ഗില്ലും റാഷിദ് ഖാനും തിളങ്ങി; രാജസ്ഥാനെ തകർത്ത് ഗുജറാത്ത് രണ്ടാമത്
പോയന്റ് ടേബിളിൽ അഞ്ചാംസ്ഥാനത്തുനിന്നാണ് ഗുജറാത്ത് രണ്ടിലേക്ക് മുന്നേറിയത്.

ജയ്പൂർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 77 റൺസിന്റെ തകർപ്പൻ ജയം. ഗുജറാത്ത് ഉയർത്തിയ 230 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ആർആർ പോരാട്ടം 16.3 ഓവറിൽ 152ൽ അവസാനിച്ചു. 25 പന്തിൽ 38 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറർ. െൈവഭവ് സൂര്യവൻഷി 16 പന്തിൽ 36 റൺസെടുത്തു. ടൈറ്റൻസിനായി സ്പിന്നർ റാഷിദ് ഖാൻ നാല് വിക്കറ്റ് വീഴ്ത്തി. നേരത്തെ ശുഭ്മാൻ ഗില്ലിന്റേയും(44 പന്തിൽ 84) സായ് സുദർശന്റേയും(36 പന്തിൽ 55) അർധ സെഞ്ച്വറി കരുത്തിലാണ് ഗുജറാത്ത് മികച്ച ടോട്ടൽ പടുത്തുയർത്തിയത്. അവസാന ഓവറുകളിൽ വാഷിങ്ടൺ സുന്ദർ(20 പന്തിൽ 37) തകർത്തടിച്ചതോടെ സ്‌കോർ 229ലെത്തി. ജോസ് ബട്‌ലർ(13), ജേസൻ ഹോൾഡർ(7) എന്നിവരാണ് മറ്റു സ്‌കോറർമാർ. അവസാന ഓവറുകളിൽ തകർത്തടിച്ച രാഹുൽ തെവാത്തിയ 4 പന്തിൽ 14 റൺസുമായി പുറത്താകാതെ നിന്നു. രാജസ്ഥാനുവേണ്ടി ബ്രിജേശ് ശർമ രണ്ട് വിക്കറ്റെടുത്തു.
മറുപടി ബാറ്റിങിൽ വൈഭവ് സൂര്യവൻഷി രാജസ്ഥാന് തകർപ്പൻ തുടക്കമാണ് നൽകിയത്. പവർപ്ലെ ഓവറുകളിൽ തകർത്തടിച്ച കൗമാരക്കാരൻ റൺറേറ്റ് ഉയർത്തി. എന്നാൽ മികച്ചൊരു ബൗൺസർ പന്തിൽ മുഹമ്മദ് സിറാജ് വൈഭവിനെ മടക്കി. 16 പന്തിൽ മൂന്ന് വീതം ഫോറും സിക്‌സറും സഹിതം 36 റൺസാണ് സമ്പാദ്യം. തൊട്ടുപിന്നാലെ യശസ്വി ജയ്‌സ്വാളിനെ(3) കഗിസോ റബാഡെയും പുറത്താക്കി. എന്നാൽ ഒരുവശത്ത് നിലയുറപ്പിച്ച ധ്രുവ് ജുറേൽ(10 പന്തിൽ 24) ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. എന്നാൽ പവർപ്ലെയ്ക്ക് ശേഷം റാഷിദ് ഖാൻ ബൗളിങ് ദൗത്യം ഏറ്റെടുത്തതോടെ ആർആർ പ്രതീക്ഷകൾക്ക് തിരിച്ചടിയായി.
ധ്രുവ് ജുറേലിനെ ക്ലീൻ ബൗൾഡാക്കിയ അഫ്ഗാൻ സ്പിന്നർ, മികച്ച ഫോമിലുള്ള ഡൊണോവാൻ ഫെറേറെയെയും(4) മടക്കി. ഷിമ്രോൺ ഹെറ്റ്‌മെയറിനെ(6) റബാഡെ ജേസൻ ഹോൾഡറിന്റെ കൈകളിലെത്തിച്ചതോടെ രാജസ്ഥാൻ തിരിച്ചടിയിലേക്ക് വീണു. തുടരെ വിക്കറ്റുകൾ വീഴുമ്പോഴും ഒരുഭാഗത്ത് നിലയുറപ്പിച്ച രവീന്ദ്ര ജഡേജ(38) പതിയെ സ്‌കോറിങ് ഉയർത്തി. എന്നാൽ റാഷിദ് ഖാന്റെ ഓവറിൽ ജഡേജ വിക്കറ്റിന് മുന്നിൽ കുരുങ്ങിയതോടെ രാജസ്ഥാൻ പ്രതീക്ഷകൾ അവസാനിച്ചു. ജയത്തോടെ അഞ്ചാംസ്ഥാനത്തുനിന്ന് ഗുജറാത്ത് ടൈറ്റൻസ് പോയന്റ് ടേബിളിൽ രണ്ടാംസ്ഥാനത്തേക്ക് മുന്നേറി. നാല് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനാണ് പ്ലെയർഓഫ്ദിമാച്ച്
Adjust Story Font
16

