Quantcast

രണ്ട് ലോകകപ്പ്, ഒരേ എതിരാളി, നിറം പറത്തി ധോണിയും യുവിയും; ഹോളിയും ഇന്ത്യൻ ടീമും

ഒന്നിൽ യുവരാജ് സിങ് തിളങ്ങിയപ്പോൾ മറ്റൊന്നിൽ വിജയത്തിന്റെ നിറങ്ങൾ പറത്തിയത് ധോണിയും

MediaOne Logo

Web Desk

  • Updated:

    2023-03-08 14:36:52.0

Published:

8 March 2023 2:31 PM GMT

dhoni, yuvaraj, cricket
X

യുവരാജ്, ധോണി

ഹോളിയുടെ അടുത്ത ദിവസം ആസ്‌ത്രേലിയക്കെതിരെ ഇന്ത്യ നാലാം ടെസ്റ്റിന് ഇറങ്ങുമ്പോൾ കൗതുകകരമായ ഒരു കാര്യമുണ്ട് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ. രണ്ട് ഹോളി ദിനങ്ങളിൽ ടീം ഇന്ത്യ കളിച്ച മത്സരങ്ങളും അതിലെ മിന്നും വിജയവുമാണത്. 2011ലും 2015ലുമായിരുന്നു മത്സരങ്ങൾ. ഒന്നിൽ യുവരാജ് സിങ് തിളങ്ങിയപ്പോൾ മറ്റൊന്നിൽ വിജയത്തിന്റെ നിറങ്ങൾ പറത്തിയത് ധോണിയും.

ഹോളി ദിനത്തിൽ നടന്ന രണ്ട് ലോകകപ്പ് മത്സരങ്ങളിലാണ് നീലക്കുപ്പായക്കാർ വിജയരഥത്തിലേറിയത്. രണ്ട് തവണയും ടീം ഇന്ത്യ തോൽപ്പിച്ചത് വെസ്റ്റ് ഇൻഡീസീനെയായിരുന്നു എന്നതാണ് മറ്റൊരു കൗതുകം. 2011 ലെ ലോകകപ്പ് ടൂർണമെന്റിലെ 42-ാം മത്സരമായിരുന്നു ഹോളി ദിനത്തിൽ നടന്നത്. ചെന്നൈയിലെ ചിദംബരം സ്‌റ്റേഡിയത്തിലായിരുന്നു ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 268 റൺസ് നേടി. കളിയിൽ ബാറ്റ് കൊണ്ട് ഹോളിതീർത്തത് യുവരാജ് സിങ്. 113 റൺസാണ് യുവി അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിനിറങ്ങിയ വിൻഡീസ് 188 റൺസിൽ ഒതുങ്ങി. മൂന്ന് വിക്കറ്റെടുത്ത് സഹീർ ഖാൻ ബൗളിങ്ങിൽ തിളങ്ങി.

അടുത്ത ഹോളിദിന മത്സരം 2015 ലോകകപ്പിൽ. ടൂർണമെന്റിലെ 28-ാം മത്സരം. പെർത്തിൽ ടോസ് നേടിയ വിൻഡീസ് നേടിയത് 182 റൺസ് മാത്രം. മൂന്ന് വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷെമി വിൻഡീസ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചു. എന്നാൽ അനായാസം ജയിക്കാമെന്ന് കരുതിയ ഇന്ത്യക്ക് പിഴച്ചു. തുടരെ തുടരെ വിക്കറ്റുകൾ പൊഴിഞ്ഞു. ആറ് പേർ തുടക്കത്തിൽ തന്നെ കൂടാരം കയറി. എന്നാൽ ധോണി രക്ഷകനായി 45 റൺസെടുത്ത് ക്യാപ്റ്റൻ ഇന്ത്യക്ക് വിജയത്തിന്റെ ഹോളി സമ്മാനിച്ചു. 16 റൺസെടുത്ത അശ്വിനും പുറത്താകാതെ നിന്നു.

അതേസമയം, ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ അവസാന ടെസ്റ്റിന് ഒരുങ്ങി ടീം ഇന്ത്യ. കഴിഞ്ഞ കളിയിലുണ്ടായ പരാജയത്തിന് മറുപടി നൽകാനുള്ള ഒരുക്കത്തിലാണ് ടീം. ബാറ്റിങ് മെച്ചപ്പെടുത്താനുള്ള നീക്കങ്ങൾ ടീം നടത്തിയേക്കും. ആദ്യ മൂന്ന് ടെസ്റ്റുകളിലും വിക്കറ്റ് കീപ്പറായിരുന്ന കെഎസ് ഭരതിന് പകരം ഇഷാൻ കിഷൻ ടീമിലെത്തിയേക്കും. ആദ്യ മൂന്ന് കളികളിലും ഭരത് നിരാശപ്പെടുത്തിയിരുന്നു. അഞ്ച് ഇന്നിങ്‌സുകളിലായി ആകെ 57 റൺസാണ് താരം നേടിയത്. ഋഷഭ് പന്തിന്റെ പകരക്കാരനായാണ് ഭരത് ടീമിലെത്തിയത്.

അഹമ്മദാബാദിൽ ജയത്തിൽ കുറഞ്ഞൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. മറിച്ചായാൽ ശ്രീലങ്ക - ന്യൂസീലൻഡ് ടെസ്റ്റ് പരമ്പരയുടെ ഫലത്തിനായി കാത്തിരിക്കണം. എന്നാൽ ഒമ്പത് വിക്കറ്റ് ജയത്തോടെ ഓസീസ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടിയിരുന്നു. അതേസമയം, അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യ തോൽക്കുകയും ന്യൂസീലൻഡിനെതിരായ പരമ്പര ലങ്ക തൂത്തുവാരുകയും ചെയ്താൽ ഓസീസിനൊപ്പം ശ്രീലങ്ക ഫൈനലിന് യോഗ്യത നേടും.

TAGS :

Next Story