Quantcast

ബട്‌ലർ വീണു; സഞ്ജുവിന്റെ രക്ഷാപ്രവർത്തനം- കൊൽക്കത്തക്കെതിരെ രാജസ്ഥാന് പൊരുതാവുന്ന സ്‌കോർ

അവസാന ഓവറുകളിൽ ഹെറ്റ്മയറിന്റെ കൂറ്റനടികളാണ് രാജസ്ഥാനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്

MediaOne Logo

Web Desk

  • Published:

    2 May 2022 3:55 PM GMT

ബട്‌ലർ വീണു; സഞ്ജുവിന്റെ രക്ഷാപ്രവർത്തനം- കൊൽക്കത്തക്കെതിരെ രാജസ്ഥാന് പൊരുതാവുന്ന സ്‌കോർ
X

ബട്‌ലർ വീണാൽ രാജസ്ഥാന്റെ ബാറ്റിങിനെ വീഴ്ത്താമെന്ന കൊൽക്കത്തയുടെ പ്ലാനുകൾ ഒരു പരിധിവരെ സഞ്ജു സാംസൺ തകർത്തെങ്കിലും പിന്തുണ നൽകാൻ ആരുമില്ലാതെ വന്നതോടെ രാജസ്ഥാന് മികച്ച സ്‌കോർ നേടാൻ കഴിയാതെ പോയി.

സഞ്ജുവിന്റെ അർധ സെഞ്ച്വറി കരുത്തിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ രാജസ്ഥാന് മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ ദേവ്ദത്ത് പടിക്കലിനെ (2) നഷ്ടമായി. മനോഹരമായൊരു റിട്ടേൺ ക്യാച്ചിലൂടെ ഉമേഷ് യാദവാണ് പടിക്കലിനെ വീഴ്ത്തിയത്. ഇതോടെ ബട്‌ലറിന്റെയും സ്‌കോറിങ് വേഗം കുറഞ്ഞു. ആളിക്കത്തുമെന്ന് പ്രതീക്ഷിച്ച ജോസ് ബട്‌ലർ 25 പന്തിൽ 22 റൺസുമായി മടങ്ങിയതോടെ രാജസ്ഥാൻ അപകടം മണത്തു. സൌത്തിയാണ് ബട്ലറിനെ വീഴ്ത്തിയത്.

എന്നാൽ പടിക്കലിന് പിന്നാലെ ക്രീസിലെത്തിയ സഞ്ജു സാംസൺ നായകന്റെ ഉത്തരവാദിത്വത്തോടെ ബാറ്റ് വീശിയതോടെ രാജസ്ഥാൻ സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങി. ഇടയ്ക്ക് കരുൺ നായർ 13 റൺസുമായി അനുകൂൽ റോയ്ക്ക് വിക്കറ്റ് നൽകി മടങ്ങി. പക്ഷേ 17-ാം ഓവറിൽ 19 റൺസുമായി റിയാൻ പരാഗും രണ്ട് പന്തുകൾക്കപ്പുറം 54 റൺസുമായി സഞ്ജുവും മടങ്ങിയതോടെ രാജസ്ഥാൻ ക്യാമ്പിൽ വീണ്ടും നിരാശ പടർന്നു. പരാഗിനെ സൗത്തിയും സഞ്ജുവിനെ ശിവം മാവിയുമാണ് വീഴ്ത്തിയത്. 7 ഫോറും ഒരു സിക്‌സറുമടങ്ങിയതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്.

അവസാന ഓവറുകളിൽ ഹെറ്റ്മയറിന്റെ കൂറ്റനടികളാണ് രാജസ്ഥാനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ഹെറ്റ്മയർ 13 പന്തിൽ 27 റൺസ് നേടി പുറത്താകാതെ നിന്നു. അശ്വിൻ 5 പന്തിൽ ആറ് റൺസ് നേടി.

TAGS :

Next Story