Quantcast

ഡി കോക്ക്-ക്ലാസൻ വെടികെട്ടിൽ 149 റൺസിന് ബംഗ്ലാദേശിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്കാണ് കളിയിലെ താരം

MediaOne Logo

Web Desk

  • Published:

    24 Oct 2023 5:00 PM GMT

South Africa defeated Bangladesh by 149 runs
X

മുംബൈ: ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയവുമായി ദക്ഷിണാഫ്രിക്ക. 149 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശിന് 46.4 ഓവറിൽ 233 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സെഞ്ച്വറി നേടിയ മഹ്മൂദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. ബാക്കിയുളളവർക്കൊന്നും കാര്യമായി തിളങ്ങാനായില്ല. 140 പന്തിൽ 174 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്കാണ് കളിയിലെ താരം.

140 പന്തുകളിൽ നിന്ന് 15 ഫോറും ഏഴ് സിക്സറും അടങ്ങുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിങ്സ്. രണ്ടിന് 36 എന്ന തകർന്ന നിലയിൽ നിന്നാണ് നായകൻ എയ്ഡൻ മാർക്രമിനെ കൂട്ടുപിടിച്ച് ഡി കോക്കിന്റെ രക്ഷാപ്രവർത്തനം. മാർക്രം 60 റൺസ് നേടി. ടീം സ്‌കോർ 167ൽ നിൽക്കെയാണ് മാർക്രമിനെ പുറത്താക്കിയാണ് ബംഗ്ലാദേശ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെ എത്തിയ ഹെൻറിച്ച് ക്ലാസൻ വന്നപാടെ അടി തുടങ്ങി സ്‌കോറിങ്ങിന് വേഗത കൂട്ടി. 90 റൺസാണ് ക്ലാസൻ നേടിയത്. 49 പന്തുകളിൽ നിന്ന് എട്ട് സിക്സറും രണ്ട് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ക്ലാസന്റെ വെടിക്കെട്ട് ഇന്നിങ്സ്. അവസാന ഓവറിലെ രണ്ടാം പന്തിലായിരുന്നു ക്ലാസൻ വീണത്.

മില്ലറും മോശമാക്കിയില്ല. അവസാന ഓവറുകളിൽ ബംഗ്ലാദേശ് ബൗളർമാരെ മില്ലർ അടിച്ചിട്ടു. 15 പന്തിൽ നിന്ന് നാല് സിക്സറുകളും ഒരു ബൗണ്ടറിയും അടക്കം 34 റൺസാണ് മില്ലര് നേടിയത്. മാർക്കോ ജാൻസൺ ഒരു റൺസ് നേടി പുറത്താകാതെ നിന്നു. റീസ ഹെൻറിക്സ്(12) റസി വാൻ ദർ ഡസൻ(1) എന്നിവർ വേഗത്തിൽ മടങ്ങി.

ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് രണ്ട് വിക്കറ്റ് വീഴ്ത്തി. എല്ലാ ബംഗ്ലാദേശി ബൗളർമാരും കണക്കിന് തല്ല് വാങ്ങി. മുസ്തഫിസുർ റഹ്മാൻ, ഷൊരീഫുൽ ഇസ്ലാം എന്നിവർ ഒമ്പത് ഓവറിൽ 76 റൺസാണ് വിട്ടുകൊടുത്തത്.

TAGS :

Next Story