Quantcast

പാകിസ്താൻ നല്ല ടീം, ഒരു ടെസ്റ്റ് പരമ്പര കളിക്കാൻ മോഹം -രോഹിത് ശർമ

MediaOne Logo

Sports Desk

  • Published:

    19 April 2024 10:56 AM GMT

india-pak
X

ഇന്ത്യയും പാകിസ്താനും തമ്മിലൊരു പരമ്പരയെന്നത് ക്രിക്കറ്റ് ആരാധകരുടെ ഏറെ നാളായുള്ള സ്വപ്നമാണ്. ഒടുവിൽ അത്തരമൊരു ആഗ്രഹം പരസ്യമാക്കിക്കൊണ്ട് ഇന്ത്യൻ നായകൻ രോഹിത് ശർമ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മുൻ താരങ്ങളായ ആദം ഗിൽക്രിസ്റ്റും മൈക്കൽ വോണുമായുള്ള സംഭാഷണത്തിനിടെയാണ് രോഹിത് ധൈര്യപൂർവം തന്റെ നിലപാട് പറഞ്ഞത്.2013ലാണ് അവസാനമായി ഒരു പാകിസ്താൻ നായകൻ ക്രിക്കറ്റ് പരമ്പരക്കായി അതിർത്തി കടന്ന് ഇന്ത്യയിലെത്തിയത്. മൂന്നുമത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്കെത്തിയ പാക് ടീമിനെ അന്ന് മിസ്ബാഹുൽ ഹഖാണ് നയിച്ചത്.

പാകിസ്താൻ ടീമിനെക്കുറിച്ച് നല്ലത് പറയാനും ഇന്ത്യൻ നായകൻ പറഞ്ഞില്ല. പാകിസ്താൻ ​നല്ല ടെസ്റ്റ് ടീമാണെന്നും അവരുടെ ബൗളിങ് യൂണിറ്റ് കരുത്തുള്ളതാണെന്നും രോഹിത് പറഞ്ഞു. അതുകൊണ്ടുത​ന്നെ പാകിസ്താനുമായുള്ള മത്സരം ഓവർസീസ് സാഹചര്യങ്ങളിൽ ഇന്ത്യക്ക് ഏറെ ഗുണകരമാകുമെന്നും രോഹിത് കൂട്ടിച്ചേർത്തു.

ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകൾ മുൻകൈ എടുത്തിരുന്നു. ശ്രീലങ്കയിലോ ബംഗ്ലദേശിലോ യു.എ.ഇയിലോ വെച്ച് മത്സരം നടത്താനും പദ്ധതിയുണ്ടായിരുന്നു. അതിനിടയിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള മത്സരത്തിന് വേദിയൊരുക്കാൻ താൽപര്യമറിയിച്ച് ഇംഗ്ലണ്ട് ഓസ്ട്രേലിയ ​ക്രിക്കറ്റ് ബോർഡുകളും എത്തി. ക്രിക്കറ്റിലെ ഗ്ലാമർ പോരാട്ടമായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിന് വേദിയൊരുക്കിയാൽ കിട്ടുന്ന വലിയ സാമ്പത്തിക ലാഭത്തിലാണ് അവരുടെ കണ്ണ്. 1990കളിൽ കാനഡയിൽ വെച്ച് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഒട്ടേറെ ഏകദിന പരമ്പരകൾ ഒരുക്കിയിരുന്നു. കീശ നിറയുമെന്നതിനാൽ തന്നെ ടിവി ചാനലുകൾക്കും അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനുമെല്ലാം ഒരു ഇന്ത്യ പാക് പരമ്പരക്കായി കാത്തിരിക്കുന്നുണ്ട്

ട്വന്റി 20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, ഏകദിന ലോകകപ്പ്, ഏഷ്യ കപ്പ് എന്നീ ടൂർണമെന്റുകളിലായി ഇന്ത്യയും പാക്കിസ്താനും ഏറ്റുമുണ്ടാറുണ്ട്. മിക്ക സമയങ്ങളിലും ആവേശത്തിന്റെ പരകോടിയിലെത്തുന്ന ഈ മത്സരങ്ങൾ ഗാലറിയിലും ടിവി സ്ക്രീനുമെല്ലാം കാഴ്ചക്കാരുടെ എണ്ണത്തിൽ വലിയ റെക്കോർഡും സൃഷ്ടിക്കാറുണ്ട്. എന്നാൽ ക്രിക്കറ്റിന്റെ പരിശുദ്ധ രൂപമായ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്താനും പോരടിച്ചിട്ട് എത്രയോ വർഷങ്ങളായി. 2007 ഡിസംബറിൽ ബെംഗളൂരുവിൽ വെച്ചാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ അവസാനമായി ടെസ്റ്റിൽ കൊമ്പുകോർത്തത്. തുടർന്നുനടന്ന മുംബൈ ഭീകരാക്രമണവും അതിർത്തിയിലെ പ്രശ്നങ്ങളും ഇരു രാജ്യങ്ങളിലെയും മാറിയ രാഷ്ട്രീയ അന്തരീക്ഷങ്ങളുമെല്ലാം വീണ്ടുമൊരു ടെസ്റ്റ് മത്സരം അസാധ്യമാക്കുകായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധവും ഇക്കാലയളവിൽ മോശമായി. ദീർഘകാല​ത്തെ ഇടവേളക്ക് ശേഷം പാകിസ്താനിൽ ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിച്ചെങ്കിലും പ​ങ്കെടുക്കാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു. ഇതിനെത്തുടർന്ന് ഐ.സി.സി ടൂർണമെന്റുകൾ അടക്കമുള്ളവ പാകിസ്താനിൽ നിന്നും മാറ്റേണ്ടി വരികയും ചെയ്തു. ഇതിന് പകരമെന്നോളം ഇന്ത്യയിൽ നടക്കുന്ന ടൂർണമെന്റുകൾ ബഹിഷ്കരിക്കാൻ പാകിസ്താനും ഒരുങ്ങിയിരുന്നു. മിക്ക സമയങ്ങളിലും രാഷ്ട്രീയ കാരണങ്ങളാലാണ് പരമ്പരകൾ നടക്കാതെ പോയത്.

രാഷ്ട്രീയ വിഷയങ്ങൾ കൊടുമ്പിരി കൊള്ളുമ്പോഴും ഇന്ത്യയും പാകിസ്താനും തമ്മിൽ കളത്തിൽ പോരടിച്ചിരുന്ന കാലമുണ്ടായിരുന്നു. 1999ലെ കാർഗിൽ യുദ്ധത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരകൾ നിർത്തിവെച്ചിരുന്നു. തുടർന്ന് 2004ൽ ഇന്ത്യയുടെ പാകിസ്താൻ സന്ദർശനത്തോടെ വീണ്ടും പരമ്പരകൾക്ക് അരങ്ങുണർന്നു. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ഇഞ്ചോടിഞ്ച് പോരിൽ പാകിസ്താനിൽ ഏകദിന ​പരമ്പര നേടിയതും ടെസ്റ്റിൽ വിജയക്കൊടി പാറിച്ചതുമെല്ലാം അവിസ്മരണീയ ഓർമകളായി ഓരോരുത്തരുടെയും മനസ്സിലുണ്ട്.

കളത്തിന് പുറത്ത് എന്തൊക്കെ നടന്നാലും പൊതുവേ കളിക്കളത്തിൽ നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ് ഇരു രാജ്യങ്ങളിലും താരങ്ങൾ. വിരാട് കോഹ്‍ലി പാക് ഡ്രസിങ് റൂമിലെത്തിയതും ജസ്പ്രീത് ബുംറക്ക് കുഞ്ഞുജനിച്ചപ്പോൾ സമ്മാനവുമായി ഷഹീൻ അഫ്രീദി എത്തയതുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു. ഇന്ത്യ പാകിസ്താൻ മത്സരങ്ങൾ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് അവിസ്മരണീയമായ ഒരുപാട് ഓർമകളുടേതാണ്. ആ മനോഹര ഓർമകൾ വീ​ണ്ടുമെത്തട്ടെ എന്നാണ് ഓരോ ക്രിക്കറ്റ് പ്രേമിക്കും വീണ്ടും പറയാനുള്ളത്.

TAGS :

Next Story