം ഇങ്ങനെയാണ്. ഇംഗ്ലണ്ടിലെ തണുത്ത കാലാവസ്ഥക്കൊപ്പം അവിടെ ഉപയോഗിക്കുന്നത് ഡ്യൂക് ബോളാണ്. എസ്.ജി, ക്യൂകോബുറ പന്തുകൾ കൈയ്യിൽ കംഫർട്ടായി ഒതുങ്ങുമ്പോൾ ഡ്യൂക് ബോളുകൾ അൽപ്പം കൂടി വലുതാണ്. അതുകൊണ്ടുതന്നെ അതുമായി അഡോപ്റ്റ് ചെയ്യാൻ സമയമെടുക്കും- അശ്വിൻ പ്രതികരിച്ചു.
ബാസ്ബാൾ സ്റ്റൈൽ
ബാസ്ബാൾ ഇറയിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ മിറാക്കികളുകൾ സംഭവിച്ചത് നാലാം ഇന്നിങ്സിലാണ്. സ്റ്റോക്സ് ക്യാപ്റ്റനായ ശേഷമുള്ള ആദ്യ നാല് ടെസ്റ്റുകളിലും അവർ 250ന് മുകളിൽ ചേസ് ചെയ്തിരുന്നു. പ്രത്യേകിച്ചും ഇംഗ്ലീഷ് പിച്ചുകളിൽ ഈകാര്യത്തിൽ അവർക്ക് മികച്ച റെക്കോർഡുണ്ട്. ടോസ് നേടി സ്റ്റോക്ക്സ് ഫീൽഡിങ് തെരഞ്ഞെടുത്ത 11മത്സരങ്ങളിൽ എട്ടിലും അവർ വിജയിച്ചിട്ടുണ്ട്. കൂടാതെ സമനിലക്ക് വേണ്ടി കളിക്കുക എന്നത് മക്കല്ലം-സ്റ്റോക്സ് ഇറയിൽ നാമധികം കാണാത്തതതാണ്. റിസ്കെടുക്കുക, വിജയത്തിനായി ശ്രമിക്കുക എന്ന അപ്രോച്ച് തന്നെയാണ് അവർ സ്വീകരിക്കാറുള്ളത്. ലീഡ്സിൽ കണ്ടതും അതിന്റെ ആവർത്തനം മാത്രമാണ്.
പ്രതീക്ഷകളെല്ലാം ബുംറയിൽ
1990കളിലെ ഇന്ത്യൻ ടീമിലെ സച്ചിനാണ് നിലവിൽ ബുംറ എന്ന് പറയാറുണ്ട്. കാരണം അയാളുടെ ബലത്തിൽ മാത്രമാണ് ഇന്ത്യ പോരടിക്കുന്നത്. സ്റ്റാർക്ക്-കമ്മിൻസ്-ഹേസൽവുഡ് ട്രയോക്കെതിരെയുള്ള ഏക ആയുധം ബുംറയെന്ന ഒറ്റ മനുഷ്യനായിരുന്നു. പിച്ചും ഫോർമാറ്റും എതിരാളികളും മാറി മാറി വന്നാലും ഇന്ത്യക്ക് ഉറപ്പുള്ള ഒരേയൊരു പേരായി ബുംറ തുടരുന്നു. ലീഡ്സിലെ ആദ്യ ഇന്നിങ്സിലും ബുംറയുടെ ക്ലാസ് നാം കണ്ടു. കൃത്യതയും റിവേഴ്സ് സ്വിങ്ങും വേഗതയും ചേർന്ന ക്ലാസിക്കൽ ബുംറ. ആദ്യ ഇന്നിങ്സിൽ അയാൾക്കൊത്ത പിന്തുണ മറ്റുബൗളർമാരിൽ നിന്നും ലഭിച്ചില്ല. രണ്ടാം ഇന്നിങ്സിൽ ഫീൽഡിനിറങ്ങുമ്പോൾ ബുംറയുടെ മാന്ത്രിക സ്പെല്ലിൽ തന്നെയായിരുന്നു ഇന്ത്യ പ്രതീക്ഷ വെച്ചത്. പക്ഷേ അയാൾക്കതിന് സാധിച്ചുമില്ല. ബുംറയെ ആദ്യ ഓവറുകളിൽ ആത്മവിശ്വാസത്തോടെ ഡക്കറ്റും ക്രോളിയും നേരിട്ടപ്പോൾ തന്നെ മത്സരം ഇംഗ്ലണ്ടിന്റെ ട്രാക്കിലായിരുന്നു എന്നതാണ് സത്യം. വർക്ക് ലോഡ് പരിക്ക് സൃഷ്ടിക്കുന്നതിൽ ബുംറെയ മൂന്ന് ടെസ്റ്റുകളിൽ മാത്രമേ കളിപ്പിക്കൂ എന്ന് ഇന്ത്യ തീരുമാനിച്ചിരുന്നു. ആ തീരുമാനത്തിൽ മാറ്റമുണ്ടാകില്ല എന്ന് ഗംഭീർ ഇന്നലെയും പ്രഖ്യാപിച്ചിട്ടുണ്ട്.
അർഷ് ദീപ് സിങ്, നിതീഷ് കുമാർ റെഡ്ഠി എന്നിവർ പുറത്തിരിക്കെ ബൗളിങ്ങിൽ മാറ്റങ്ങൾ വരുത്തുക എന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള സാധ്യത. ബാറ്റിങ് മികവിൽ കൂടിയാണ് ഷർദുലിനെ ടീമിൽ ഉൾപ്പെടുത്തുന്നത്. അദ്ദേഹം ബാറ്റിങിൽ സംഭാവന ചെയ്യുന്നില്ലെങ്കിൽ അദ്ദേഹത്തേക്കാൾ മികച്ച ഓപ്ഷനുകളാണ് മറ്റുള്ളവർ. സ്പിൻ ഡിപ്പാർട്മെന്റിൽ ജഡേജയല്ലാത്ത ഓപ്ഷനുകളെക്കുറിച്ചും പരിഗണിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു.
ക്യാപ്റ്റനും കോച്ചും എന്ത് പറയുന്നു?
ക്യാപ്റ്റൻ ഗില്ലിന്റെ അഗ്രസീവും അറ്റാക്കിങ്ങുമല്ലാത്ത സമീപനത്തിനെതിരെ ഇതിനോടകം വിമർശനമുയർന്നിട്ടുണ്ട്. അത് പക്ഷേ തോൽവിക്ക് പിന്നാലെയുള്ള പതിവായി കാണാം. ഒരു മത്സരം ഒരു ക്യാപ്റ്റനെ അളക്കാനുള്ള മാനദണ്ഡമല്ല. ലോവർ ഓഡറിന്റെ പരാജയവും ഡ്രോപ്പ്ഡ് ക്യാച്ചുകളുമാണ് അദ്ദേഹം തോൽവിക്കുള്ള കാരണമായി ഗിൽ പറഞ്ഞത്. ‘‘430ന് അടുത്ത് സ്കോർ എത്തിച്ച് ഡിക്ലയർ ചെയ്യാനായിരുന്നു പ്ലാൻ. പക്ഷേ ലോവർ ഓർഡർ തകർന്നത് വിനയായി. പക്ഷേ ടീമിന്റെ ആകെ പ്രകടനം അഭിമാനിക്കാവുന്നതാണ്.’ - ഗിൽ മത്സരശേഷം പ്രതികരിച്ചു.
കോച്ച് ഗൗതം ഗംഭീറാകട്ടെ, പതിവ് രീതിയിൽ ടീമിനെ പ്രതിരോധിച്ചാണ് സംസാരിച്ചത്. ആദ്യ ഇന്നിങ്സിൽ ഒരു 570 റൺസെങ്കിലുമുണ്ടായിരുന്നുവെങ്കിൽ കളി മാറുമായിരുന്നുവെന്ന അഭിപ്രായം തന്നെയാണ് ഗംഭീറിനുമുള്ളത്. എങ്കിലും ഏതെങ്കിലും ഒരുതാരത്തെ മാത്രം പേരെടുത്ത് വിമർശിക്കാതെ തെറ്റുകളും പരാജയപ്പെടലുകളും മനുഷ്യസഹജമാണെന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്.
ഇന്ത്യക്ക് ആലോചിക്കാനും പ്ലാനുകൾ മാറ്റാൻ ആവശ്യത്തിലേറെ സമയമുണ്ട്. ജൂലൈ രണ്ട് മുതൽ ബിർമിങ്ഹാമിലെ എഡ്ജ് ബാസ്റ്റണിലാണ് രണ്ടാം ടെസ്റ്റ്.
Adjust Story Font
16

