Quantcast

അരങ്ങേറ്റത്തിൽ സെഞ്ച്വറി; കാൺപൂരിൽ അയ്യർ ഷോ

ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന 16-ാമത്തെ ഇന്ത്യൻ താരമാണ് ശ്രേയസ് അയ്യർ

MediaOne Logo

Web Desk

  • Updated:

    2021-11-26 07:33:13.0

Published:

26 Nov 2021 5:31 AM GMT

അരങ്ങേറ്റത്തിൽ സെഞ്ച്വറി; കാൺപൂരിൽ അയ്യർ ഷോ
X

കാൺപൂർ: ന്യൂസിലാൻഡിനെതിരെയുള്ള അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി ശ്രേയസ് അയ്യർ. അയ്യർ നേടിയ സെഞ്ച്വറി മികവിൽ ഇന്ത്യൻ സ്‌കോർ മുന്നൂറു കടന്നു. 171 പന്തിൽ നിന്ന് 13 ബൗണ്ടറികളുടെയും 2 സിക്‌സറിന്റെയും അകമ്പടിയോടെ 105 റൺസാണ് താരം സ്വന്തമാക്കിയത്. ടിം സൗത്തിയുടെ പന്തിൽ യങ് പിടിച്ചാണ് അയ്യർ പുറത്തായത്. അർധ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജയുടെ ഇന്നിങ്‌സും നിർണായകമായി.

നൂറ് ഓവർ പിന്നിടുമ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 314 റൺസാണ് ഇന്ത്യ നേടിയിട്ടുള്ളത്. അയ്യർക്കും ജഡേജയ്ക്കും പുറമേ, 52 റൺസ് നേടിയ ഓപണർ ശുഭ്മാൻ ഗില്ലിന്റെയും 35 റൺസ് നേടിയ ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെയും ഇന്നിങ്‌സുകൾ ഇന്ത്യൻ ബാറ്റിങ്ങിന് കരുത്തുപകർന്നു. ന്യൂസിലാൻഡിനായി ടിം സൗത്തി അഞ്ചും കെയ്ൽ ജാമിസൺ മൂന്നും വിക്കറ്റ് വീഴ്ത്തി.

അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന 16-ാമത്തെ ഇന്ത്യൻ താരമാണ് ശ്രേയസ് അയ്യർ. ആശുപത്രിയും വിശ്രമവുമായി ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം കളത്തിലിറങ്ങിയിരുന്നത്. മധ്യനിരയിൽ വിരാട് കോലിയുടെയും ഹനുമാൻ വിഹാരിയുടെയും അസാന്നിധ്യത്തിലാണ് അയ്യർക്ക് ടീമിൽ ഇടം ലഭിച്ചിരുന്നത്. ഒന്നാം ടെസ്റ്റിൽ നിന്ന് കോലി മാറി നിൽക്കാൻ തീരുമാനിച്ചതോടെ താരത്തിന് ഇടം ഉറപ്പാകുകയും ചെയ്തു.

ഇന്നലെ കളി നിർത്തുമ്പോൾ 136 പന്തിൽനിന്ന് 75 റൺസാണ് അയ്യർ നേടിയിരുന്നത്. 157 പന്തിൽനിന്ന് 12 ഫോറിന്റെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ ആയിരുന്നു അയ്യരുടെ ശതകം. പൃത്ഥ്വിഷാക്കും (2018) രോഹിത് ശർമ്മയ്ക്കും (2013) ശേഷം ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മുംബൈ താരം കൂടിയായി അയ്യർ.

1933ൽ ഇംഗ്ലണ്ടിനെതിരെ 118 റൺസ് നേടിയ ലാലാ അമർനാഥ് ആണ് പട്ടികയിൽ ഒന്നാമൻ. മൊഹാലിയിൽ ആസ്‌ട്രേലിയയ്‌ക്കെതിരെ 187 റൺസ് നേടിയ ശിഖർ ധവാന്റെ ഇന്നിങ്‌സാണ് ഇതിൽ ഏറ്റവും ഉയർന്നത്. തൊട്ടടുത്ത വർഷം ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയ രോഹിത് ഈഡൻ ഗാർഡനിൽ വെസ്റ്റ് ഇൻഡീസിനെതിരെ 177 റൺസാണ് നേടിയിരുന്നത്.

ഗുണ്ടപ്പ വിശ്വനാഥ്, മുഹമ്മദ് അസ്ഹറുദ്ദീൻ, അബ്ബാസ് അലി ബേഗ്, സുരീന്ദർ അമർനാഥ്, പ്രവീൺ ആംറെ, സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ്, സുരേഷ് റെയ്‌ന തുടങ്ങിയവരും അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടിയവരാണ്.

TAGS :

Next Story