ബെഞ്ചിലും ടീമിന് പുറത്തും തള്ളി നീക്കിയ യൗവനം; തോൽക്കാൻ മനസ്സില്ലാതെ അയാൾ യാത്ര തുടരുകയാണ്
ബെഞ്ചുകളിലും എടീമിലും സെലക്ഷന് പുറത്തുമായി യൗവനം തള്ളിനീക്കാനായിരുന്നു എന്നും അയാളുടെ വിധി. പക്ഷേ ഇഷ്ടം കൊണ്ട് മാത്രം മലയാളികൾ ഗാലറികളിൽ അയാൾക്കായിബാനറുയർത്തി. പോകുന്നിടത്തെല്ലാം ആർപ്പുവിളിച്ചു. സോഷ്യൽ മീഡിയപേജുകളിൽ അയാൾക്കായി വാദിച്ചു. സഞ്ജുവെന്ന ബാറ്ററുടെ പ്രതിഭ തിരിച്ചറിഞ്ഞമുൻ താരങ്ങളും അയാൾക്കായി ശബ്ദയുയർത്തി. പക്ഷേ ഇത് തെരുവുകളിലും അക്കാഡമികളിലുമായി ലക്ഷക്കണക്കിന് കുട്ടികൾ ബാറ്റുംപിടിച്ചിറങ്ങുന്ന ഈ രാജ്യത്തിന് സഞ്ജു അവരിൽ ഒരാൾ മാത്രമായിരുന്നു.

- Updated:
2025-09-27 11:36:32.0

എല്ലാവർക്കും അതൊരു സാധാരണ മത്സരമായിരുന്നു. ഫൈനലുറപ്പിച്ച ഇന്ത്യക്ക് വെറുമൊരു ട്രയൽ മാത്രം. തലയുയർത്തി നാട്ടിലേക്ക് മടങ്ങുക എന്നത് മാത്രമായിരുന്നു ലങ്കയുടെ മനസ്സിൽ. പക്ഷേ ഒരാൾക്ക് മാത്രം അതൊരു സാധാരണ മത്സരമായിരുന്നില്ല. മുകളിൽ തൂങ്ങുന്ന ഡെമോക്ലസിന്റെ വാളിനടിയിലൂടെയാണ് അയാൾ ക്രീസിലേക്ക് നടന്നത്. പേര് സഞ്ജു വിശ്വനാഥ് സാംസൺ.
ഡെമോക്ലസിന്റെ വാൾ എന്നത് വെറുമൊരു പ്രയോഗമല്ല. സഞ്ജുവിന്റെ തലക്ക് മുകളിൽ ഒരു വാൾ തൂങ്ങിനിൽക്കുന്നുണ്ട്. കിട്ടുന്ന അവസരങ്ങളിൽ പെർഫോം ചെയ്യുക അല്ലെങ്കിൽ പുറത്ത് പോകുക എന്നതാണ് ആ വാൾ. അങ്ങനൊരു വാൾ ടീമിലെ മറ്റൊരാളുടെ മുകളിലുമില്ല. ഗില്ലിനോ സൂര്യകുമാർ യാദവിനോ ഹാർദിക് പാണ്ഡ്യക്കോ ഒന്നും ഇത്തരമൊരു സ്ഥിതി വിശേഷമില്ല. ഈ വാൾ ബോധവൂർവ്വം തൂക്കിയതാണെന്ന അഭിപ്രായം എനിക്കില്ല. പക്ഷേ ശുഭ്മാൻ ഗില്ലിന്റെ ടീമിലേക്കുള്ള മടങ്ങിവരവും അതുണ്ടാക്കിയ ബാറ്റിങ് ഷഫ്ളിങ്ങുകളും സഞ്ജുവിനെ ബാധിച്ചിട്ടുണ്ട്. കിട്ടുന്ന അവസരങ്ങളിൽ തിളങ്ങിയില്ലെങ്കിൽ അധികപ്പറ്റെന്ന് അയാളെ വിളിക്കും. ടീമിന് പുറത്തേക്ക് പോകുകകയും ചെയ്യും. ഒരു പക്ഷേ ഇനിയൊരു മടങ്ങിവരവ് പോലും അത് അസാധ്യമാക്കിയേക്കാം.
ഈ ഞാണിൽ നിന്നുകൊണ്ടാണ് സഞ്ജു ലങ്കക്കെതിരെ ക്രീസിലേക്ക് നടന്നത്. പക്ഷേ പൊസിഷൻ പോലുമില്ലാത്തതിന്റെ സമ്മർദങ്ങളോ ബെഞ്ചിൽ അവസരം കാത്തിരുന്നതിന്റെ ഹാങ് ഓവറോ ആ മുഖത്ത് കണ്ടില്ല. സിംഗിളുകളിൽ തുടങ്ങിയ സഞ്ജുവിന്റെ മുന്നിലേക്ക് ലങ്കൻ നായകൻ ഒരാളെ ഇറക്കി. സഞ്ജുവിന്റെ അന്തകനെന്ന് വിളിപ്പേരുള്ള വനിന്ദു ഹസരങ്കയെ. ഈ ലങ്കൻ സ്പിന്നർക്ക് മുന്നിൽ സഞ്ജുവിന്റെ ട്രാക്ക് റെക്കോർഡും മികച്ചതല്ല. പക്ഷേ അയാൾ കണക്കുകൂട്ടലുകൾ തെറ്റിക്കുകയാണ്. ആദ്യപന്തിൽ തന്നെ ഹസരങ്കയെ ബൗണ്ടറി പറത്തി സഞ്ജു പ്രഖ്യാപിച്ചു, -‘താൻ ഇവിടെത്തന്നെയുണ്ടാകും’. പിന്നാലെ തീക്ഷണയെ കരുതലോടെ നേരിട്ട് അടുത്ത ഓവറിൽ ഹസരങ്കയെ വീണ്ടും ദുബൈ സ്റ്റേഡിയത്തിലേക്ക് ഊർത്തിയറങ്ങി. താൻ ഫുൾകോൺഫിഡൻസിലാണെന്ന് സഞ്ജു വിളിച്ചുപറഞ്ഞ നിമിഷം. അവസാന ഓവർ എറിയാനെത്തിയ ഹസരങ്കയെ സഞ്ജു ഒരിക്കൽ കൂടി സിക്സറിന് പറത്തി. ഹസരങ്കയെ കണ്ടാൽ മുട്ടുവിറക്കും എന്ന ചീത്തപ്പേര് കൂടിയാണ് ഇന്നലെ ദുബൈയിൽ മായ്ച്ചുകളഞ്ഞത്.
പിന്നാലെ ഷനകയുടെ ഓവറിലും കണ്ടു ഒരു ഒന്നൊന്നര സിക്സർ. എല്ലാ ഷോട്ടുകളിലും മികച്ച ടൈമിങ്ങും ഹാൻഡ് പവറും കാണാമായിരുന്നു. സഞ്ജു കൊടുങ്കാറ്റുപോലെ മാറുകയാണെന്ന് ഒരുവേള തോന്നിച്ച ശേഷം ഷനകയുടെ പന്തിൽ അസലങ്കക്ക് പിടികൊടുത്ത് മടങ്ങുന്നു. 23 പന്തിൽ നിന്നും സമ്പാദ്യം 39 റൺസ്. പിറന്നത് ഒരു ബൗണ്ടറിയും മൂന്ന് സിക്സറും. മിഡിൽ ഓവറുകളിൽ മാത്രം ബാറ്റുചെയ്ത ഒരാൾക്ക് 169 എന്ന സ്ട്രൈക്ക് റേറ്റ് ധാരാളും. വരും നാളുകളിൽ നീലക്കുപ്പായത്തിൽ അവകാശമുന്നയിക്കാൻ ഈ 39 റൺസ് അയാൾക്ക് നൽകുന്ന ബലം ചെറുതായിരിക്കില്ല. ഒരു പക്ഷേ അയാൾ മുമ്പ് നേടിയ മൂന്ന് സെഞ്ച്വറികളേക്കാൾ ബലം ഇതിനുണ്ടായിരിക്കാം.
ക്രിക്കറ്റിൽ ഒരു മത്സരത്തിൽ പെർഫോം ചെയ്യുക എന്നത് എത്ര മാത്രം പ്രയാസകരമാണോ അതിന്റെ എത്രയോ ഇരട്ടിയാണ് ഡൂ ഓർ ഡൈ സിറ്റുവഷേനിൽ പെർഫോം ചെയ്യുക എന്നത്. പോയ മത്സരത്തിൽ ഒന്നാമൻ മുതൽ എട്ടാമൻ വരെ ക്രീസിലേക്ക് പോയപ്പോൾ അയാൾ ഇരുന്നത് ബെഞ്ചിലായിരുന്നു. ഏറ്റവും അവസാനത്തെ ട്വന്റി 20 ടൂർണമെന്റിൽ ഓപ്പണറായി ഇറങ്ങിയിരുന്ന അതേ സഞ്ജു സാംസൺ. ബൗളിങ് ആൾറൗണ്ടർമാരടക്കമുള്ള എല്ലാവരും ക്രീസിലേക്ക് നടന്നിട്ടും അയാൾക്ക് മാത്രം വിളിയെത്തിയില്ല. ശുഭ്മാൻ ഗില്ലിന്റെ വരവിനായി ഇന്ത്യൻ ടീം പരവതാനി വിരിച്ചപ്പോൾ അതിൽ സഞ്ജുവിന് ഒലിച്ചുപോയത് അയാൾ പടുത്തുയർത്തിയ തന്റെ ഇരിപ്പിടം തന്നെയായിരുന്നു .ലൈനപ്പും പൊസിഷനുമെല്ലാം ടീമല്ലേ തീരുമാനിക്കേണ്ടത് എന്ന് തിരിച്ച് ചോദിച്ചാലും സഞ്ജു ഈ നേരിട്ടതിൽ അനീതിയുണ്ട്. ഓപ്പണിങ് സ്ളോട്ടിൽ സ്വയം തെളിയിച്ച സഞ്ജുവിനെ വൺഡൗണിലും അഞ്ചാം നമ്പറിലും കണ്ടു. പല മത്സരങ്ങളിലും കണ്ടതുമില്ല.
അനീതിയെന്ന വാക്ക് മലയാളികളുടെ സമൂഹമാധ്യമങ്ങളുടെ പേജുകളിലുയരുന്ന പ്രാദേശിക വികാരം മാത്രമാക്കി ഒതുക്കാനാകില്ല. അതുകൊണ്ടാണ് മത്സരശേഷം സഞ്ജയ് മഞ്ജരേക്കർക്ക് പോലും അത് ചോദിക്കേണ്ടി വന്നത്. മോഹൻലാലിനെ ഉദ്ധരിച്ച് താൻ നായകൻ മാത്രമല്ല, വില്ലനും ജോക്കറുമാനാകാനും തയ്യാറാണെന്ന ഒരു ക്ലാസിക് മറുപടിയും അയാളതിന് നൽകി.
സഞ്ജു സാംസണെന്ന താരത്തിന്റെ കരിയർ എന്നും ഇതുപോലെ അനിശ്ചിതത്വങ്ങളിലായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഏറ്റവും കടുത്ത കോമ്പറ്റീഷനുള്ള വിക്കറ്റ് കീപ്പർ ബാറ്റർ എന്ന പൊസിഷനിലേക്കാണ് അയാൾ തന്റെ കരിയറിൽ ഏറിയ പങ്കും മത്സരിച്ചത്. മഹേന്ദ്ര സിങ് ധോണിയെന്ന ഒരു ഇതിഹാസം വടവൃക്ഷമായി അവിടെയുണ്ടായിരുന്നു.അവസരം കാത്തിരുന്ന അനേകം പേർ പുറത്തും. അപൂർവമായി വീണുകിട്ടുന്ന അവസരങ്ങളിൽ തിളങ്ങാതായതോടെ അയാളെ ടീമിന് വേണ്ടതെയായി.
ഡൂ ഓർ ഡൈ സിറ്റുവേഷനിലല്ലാതെ അയാൾക്കെന്നെങ്കിലും നിങ്ങൾ അവസരം കൊടുത്തിരുന്നോ.. അയാളുടെ പ്രതിഭ പുറത്തെടുക്കാൻ ആവശ്യമായ സമയം നിങ്ങൾ നൽകിയിരുന്നോ...അയാളോട് മത്സരിച്ചിരുന്നവർക്ക് നൽകിയ അതേ അവസരങ്ങൾ അയാൾക്കും നിങ്ങൾ നൽകിയിരുന്നോ എന്ന ചോദ്യങ്ങൾ പലരും ഉയർത്തി. . പക്ഷേ ബെഞ്ചുകളിലും എടീമിലും സെലക്ഷന് പുറത്തുമായി യൗവനം തള്ളിനീക്കാനായിരുന്നു എന്നും അയാളുടെ വിധി. പക്ഷേ ഇഷ്ടം കൊണ്ട് മാത്രം മലയാളികൾ ഗാലറികളിൽ അയാൾക്കായി ബാനറുയർത്തി. പോകുന്നിടത്തെല്ലാം ആർപ്പുവിളിച്ചു. സോഷ്യൽ മീഡിയ പേജുകളിൽ അയാൾക്കായി വാദിച്ചു. സഞ്ജുവെന്ന ബാറ്ററുടെ പ്രതിഭ തിരിച്ചറിഞ്ഞ മുൻ താരങ്ങളും അയാൾക്കായി ശബ്ദയുയർത്തി. പക്ഷേ തെരുവുകളിലും അക്കാഡമികളിലുമായി ലക്ഷക്കണക്കിന് കുട്ടികൾ ബാറ്റുംപിടിച്ചിറങ്ങുന്ന ഈ രാജ്യത്തിന് സഞ്ജു അവരിൽ ഒരാൾ മാത്രമായിരുന്നു.
18ാം വയസ്സിൽ തന്നെ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് കടന്നുവന്ന കൗമാരക്കാരന് നേരത്തേ തുടങ്ങുന്ന അതിദീർഘമായ കരിയറിനുള്ള അവസരമുണ്ടായിരുന്നു. പക്ഷേ വിധി മറ്റൊന്നായിരുന്നു. ഒടുവിൽ 30ാം വയസ്സിൽ അയാളിലൊരു കോച്ചും ക്യാപ്റ്റനും പ്രതീക്ഷവെച്ചു. സെഞ്ച്വറികളും പടുകൂറ്റൻ സിക്സറുകളുമായി അയാളതിനെ നീതീകരിക്കുകയും ചെയ്തു. പക്ഷേ കാര്യങ്ങൾ വീണ്ടും മാറിയിരിക്കുന്നു. പോയ വർഷം ട്വന്റി 20യിൽ ഇന്ത്യയുടെ ടോപ് സ്കോററായിട്ടും ഒരു പൊസിഷൻ പോലുമില്ലാതെ അയാൾ യാത്ര തുടരുകയാണ്. തോൽക്കാൻ മനസ്സില്ലാതെ, ഇനിയെത്ര ദൂരം എന്നറിയാതെ....
Adjust Story Font
16
