“വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ട്” കളിയവസാനിപ്പിച്ച് ഉസ്മാൻ ഖ്വാജ

സിഡ്‌നി: ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഉസ്മാൻ ഖ്വാജ കളിമതിയാക്കുന്നു. ആഷസിലെ അവസാന മത്സരത്തിനൊടുവിലാണ് താരം അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചത്. 39 വയസുള്ള വെറ്ററൻ ബാറ്റർ നീണ്ട 15 വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിനാണ് വിരാമമിടുന്നത്. അഞ്ചാം ടെസ്റ്റിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിലാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ആസ്ട്രേലിയൻ ക്രിക്കറ്റിനോട് നന്ദി പറയുന്നതോടൊപ്പം കരിയറിലുടനീളം തനിക്ക് നേരിടേണ്ടി വന്ന വംശീയാധിക്ഷേപത്തെ ഒന്നടങ്കം ചോദ്യം ചെയ്തുകൊണ്ടാണ് ഖ്വാജ തന്റെ വിരമിക്കൽ പ്രസംഗം നടത്തിയത്.
'സംതൃപ്തിയാണ് ആദ്യത്തെ വികാരം, ആസ്‌ട്രേലിയക്ക് വേണ്ടി ഇത്രയധികം മത്സരങ്ങൾ കളിക്കാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. നിരവധി പേർക്ക് പ്രചോദനം നൽകാൻ എനിക്ക് കഴിഞ്ഞുവെന്ന് ഞാൻ വിശ്വസിക്കുന്നു' ഉസ്മാൻ ഖ്വാജ പറഞ്ഞു.
ആസ്ട്രേലിയക്കായി 87 ടെസ്റ്റുകളിൽ ബാറ്റേന്തിയ താരം 16 സെഞ്ച്വറികളടക്കം 6206 റൺസാണ് ഖ്വാജ നേടിയിട്ടുള്ളത്. 2011 ൽ സിഡ്‌നിയിൽ തുടങ്ങിയ തന്റെ ക്രിക്കറ്റ് കരിയറിന് സിഡ്‌നിയിൽ തന്നെ അവസാനിപ്പിക്കാനാണ് ഖ്വാജ തീരുമാനിച്ചിരിക്കുന്നത്.
തന്റെ 15 വർഷം നീണ്ടു നിന്ന അന്താരാഷ്ട്ര കരിയറിനിടയിൽ തനിക്ക് നേരിടേണ്ടി വന്ന വംശീയാധിക്ഷേപങ്ങൾക്കെതിരെയും ഖ്വാജ സംസാരിച്ചു. 'ഞാനൊരു പാകിസ്ഥാനി മുസൽമാനാണ്, നിനക്കൊരിക്കലും ക്രിക്കറ്റ് കളിക്കാനാകില്ലയെന്നു പലരും പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഞാൻ ഇവിടെയെത്തിയില്ലേ, അതുപോലെ നിങ്ങൾക്കുമാകും എന്ന് ഖ്വാജ തന്റെ പ്രസംഗത്തിൽ പറഞ്ഞു. 'ആസ്ട്രേലിയൻ ക്രിക്കറ്റ് നമ്മുടെയെല്ലാം അഭിമാനമാണ് പക്ഷെ എന്നെ വ്യത്യസ്തനായിട്ടാണ് പലരും കണ്ടിട്ടുള്ളത്. ഒരു മത്സരത്തിൽ കളിക്കാതിരുന്നാൽ എനിക്ക് നേരെ വിമർശനങ്ങൾ ഉയരും അതേസമയം എന്റെ കൂടെയുള്ളവർ കളിക്കാതിരുന്നാൽ അവർക്ക് നേരെ ചോദ്യങ്ങളില്ല' എന്നും ഖ്വാജ കൂട്ടിച്ചേർത്തു.
“ആളുകൾ ചിന്തിക്കുണ്ടാകയും 'ഉസി' വീണ്ടുമിതാ വംശീയാധിക്ഷേപത്തെ കുറിച്ച് സംസാരിക്കുന്നു എന്നെല്ലാം. പക്ഷെ അടുത്ത ഉസ്മാൻ ഖ്വാജയുടെ യാത്ര ഇതിലും വ്യത്യസ്തമാകണം എന്നതാണ് എന്റെ ഉദ്ദേശം” ഖ്വാജ കൂട്ടി ചേർത്തു. ആഷസ് പരമ്പര പോക്കറ്റിലാക്കിയ ആസ്‌ട്രേലിയ നിലവിൽ 3-1ന് സീരീസ് ലീഡ് ചെയ്യുന്നു. കഴിഞ്ഞ മത്സരത്തിൽ മെൽബണിൽ ദാരുണമായ തോൽവിയാണു ആസ്‌ട്രേലിയ സ്വന്തം കാണികൾക്ക് മുന്നിൽ ഏറ്റുവാങ്ങിയത്. ജനുവരി നാല് മുതലാണ് പരമ്പരയിലെ അഞ്ചാമത്തെ മത്സരം ആരംഭിക്കുക.
Adjust Story Font
16

