Quantcast

ആളില്ലാത്ത ക്രീസിലേക്ക് ഒരു ബോള്, പിന്നാലെ വിക്കറ്റും; കൗതുകത്തോടെ ക്രിക്കറ്റ് ലോകം

MediaOne Logo

Sports Desk

  • Updated:

    2026-11-25 17:34:29

Published:

25 Nov 2026 11:03 PM IST

ആളില്ലാത്ത ക്രീസിലേക്ക് ഒരു ബോള്, പിന്നാലെ വിക്കറ്റും; കൗതുകത്തോടെ ക്രിക്കറ്റ് ലോകം
X

വനിതാ ബിഗ് ബാഷ് ലീഗിൽ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് വിചിത്രമായൊരു പുറത്താകൽ. ബാറ്റർ ക്രീസിലെത്താൻ വൈകിയതോടെ ആളില്ലാത്ത സ്റ്റംപുകളിലേക്ക് പന്തെറിഞ്ഞ് വിക്കറ്റ് വീഴ്ത്തി ബ്രിസ്ബെയ്ൻ ഹീറ്റ് താരം സാറ ഗ്ലെൻ. മെൽബൺ റെനഗേഡ്സിന്റെ പുതിയ ബാറ്ററായ വെസ്റ്റ് ഇൻഡീസ് താരം ഡിയാൻഡ്ര ഡോട്ടിനാണ് ടൈം ഔട്ട് നിയമപ്രകാരം പുറത്തായത്. ജോർജിയ വെയർഹാമിന്റെ വിക്കറ്റ് വീണതിന് പിന്നാലെ ക്രീസിലെത്തിയ ഡോട്ടിൻ ഹെൽമറ്റ് ശരിയാക്കാനും ഗ്ലൗസ് ധരിക്കാനുമായി സമയം ചെലവഴിക്കുകയായിരുന്നു. ഇതിനിടെ അനുവദിച്ച സമയപരിധി അവസാനിച്ചതോടെ അമ്പയർമാർ താരത്തോട് സ്റ്റംപുകൾക്ക് മുന്നിൽനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടു.

2021ലെ വനിതാ ബിഗ് ബാഷ് സീസണിന് മുമ്പ് കളിയുടെ വേഗം വർധിപ്പിക്കുന്നതിനായി കൊണ്ടുവന്ന നിയമപ്രകാരം, ഒരു വിക്കറ്റ് വീണോ ബാറ്റർ വിരമിച്ചോ കഴിഞ്ഞാൽ അടുത്തതായി എത്തുന്ന ബാറ്റർ 75 സെക്കൻഡിനുള്ളിൽ പന്ത് നേരിടാൻ തയ്യാറാകണം. അല്ലെങ്കിൽ നോൺ സ്ട്രൈക്കർ അടുത്ത പന്ത് സ്വീകരിക്കാൻ തയ്യാറായിരിക്കണം. ഈ സമയപരിധി ഡോട്ടിൻ മറികടന്നതോടെയാണ് അമ്പയർമാർ സാറ ഗ്ലെന് ഫ്രീ ബോൾ അനുവദിച്ചത്. ആളില്ലാത്ത സ്റ്റംപുകളിലേക്ക് പന്തെറിഞ്ഞ ഗ്ലെൻ മിഡിൽ, ലെഗ് സ്റ്റംപുകൾ തെറിപ്പിച്ച് ഡോട്ടിനെ ഗോൾഡൻ ഡക്കിന് പുറത്താക്കി.

വിക്കറ്റ് ലഭിച്ചെങ്കിലും എങ്ങനെ ആഘോഷിക്കണമെന്നറിയാതെ ഒരു നിമിഷം ചിരിച്ചുനിന്ന ഗ്ലെൻ പിന്നീട് മുഖം കൈകൾകൊണ്ട് മറയ്ക്കുകയായിരുന്നു. പിന്നാലെ സഹതാരങ്ങൾ താരത്തെ വളഞ്ഞ് ആഘോഷത്തിൽ പങ്കുചേർന്നു. ഡോട്ടിന്റെ പുറത്താകലോടെ 97 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് വീണ റെനഗേഡ്സിന് 34 പന്തിൽ 41 റൺസ് കൂടി വേണമായിരുന്നു. എന്നാൽ അപ്രതീക്ഷിത തിരിച്ചടിയിലും തളരാതെ പൊരുതിയ റെനഗേഡ്സ് അവസാന പന്തിൽ ലക്ഷ്യമായ 138 റൺസ് മറികടന്നു. മൂന്ന് വിക്കറ്റിന്റെ വിജയമാണ് അവർ സ്വന്തമാക്കിയത്. വിചിത്രമായ പുറത്താകൽ മത്സരത്തിലെ ചർച്ചയായെങ്കിലും വിജയം റെനഗേഡ്സിനൊപ്പം നിന്നു.

TAGS :

Next Story