Quantcast

രോഹിത് ശർമ്മ 10 റൺസ് കൂടി നേടിയാൽ....; ഉറ്റുനോക്കി ആരാധകർ

10 റൺസ് കൂടി നേടിയാൽ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററാവാൻ രോഹിതിനാകും.

MediaOne Logo

Web Desk

  • Updated:

    2022-08-28 11:15:39.0

Published:

28 Aug 2022 11:14 AM GMT

രോഹിത് ശർമ്മ 10 റൺസ് കൂടി നേടിയാൽ....; ഉറ്റുനോക്കി ആരാധകർ
X

ദുബൈ: ഏഷ്യാകപ്പിന് ശനിയാഴ്ച തുടക്കമായെങ്കിലും ടൂർണമെന്റിലെ ഗ്ലാമർപോരാട്ടം ഇന്നാണ്. ഇന്ത്യയും പാകിസ്താനും ഒരിക്കൽ കൂടി മത്സരത്തിനൊരുങ്ങുമ്പോൾ ആവേശം കൊടുമുടി കയറും. ഐ.സി.സി ടി20 ലോകകപ്പിലെ മത്സരത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നത്. അന്ന് പത്ത് വിക്കറ്റിന് തോറ്റതിനുള്ള മധുരപ്രതികാരത്തിനൊരുങ്ങുകയാണ് ഇന്ത്യ.

ഇതിനെല്ലാമുപരി ഒത്തിരി പ്രത്യേകതകൾ കൂടി നിറഞ്ഞതാണ് ഇന്ത്യ-പാക് മത്സരം. ഫോമിലേക്ക് എത്താൻ വെമ്പൽകൊള്ളുന്ന മുൻനായകൻ വിരാട് കോഹ്‌ലിക്ക് ഇന്നത്തെ മത്സരവും ഈ ടൂർണമെന്റും നിർണായകമാണ്. മാത്രമല്ല കോഹ്‌ലിയുടെ 100ാം ടി20 മത്സരം കൂടിയാണ്. 100ാം മത്സരത്തിൽ കോഹ്‌ലി സെഞ്ച്വറിയടിക്കുമോ, കാത്തിരിക്കാം. മറ്റൊരു ശ്രദ്ധേയമായ നീക്കം സംഭവിക്കാനിരിക്കുന്നത് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ ബാറ്റിൽ നിന്നായിരിക്കും. 10 റൺസ് കൂടി നേടിയാൽ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററാവാൻ രോഹിതിനാകും.

നിലവിൽ ന്യൂസിലാൻഡ് ഓപ്പൺ മാർട്ടിൻ ഗപ്റ്റിലിന്റെ പേരിലാണ് ഈ റെക്കോർഡ്. 3497 റൺസാണ് ഗപ്റ്റിലിന്റെ പേരിലുള്ളത്. രോഹിതിന്റെ അക്കൗണ്ടിൽ 3487 റൺസും. പത്ത് റൺസ് മതി രോഹിതിന്, കുട്ടിക്രിക്കറ്റിൽ കനപ്പെട്ടൊരു റെക്കോർഡ് സ്വന്തമാക്കാൻ. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഇനത്തെ മത്സരത്തിൽ തന്നെ രോഹിത് ടി20 ക്രിക്കറ്റിന്റെ റൺവേട്ടക്കാരിൽ മുന്നിലെത്തും. ഈ നേട്ടത്തിൽ 3308 റൺസുമായി വിരാട് കോഹ്‌ലി മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യൻ സമയം വൈകീട്ട് 7.30ന് ദുബൈയിലാണ് മത്സരം.

ടിക്കറ്റുകൾ വിൽപനക്ക് വെച്ച മിനുറ്റുകൾക്കുള്ളിൽ തന്നെ വിറ്റഴിഞ്ഞിരുന്നു. അതേസമയം ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താൻ ശ്രീലങ്കയെ തോൽപിച്ചിരുന്നു. എട്ട് വിക്കറ്റിനായിരുന്നു അഫ്ഗാനിസ്താന്റെ വിജയം. ശ്രീലങ്ക ഉയർത്തിയ 105 റൺസെന്ന വിജയലക്ഷ്യം രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി അഫ്ഗാനിസ്താൻ 10.1 ഓവറിൽ മറികടക്കുകയായിരുന്നു. സ്പിന്നർമാരാണ് ശ്രീലങ്കയെ തകർത്തത്.

TAGS :

Next Story