Quantcast

പാക് ആക്രമണത്തില്‍ മൂന്ന് അഫ്ഗാൻ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു ​

ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറുന്നതായി അഫ്ഗാൻ

MediaOne Logo

Sports Desk

  • Published:

    18 Oct 2025 10:44 AM IST

പാക് ആക്രമണത്തില്‍ മൂന്ന് അഫ്ഗാൻ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു ​
X

കാബൂള്‍: അഫ്ഗാന്‍ പ്രവിശ്യയില്‍ നടത്തിയ പാകിസ്താന്‍ ആക്രമണത്തില്‍ മൂന്ന് ആഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പട്ടു. കബീര്‍, സിബ്ഗത്തുള്ള, ഹരൂണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് അടുത്ത മാസം പാകിസ്താനും ശ്രീലങ്കയുമായി കളിക്കാനിരുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്‍മാറിയതായി അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു.

ഒരു സൗഹൃദ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി കിഴക്ക് പാക്ടിക പ്രവിശ്യയിലെ ഉര്‍ഗുനില്‍ നിന്ന് ഷരാനയിലേക്ക് സഞ്ചരിക്കവേയാണ് താരങ്ങള്‍ കൊല്ലപ്പെട്ടത്. ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം അഞ്ചു പേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായാണ് പാകിസ്താനുമായുള്ള ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്‍മാറുന്നതെന്നാണ് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിശദീകരണം.പാക് നടപടിയെ അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഭീരുത്വം എന്നാണ് വിശേഷിപ്പിച്ചത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ബോര്‍ഡ് അനുശോചനം അറിയിച്ചു.

അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ സംഭവത്തെ അപലപിച്ചും കൊല്ലപ്പെട്ട ക്രിക്കറ്റ് താരങ്ങളുടെ കുടുംബത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സാമൂഹ്യമാധ്യമങ്ങളില്‍ രംഗ?ത്തെത്തി. ''അടുത്തിടെ അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഞാന്‍ വളരെയധികം ദുഃഖിതനാണ്. ലോക വേദിയില്‍ തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ യുവ ക്രിക്കറ്റ് താരങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ ജീവനാണ് ദുരന്തം അപഹരിച്ചത്'' -അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ എക്സില്‍ കുറിച്ചു.

''നിരപരാധികളായ സാധാരണക്കാരെയും നമ്മുടെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാരെയും കൂട്ടക്കൊല ചെയ്തത് ഹീനവും പൊറുക്കാനാവാത്തതുമായ കുറ്റകൃത്യമാണ്.''- മറ്റൊരു താരമായ ഫസല്‍ഹഖ് ഫാറൂഖി സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.

TAGS :

Next Story