Quantcast

കളിപിടിച്ച കമ്മിൻസിന്റെ തീപ്പന്ത്; ഐപിഎല്ലിൽ പഞ്ചാബിനെ തോൽപ്പിച്ച എസ്ആർഎച്ച് പ്ലാൻ

പഞ്ചാബ് താരം ശശാങ്ക് സിങ് സീസണിൽ ഇതുവരെ ആറു ക്യാച്ചുകളാണ് വിട്ടുകളഞ്ഞത്

MediaOne Logo

Sports Desk

  • Published:

    7 May 2026 5:19 PM IST

Cummins fiery ball caught the eye; SRHs plan to beat Punjab in IPL
X

ഐപിഎൽ ലാസ്റ്റ് ലാപ്പിലേക്ക് നീങ്ങുമ്പോൾ നമ്മൾ മറ്റൊരു ട്വിസ്റ്റ് കാണുകയാണോ? എതിരാളികളില്ലാതെ ഇൻവിൻസിബിളായി കുതിച്ച പഞ്ചാബ് കിങ്‌സ് തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോറ്റിരിക്കുന്നു. എന്നാൽ തോറ്റു തുടങ്ങിയ സൺറൈസേഴ്‌സ് ഹൈദരബാദാകട്ടെ, പുതിയ സൂര്യോദം സൃഷ്ടിക്കുന്നു. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 264 റൺസിന്റെ ഭീമൻ ടോട്ടൽ പഞ്ചാബ് കിങ്‌സ് പൂ പറിക്കുന്ന ലാഘവത്തോടെ മറികടന്നിട്ട് അത്രകാലമായിട്ടില്ല. ഏതൊരു ക്രിക്കറ്റ് ആരാധകരും ഞെട്ടലോടെ വീക്ഷിച്ചൊരു മത്സരം. ഐപിഎല്ലിലെ തന്നെ റെക്കോർഡ് റൺ ചേസ്. അതൊരു ഒറ്റപ്പെട്ട പ്രകടനമായി മാത്രം കാണാനാവില്ല. 200 പ്ലസ് ടോട്ടൽ മറികടന്നവരിൽ മറ്റേതൊരു ടീമിനേക്കാളും ബഹുദൂരം മുന്നിലാണ് ശ്രേയസും സംഘവും. ചേസ് മാസ്റ്റർ തങ്ങളാണെന്ന് ഈ സീസണിൽ പോലും അവർ പലകുറി തെളിയിക്കുകയും ചെയ്തതാണ്. ഇന്നലെ ഹൈദരാബാദിനെതിരെ 236 റൺസ് തേടിയിറങ്ങുമ്പോഴും പഞ്ചാബിന് അത് എത്തിപ്പെടാവുന്ന ദൂരത്തായിരുന്നു. ഇതേ സീസണിൽ നേരത്തെ സ്വന്തം തട്ടകത്തിൽ ഇതേ ഓറഞ്ച് ആർമിക്കെതിരെ 219 പിന്തുടർന്ന് ജയിച്ചതും അവരുടെ ആത്മവിശ്വാസത്തിന് കാരണമായി. എന്നാൽ റിവഞ്ച് വീക്കിലേക്ക് വരുമ്പോൾ ഇരുടീമുകളേയും വ്യത്യ്സ്തമാക്കുന്ന ഒരാളുടെ സാന്നിധ്യമുണ്ടായിരുന്നു. ഇന്നലെ കളിയുടെ ഗതിമാറ്റിയ ഹൈദരാബാദ് നായകൻ... യെസ് പാറ്റ് കമ്മിൻസ്. ബൗളിങിലും ക്യാപ്റ്റൻസിയിലും അയാളുടെ ചാണക്യ തന്ത്രത്തിൽ നേടിയെടുത്ത മറ്റൊരു വിജയം


പ്രിയാൻഷ് ആര്യ-പ്രഭ്‌സിമ്രാൻ സിങ്. ഈ സീസണിലെ ഏറ്റവും പ്രഹരശേഷിയുള്ള ഓപ്പണിങ് ജോഡി. പഞ്ചാബിന് ചേസിങിലേക്കുള്ള വിജയപാതയൊരുക്കുന്നവരിൽ പ്രധാനികൾ. രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ ബാറ്റിങ് ട്രാക്കിൽ പവർപ്ലെ ഓവറുകളിൽ വലിയ സ്‌കോർ പടുത്തുയർത്തണം. പരിശീലകൻ റിക്കി പോണ്ടിങ് ഇരുവർക്കും നൽകിയ സന്ദേശം കൃത്യമായിരുന്നു. എന്നാൽ ബൗളിങ് എൻഡിലുള്ള പാറ്റ് കമ്മിൻസിനും പ്ലാനുകളുണ്ടായിരുന്നു. ആദ്യ നാല് പന്തുകളിൽ പഞ്ചാബ് നേടാനായത് നാല് റൺസ് മാത്രം. പ്രിയാൻഷ് ആര്യക്കെതിരെ അഞ്ചാം പന്തിൽ 147 കിലോ മീറ്റർ വേഗതയിലൊരു ബൗൺസർ. നോ റൺ. ഇതോടെ അവസാന പന്തിൽ പഞ്ചാബ് ഓപ്പണർ വലിയ ഷോട്ടിന് ശ്രമിക്കുമെന്ന് മനസിലാക്കിയ കമ്മിൻസ് ഫീൽഡിങിൽ ചില സുപ്രധാന നീക്കങ്ങൾക്ക് തയാറെടുത്തു. തേർഡ് മാനെ ഡീപ് സ്‌ക്വയർ ലെഗിലേക്ക് വിന്യസിച്ചു. ഫീൽഡ് മനസിലാക്കി എക്‌സിക്യൂട്ട് ചെയ്തത് കൃത്യമായൊരു സ്ലോ ബൗൺസർ. ആ കെണിയിൽ പ്രിയാൻഷ് ആര്യ വീണു. ഇഷാൻ മലിംഗയുടെ കൈകളിൽ പഞ്ചാബ് യുവതാരത്തിന്റെ പോരാട്ടം അവസാനിച്ചു. ക്യാപ്റ്റൻസ് കമ്മിൻസിലൂടെ എസ്ആർഎച്ചിന് ഡ്രീം സ്റ്റാർട്ട്



സ്‌പെഷ്യലിസ്റ്റ് പേസർമാരുണ്ടായിട്ടും രണ്ടാം ഓവർ എറിയാനായി കമ്മിൻസ് പന്തേൽപ്പിച്ചത് നിതീഷ് കുമാർ റെഡ്ഡിയെ. ആദ്യ പന്തിൽ തന്നെ വലിയ ഷോട്ടിന് ശ്രമിച്ച പ്രഭ്‌സിമ്രാന് പക്ഷേ തെറ്റി. നേരെ കമ്മിൻസിന്റെ കൈകളിൽ. ബാക് ടു ബാക് വിക്കറ്റുകൾ. ഇഷാൻ മലിംഗയുടെ ഓവറിൽ ശ്രേയസ് അയ്യർകൂടി മടങ്ങിയതോടെ പഞ്ചാബ് വലിയ തിരിച്ചടിയിലേക്ക്. മികച്ച ബാറ്റിങ് ട്രാക്കിയിട്ടും കൃത്യമായ ബൗളിങ് ചേഞ്ചുകളുമായി കളംപിടിക്കുന്ന ഹൈദരാബാദിനെയാണ് ഇന്നലെ കണ്ടത്. എന്നാൽ കൂപ്പർ കൊണോലിയും മാർക്കസ് സ്റ്റോയിനിസും ചേർന്ന് മിഷൻ തുടങ്ങി. ഒടുവിൽ പവർപ്ലെക്ക് ശേഷമുള്ള ആദ്യ ഓവറിൽ സ്പിന്നർ ശിവാങ് കുമാർ സ്റ്റോയിനിസിനേയും മടക്കി. മധ്യഓവറുകളിൽ കൊണോലി-സൂര്യാൻഷ് ൃസഖ്യം പതിയെ പഞ്ചാബിനെ കളിയിലേക്ക് മടക്കികൊണ്ടുവരാൻ ശ്രമിച്ചു. സ്പിൻ ബൗളർമാരെ ടാർഗെറ്റ് ചെയ്യാനായിരുന്നു പഞ്ചാബ് ബാറ്റർമാരുടെ തീരുമാനം. ഹർഷ് ദുബെ എറിഞ്ഞ 10ാം ഓവറിൽ 17 റൺസ്. ശിവാങിന്റെ ഓവറിൽ 18 റൺസ്. റിക്വയേർഡ് റൺറേറ്റ് 14ൽ. കളി എങ്ങോട്ട് വേണമെങ്കിലും തിരിയാവുന്ന സാഹചര്യം. പക്ഷേ കമ്മിൻസ് വീണ്ടും ബൗളിങ് ദൗത്യമേറ്റെടുത്തു. മറ്റൊരു സ്ലോ ബൗൺസർ. ഇത്തവണ വീണത് മികച്ച ഫോമിൽ ബാറ്റുചെയ്തിരുന്നു ഷെഡ്‌ജെ. കളിയിൽ സൺറൈസേഴ്‌സിന്റെ നിർണായക ബ്രേക്ക് ത്രൂ... പിന്നീടൊരു തിരിച്ചുവരവിന് പഞ്ചാബിന് അവസരമുണ്ടായിരുന്നില്ല.



ക്യാച്ചസ് വിൻ മാച്ചസ്. കഴിഞ്ഞ മത്സരത്തിൽ നഷ്ടപ്പെടുത്തിയ ക്യാച്ചുകളെയോർത്ത് പഞ്ചാബ് താരങ്ങൾ ഇപ്പോൾ പരിതപിക്കുന്നുണ്ടാകും. മൂന്ന് ക്യാച്ചുകളും ഒരു സ്റ്റമ്പിങുമാണ് ഇന്നലെ പഞ്ചാബ് താരങ്ങൾ നഷ്ടപ്പെടുത്തിയത്. ലൈഫ് മുതലെടത്ത് ഹെന്റിച് ക്ലാസനും ഇഷാൻ കിഷനും തകർത്തടിച്ചതോടെയാണ് ടീം ടോട്ടൽ 235ലെത്തിക്കാൻ എസ്ആർഎച്ചിനായി. ക്യാച്ചെടുത്തിരുന്നെങ്കിൽ ഒരുപക്ഷെ, 200ൽ ഒതുങ്ങാനുള്ള സാധ്യതയാണുണ്ടായിരുന്നത്. മത്സരശേഷം നടത്തിയ പ്രതികരണത്തിൽ തോൽവിയുടെ പ്രധാന കാരണമായി ശ്രേയസ് ചൂണ്ടിക്കാട്ടിയതും ഫീൽഡ് മിസ്റ്റേക്കുകൾ തന്നെയായിരുന്നു. പഞ്ചാബ് നിരയിൽ ക്യാച്ചിൽ ഏറ്റവും മോശം റെക്കോർഡുള്ള താരം ശശങ്ക് സിങാണ്. ഇന്നലെ ഡ്രോപ്പ് ചെയ്തത് ഉൾപ്പെടെ ഇതുവരെ ആറു ക്യാച്ചുകളാണ് താരം വിട്ടുകളഞ്ഞത്. ഇത് പിന്നീട് മറ്റു താരങ്ങളിലേക്കും പടരുന്നതാണ് കണ്ടത്. സീസൺ തുടക്കത്തിലുണ്ടായിരുന്ന മൊമെന്റം പഞ്ചാബിന് നഷ്ടമായതിന് പിന്നിലും ഫീൽഡിങിലെ പ്രശ്‌നങ്ങളായിരുന്നു. ഒരുവേള ഫൈറ്റിങ് സ്പിരിറ്റിലായിരുന്ന സംഘം മൈതാനത്ത് പരാജിതരുടെ ശരീരഭാഷയിലേക്ക് മാറുന്ന സാഹചര്യം


രാജസ്ഥാൻ.. ഗുജറാത്ത്... ഇപ്പോഴിതാ സൺറൈസേഴ്‌സിനോടും തോൽവി. ഒരുവേള അൺബീറ്റാണായി പോയിരുന്ന പഞ്ചാബിന് നേരിടേണ്ടി വന്നത് തുടർച്ചയായ മൂന്ന് തോൽവികൾ. ബൗളിങിലും ബാറ്റിങിലും പ്രശ്‌നങ്ങൾ ഉരുണ്ട കൂടിയിരിക്കുന്നു. മധ്യനിരയിൽ ശ്രേയസ് കളിച്ചില്ലെങ്കിൽ ടീം തോൽക്കുമെന്ന സ്ഥിതി. അർഷ്ദീപ് സിങും പലപ്പോഴും നിറംമങ്ങുന്ന സാഹചര്യം. പ്രതികൂല ഘട്ടത്തിലും ടോപ് ഓർഡറിൽ കൂപ്പർ കൊണോലിയുടെ ഫോം പഞ്ചാബിന് പ്രതീക്ഷ നൽകുന്നതാണ്. പ്രശ്‌നങ്ങൾ പരിഹരിച്ച് ഡൽഹിക്കെതിരായ അടുത്ത മത്സരത്തിൽ പഞ്ചാബ് സ്‌ട്രോങ് കംബാകാണ് ആരാധകരും പ്രതീക്ഷിക്കുന്നത്

ട്രാവിസ് ഹെഡ്-അഭിഷേക് ശർമ അഥവാ ട്രവിഷേക് സഖ്യം കരുത്താർജ്ജിച്ചത് ഹൈദരാബാദിന് വലിയ കോൺഫിഡൻസാണ് നൽകിയത്.2024ലെ ചില മിന്നലാട്ടങ്ങൾ ഇരുവരും ഇതിനകം പുറത്തെടുത്തു കഴിഞ്ഞു. ഇതിന് പുറമെ ക്ലാസന്റെയും കിഷന്റേയും ഫോമും വലിയ ടോട്ടൽ പടുത്തുയർത്താൻ ടീമിനെ നയിക്കുന്നു. കഴിഞ്ഞ സീസണിൽ നിന്ന് വ്യത്യാസ്തമായി നിതീഷ് കുമാർ റെഡ്ഡി ബൗളിങിലും ബാറ്റിങിലും ഒരുപോലെ കോൺഡ്രിബ്യൂട്ട് ചെയ്യുന്നത് ടീം ബാലൻസിങ് നിലനിർത്തുന്നതിനും സഹായകരമാകുന്നു. പാറ്റ് കമ്മിൻസിന്റെ വരവോടെ ബൗളിങും സ്‌ട്രോങ്. കമ്മിൻസിനൊപ്പം ശ്രീലങ്കൻ പേസർ ഇഷാൻ മലിംഗ കൂടി ചേരുന്നതോടെ ഏതുപിച്ചിലും അത്ഭുതം തീർക്കാൻ ഹൈദരാബാദിനാകുമെന്ന് ഹൈദരാബാദ് തെളിയിക്കുന്നു

ഐപിഎൽ അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ വിജയസമവാക്യങ്ങൾ മാറിമറിയുന്നതാണ് കാണുന്നത്. പഞ്ചാബിനെ വീഴ്ത്തിയതോടെ പോയന്റ് ടേബിളിൽ ഹൈദരാബാദ് ഒന്നാംസ്ഥാനത്തേക്ക് മുന്നേറി കഴിഞ്ഞു. ഇനിയുള്ള ഓരോ മത്സരവും സ്ഥാനചലനങ്ങൾക്കും പുതിയ മാറ്റങ്ങൾക്കും കാരണമാകുമെന്ന കാര്യം തീർച്ചയാണ്. ടോപ് രണ്ടിലേക്കിനി കനത്ത പോരാട്ടം തന്നെ നടക്കും ഉറപ്പ്.

TAGS :

Next Story